മസിനഗുഡിവഴി വീണ്ടും വിനോദസഞ്ചാര വാഹന നിരോധനം
text_fieldsഗൂഡല്ലൂർ: മുതുമല കടുവ സംരക്ഷണ കേന്ദ്രം തെപ്പക്കാട് മുതൽ മസിനഗുഡി, കല്ലട്ടി വഴി ഊട്ടിയിലേക്കുള്ള റോഡിൽ വീണ്ടും ഇതരസംസ്ഥാന, ഇതര ജില്ല വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. തെപ്പക്കാട് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസും വനവകുപ്പും വാഹനങ്ങൾ ഗൂഡല്ലൂർ വഴി തിരിച്ചുവിടുകയാണ്. പ്രാദേശിക വാഹനങ്ങൾക്ക് തടസ്സമില്ലാതെ പോകാൻ അനുമതിയുണ്ട്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞമാസവും ഈറോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതിനെതിരെ മസിനഗുഡി മക്കൾ വാഴ് വുരിമൈ ഇയക്കത്തിന്റെ നേതൃത്വത്തിൽ വ്യാപാരികൾ, ടൂറിസ്റ്റ് വാഹന ഡ്രൈവർമാർ, ഗൈഡുകൾ, ഹോട്ടൽ ജീവനക്കാർ എന്നിവർ സമരം നടത്തിയിരുന്നു.
തുടർന്നുള്ള ചർച്ചയിൽ താൽക്കാലികമായി വിനോദസഞ്ചാര വാഹനങ്ങൾക്ക് അനുമതി നൽകി. ഈ റോഡ് വഴി വിനോദസഞ്ചാര വാഹനങ്ങൾക്ക് അനുമതി നൽകണമെന്നും പ്രദേശവാസികളുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 22ന് ഹർത്താൽ നടത്താൻ തീരുമാനിച്ചിരുന്നു. തുടർന്ന് 20ന് റവന്യൂ, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സമര സമിതിയുമായി ചർച്ച നടത്തി. ചർച്ചയിൽ മസിനഗുഡി വഴിയുള്ള ടൂറിസ്റ്റ് വാഹന നിരോധനം നീക്കണമെന്നും ഇക്കോ ടൂറിസം പദ്ധതി വീണ്ടും നടപ്പാക്കണമെന്നും ആവശ്യമുയർന്നു. ജൂലൈ 31ന് കേസ് കോടതിയിൽ വരാനിരിക്കുന്നതിനാൽ പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ജില്ല ഭരണകൂടം ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം താൽക്കാലികമായി പിൻവലിച്ചത്.
എന്നാൽ, ഇപ്പോൾ വീണ്ടും വിനോദസഞ്ചാര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധമുയർന്നു. തിങ്കളാഴ്ച മസിനഗുഡി മക്കൾ വാഴ് വുരിമൈ ഇയക്കത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഉപജീവനമാർഗം തകർന്നതിനാൽ വീണ്ടും സംയുക്ത സമരം നടത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. ഗൂഡല്ലൂർ ഡി.എസ്.പി ഗോപാലകൃഷ്ണനുമായി വിഷയം സംസാരിച്ചു. പ്രദേശവാസികളുടെ ഉപജീവനത്തിന് ടൂറിസ്റ്റുകളുടെ വരവ് അത്യാവശ്യമായതിനാൽ സമാധാനപരമായ പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ജൂലൈ 31ന് കോടതി ഉത്തരവ് വരുന്നതുവരെ കാത്തിരിക്കാനും ഉത്തരവ് പ്രതികൂലമാണെങ്കിൽ സമരം ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

