മസിനഗുഡി-കല്ലട്ടി റൂട്ടിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് വീണ്ടും അനുമതി
text_fieldsഊട്ടി: മസിനഗുഡി-കല്ലട്ടി റൂട്ടിൽ വീണ്ടും ടൂറിസ്റ്റ് വാഹനങ്ങൾക്ക് അനുമതി നൽകിയതിൽ ജനം ആഹ്ലാദത്തിൽ. നടപടിയെ മസിനഗുഡി ഭാഗത്തെ വ്യാപാരികളും സഞ്ചാര മേഖലയിലെ തൊഴിലാളികളും പൊതുജനങ്ങളും സ്വാഗതം ചെയ്തു. കേരള, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് നീലഗിരിയിലേക്ക് വരുന്ന സഞ്ചാരികൾ ഗൂഡല്ലൂർ വഴി മുതുമല-മസിനഗുഡി വഴി വന്ന് മസിനഗുഡി-കല്ലട്ടി മലമ്പാത വഴി ഊട്ടിയിലേക്ക് പോകുകയാണ് പതിവ്.
മസിനഗുഡിയിൽനിന്ന് ഊട്ടിയിലേക്ക് വേഗത്തിൽ എത്താനുള്ള പ്രധാന വഴിയും ഈ പാതയാണ്. അതേസമയം, ഊട്ടിയിൽനിന്ന് തിരികെ പോകുന്ന സഞ്ചാര വാഹനങ്ങൾക്ക് സുരക്ഷ കാരണങ്ങളാൽ ഗൂഡല്ലൂർ വഴി പോകാനേ അനുമതിയുള്ളൂ. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മസിനഗുഡി-കല്ലട്ടി റോഡ് വഴി സഞ്ചാര വാഹനങ്ങൾ ഊട്ടിയിലേക്ക് പോകുന്നതിന് കഴിഞ്ഞ ഏപ്രിൽ 28 മുതലാണ് ജില്ല ഭരണകൂടം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഇത് തങ്ങളുടെ വ്യാപാരത്തെയും ജീവിതത്തെയും ബാധിച്ചതായും മസിനഗുഡി ഭാഗത്തെ വ്യാപാരികളും പൊതുജനങ്ങളും അറിയിച്ചു.
അതിനാൽ മസിനഗുഡി-കല്ലട്ടി റോഡ് വഴി ടൂറിസ്റ്റ് വാഹനങ്ങൾക്ക് വീണ്ടും അനുമതി നൽകണമെന്ന് അവർ തുടർച്ചയായി ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇതേത്തുടർന്ന് ജൂൺ 20 മുതൽ മസിനഗുഡി-കല്ലട്ടി റോഡ് വഴി ഊട്ടിയിലേക്ക് സഞ്ചാര വാഹനങ്ങൾക്ക് വീണ്ടും അനുമതി നൽകിയിരുന്നു. എന്നാൽ, 28 മുതൽ വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഇതിനിടെ, കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും അനുമതി നൽകിയത്. മസിനഗുഡി സഞ്ചാര മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, കടകൾ, ജീപ്പ് സഫാരി തുടങ്ങിയവ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ ജീവിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

