ഇവിടെ ടൂറിസ സാധ്യതകളേറെ; വേണം ഇടപെടലുകൾ
text_fieldsകേളകം: മഞ്ഞണിഞ്ഞ മാമലകളും പുഴകളും വെള്ളച്ചാട്ടങ്ങളും വനമേഖലകളും തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി മലയോര മേഖലയിൽ വിനോദസഞ്ചാര വികസനത്തിന് അനന്തസാധ്യതകളുണ്ടെങ്കിലും വേണ്ട ഇടപെടലുകളില്ല. കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക, കേളകം പഞ്ചായത്തിലെ പാലുകാച്ചിമല, കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, ചീങ്കണ്ണിപ്പുഴ ജലാശയം, ആറളം വന്യജീവിസങ്കേതം എന്നിവയെ കോർത്തിണക്കി സമഗ്ര ടൂറിസം സർക്യൂട്ട് ഒരുക്കാനാകും.
വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഏലപ്പീടിക തലശ്ശേരി-ബാവലി അന്തർസംസ്ഥാന പാതയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരം മീറ്റർ ഉയരത്തിലുള്ള പ്രദേശത്ത് മലകളും അരുവികളും സമൃദ്ധമായ പക്ഷി-മൃഗ സമ്പത്തുമുണ്ട്. ഇവിടെനിന്ന് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളും അറബിക്കടലും ദൂരക്കാഴ്ചയായി കാണാം. വയനാട് ചുരത്തിന്റെ അടിവാരത്തുള്ള വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. തമ്പുരാൻ മല, വെള്ളൂന്നിമല, ഏലപ്പീടികമല എന്നീ മലനിരകൾ സംഗമിക്കുന്ന പ്രദേശത്ത് വാച്ച് ടവർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഏലപ്പീടികയെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാകും.
ആറളം ശലഭ സങ്കേതത്തിലെ വെള്ളച്ചാട്ടം
പാറകളിൽ തല്ലിച്ചിതറിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയും മലമുകളിൽനിന്ന് ആർത്തലച്ചുവീഴുന്ന രാമച്ചി (ചാവച്ചി), മീൻമുട്ടി വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച വനഗാംഭീര്യവും ആറളം വന്യജീവി സങ്കേതത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. അപൂർവ സസ്യ-ജീവി വർഗങ്ങളാൽ സമ്പന്നമായ ആറളം 1984ലാണ് വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചത്. 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഇവിടെ നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഉൾപ്പെടുന്നു.
മലയോര മേഖലയിലെ ജലസമൃദ്ധമായ പുഴകളും നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും പ്രകൃതിസൗന്ദര്യവും ടൂറിസം വികസനത്തിന് വലിയ ആസ്തിയാണ്. പുഴയോരങ്ങൾ, മലനിരകൾ, വനമേഖലകൾ എന്നിവ സംരക്ഷിച്ചുകൊണ്ട് ട്രക്കിങ്, പ്രകൃതിനടത്തം, പക്ഷി-ശലഭ നിരീക്ഷണം, വ്യൂ പോയന്റുകൾ, ഹോംസ്റ്റേകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

