ഇന്ന് ലോക വിനോദ സഞ്ചാര ദിനം; ടൂറിസം മേഖല ഉണർവിൽ; കായൽചുറ്റാൻ സഞ്ചാരികളുടെ തിരക്ക്
text_fieldsആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്റിൽനിന്ന് ഹൗസ്ബോട്ടിൽ കയറുന്ന സഞ്ചാരികൾ
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് പിന്നാലെ ടൂറിസംമേഖല ഉണർവിൽ. പൂജ അവധി ആഘോഷിക്കാൻ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ തിരക്കും വർധിച്ചു. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചാണ് ഹൗസ്ബോട്ടുകൾ കായൽ ചുറ്റുന്നത്. സാധാരണ നവംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്താറുള്ളത്. ഇത്തവണ സീസൺ ആരംഭിക്കുന്നതിന് മുമ്പേ സഞ്ചാരികളുടെ ഒഴുക്കുണ്ട്. കോവിഡിന്‍റെ തീവ്രത കുറഞ്ഞതിന് പിന്നാലെ വിദേശ ടൂറിസ്റ്റുകൾ എത്തി തുടങ്ങിയതാണ് ടൂറിസം മേഖലക്ക് പ്രതീക്ഷയാകുന്നത്.
പുന്നമട ഫിനിഷിങ് പോയന്‍റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽനിന്നാണ് സഞ്ചാരികൾ ഹൗസ്ബോട്ടുകളിൽ കയറുന്നത്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം എത്തിയ നെഹ്റുട്രോഫി വള്ളംകളിയും ഇതിന് സഹായകമായിട്ടുണ്ട്. വള്ളംകളിയുടെ പ്രചാരണത്തിന് പിന്നാലെ വിദേശത്തുനിന്ന് നിരവധി അന്വേഷണങ്ങൾ എത്തുന്നുണ്ടെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു.
ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാംസീസൺ മത്സരം തുടങ്ങിയതോടെ പ്രമുഖ ചുണ്ടനുകൾ അണിനിരക്കുന്ന വള്ളംകളി കാണാനും ഇപ്പോൾ അവസരമുണ്ട്. കായൽസൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് വള്ളംകളി കൗതുകമാണ്. സി.ബി.എൽ വള്ളംകളിക്ക് മുന്നോടിയായി ഹൗസ്ബോട്ടുകൾക്കും റിസോർട്ടുകൾക്കും കൂടുതൽ ബുക്കിങ്ങ് കിട്ടുന്നുണ്ട്. പൂജ അവധി ആഘോഷിക്കാൻ ആഭ്യന്തരസഞ്ചാരികളാണ് കൂടുതലും എത്തുന്നത്. ഇതിനായി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

