ഇന്ന് ഗാന്ധിജയന്തി; ഫോർട്ട്കൊച്ചിയിലെ ഗാന്ധി മ്യൂസിയം കടലാസിലൊതുങ്ങി
text_fieldsഫോർട്ട്കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചി സന്ദർശനവും സ്വാതന്ത്യസമരവും ആസ്പദമാക്കി മ്യൂസിയം സ്ഥാപിക്കുമെന്ന കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ തീരുമാനം പ്രഖ്യാപനത്തിലൊതുങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ വർഷം നവംബറിൽ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ആവേശം നൽകിയ മഹാത്മാഗാന്ധിയുടെ സന്ദർശനങ്ങളും കൊച്ചിയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും സംഭവങ്ങളെയും കോർത്തിണക്കിയുള്ളതായിരിക്കും പുതിയ മ്യൂസിയമെന്നും പറഞ്ഞിരുന്നു. എന്നാൽ, പ്രഖ്യാപനമല്ലാതെ തുടർനടപടിയൊന്നും ഉണ്ടായില്ലെന്ന് മാത്രം. ഫോർട്ട്കൊച്ചി തീരത്തുനിന്ന് ഒരു പിടി മണൽ വാരി ഇത് സാഹസികതയുടെ സംഗ്രഹതീരമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നതായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
ഈ സന്ദർശനങ്ങൾ കണക്കിലെടുത്താണ് കടപ്പുറത്തിന് മഹാത്മാഗാന്ധി ബീച്ച് എന്ന പേര് വന്നതു തന്നെ. ഗാന്ധിജിയുടെ സന്ദർശനം സംബന്ധിച്ച് കൊച്ചിയിലെത്തുന്ന ചരിത്ര വിദ്യാർഥികൾക്ക് അറിവ് ലഭിക്കുന്നതിനായി യാതൊരു സംവിധാനവുമില്ലാത്ത പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി മ്യൂസിയം നിർമാണത്തിന് തീരുമാനിച്ചത്. മ്യൂസിയം, പൈതൃക കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്രദമാകുമെന്നായിരുന്നു പ്രതീക്ഷ. സ്വതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിന്റെ ചിത്രങ്ങൾ ഒഴിവാക്കുക വഴി ഏറെ വിവാദത്തിലകപ്പെട്ട ഫോർട്ട്കൊച്ചിയിലെ ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ എന്ന പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷുകാരുടെ കാലത്തുള്ള ജയിലിലാണ് മ്യൂസിയം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഒരു വർഷമായിട്ടും നടപടി കൈക്കൊള്ളാത്തത് വലിയ വിമർശനത്തിനാണ് ഇട നൽകിയിരിക്കുന്നത്. സർക്കാർ പരിപാടികളിൽ പോലും മഹാത്മാഗാന്ധി ബീച്ച് എന്ന പേര് പോലും നോട്ടീസിൽ രേഖപ്പെടുത്താത്തതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.