
സഞ്ചാരികൾ വർധിച്ചു; ലാഹുൽ - സ്പിതിയിലേക്ക് പ്രവേശിക്കാൻ നികുതി നൽകണം
text_fieldsഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ നിലകൊള്ളുന്ന ഭാഗങ്ങളിലൊന്നാണ് ലാഹുൽ-സ്പ്തി ജില്ല. ശൈത്യകാലത്ത് വഴികൾ അടയുന്നതിനാൽ ഈ പ്രദേശങ്ങളിലേക്ക് ആറ് മാസത്തോളം യാത്ര സാധ്യമായിരുന്നില്ല. എന്നാൽ, മണാലിക്ക് സമീപത്തെ റോഹ്ത്താങ്ങിൽ അടൽ തുരങ്കം തുറന്നതോടെ 365 ദിവസവും യാത്ര സാധ്യമായി. ഇതോടെ ഇവിടേക്ക് സഞ്ചാരികളും പ്രവഹിക്കുകയാണ്.
സഞ്ചാരികളുടെ അനിയന്ത്രിത വരവ് തടയാനും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി വാഹനങ്ങളിൽനിന്ന് നികുതി പിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. അടൽ ടണൽ കടന്നെത്തുന്ന സിസ്സുവിൽ വെച്ചാണ് നികുതി പിരിക്കുക.
മേഖലയിലേക്ക് പ്രവേശിക്കുന്ന ഇരുചക്ര വാഹനങ്ങൾ 50 രൂപ നൽകണം. കാറിൽ യാത്ര ചെയ്യുന്നവർ 200 രൂപയാണ് നൽകേണ്ടത്. എസ്.യു.വികൾക്കും എം.യു.വികൾക്കും 300 മുതൽ 500 രൂപ വരെയാണ് നികുതി. ബസ് പോലുള്ള വലിയ വാഹനങ്ങൾക്കും 500 രൂപയാണ് നികുതി.
അതേസമയം, മേഖലയിൽ സ്ഥിരമായി ഓടുന്ന വാഹനങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കും. അത്തരക്കാർ നികുതി ഇളവിനായി അപേക്ഷിക്കണം.
മണാലിയിൽനിന്ന് ലഡാക്കിലേക്കും സ്പിതി വാലിയിലേക്കുമെല്ലാം അടൽ ടണൽ വഴിയാണ് പോകേണ്ടത്. യാത്രക്കാരിൽനിന്ന് ശേഖരിക്കുന്ന തുക മേഖലയുടെ വികസനത്തിന് ഉപയോഗിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
