കുമളി: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പെരിയാർ കടുവ സങ്കേതത്തിെൻറ കാഴ്ചകളിലേക്ക് തേക്കടിയുടെ വാതിൽ തുറന്നു. കോവിഡ് രണ്ടാം തരംഗെത്ത തുടർന്ന് അടച്ചിട്ട തേക്കടിയിലെ വിനോദസഞ്ചാര മേഖല മൂന്നു മാസത്തിനുശേഷമാണ് തിങ്കളാഴ്ച തുറന്നത്. ലോക്ഡൗണിനെ തുടർന്ന് മുമ്പ് വർധിപ്പിച്ച സർചാർജുകൾ മുഴുവൻ പിൻവലിച്ചത് സഞ്ചാരികൾക്ക് ആശ്വാസമായിട്ടുണ്ട്.
രാവിലെ ഏഴു മുതൽ തേക്കടി തടാകത്തിലൂടെ ബോട്ട് സവാരി തുടങ്ങി. ആദ്യസവാരിയിൽ 21 വിനോദ സഞ്ചാരികൾ മാത്രമാണ് ഉണ്ടായിരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പ്രതിരോധ കുത്തിവെപ്പ് എടുത്തവരെയും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും മാത്രമാണ് ബോട്ട് ലാൻഡിങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്. അതിർത്തികളിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതും വിദേശ സഞ്ചാരികൾക്ക് വരാൻ കഴിയാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തേക്കടി തുറന്നത് വിനോദ സഞ്ചാര മേഖലക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ നിരക്കിൽ 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ അഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനാണ് നിക്ഷേപകരുടെ ശ്രമം.