Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോകത്തിന്‍റെ...

ലോകത്തിന്‍റെ കാണാകാഴ്ചകൾ തേടി ഒരു തലശ്ശേരി കുടുംബം

text_fields
bookmark_border
ലോകത്തിന്‍റെ കാണാകാഴ്ചകൾ തേടി ഒരു തലശ്ശേരി കുടുംബം
cancel

നഗരങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും വിട്ട് ഓരോ രാജ്യത്തിന്‍റെയും ഗ്രാമീണതയിലേക്ക് കണ്ണും കാതും കൊടുത്തു യാത്ര ജീവിതമാക്കിയ തലശ്ശേരിയിലെ ഒരു കൊച്ചു കുടുംബമാണ് ‘ഫാമിലി ബിഹൈൻഡ് ദ വീൽ’സിനു പിന്നിലെ കഥാപാത്രങ്ങൾ. വിവാഹാനന്തരം ബനിസദറും പങ്കാളി ഷഹനാസും ചേർന്ന് നടത്തിയ ഓൾ കേരള കാർ യാത്രയാണ് പിന്നീടുള്ള ഓരോ യാത്രയ്ക്കും പാത തെളിക്കുന്നത്.

യാത്രകളിലെ പെൺ സാന്നിധ്യം പലരും ബാധ്യതയായി പ്രഖ്യാപിക്കുന്നിടത്താണ് ബനിസദറും ഷഹനാസും വ്യത്യസ്തരാകുന്നത്. മൂന്ന് കുട്ടികൾ പിറന്നശേഷം അഞ്ചുപേരും ആദ്യമായി പറക്കുന്നത് ഫ്രാൻസിലേക്കും സ്വിസിലേക്കുമാണ്. ഭക്ഷണത്തിനും കാലാവസ്ഥക്കും കുട്ടികളും ഇണങ്ങിത്തുടങ്ങിയതോടെ ഓരോ യാത്രയും കൂടുതൽ ആസ്വാദ്യകരമായി.


അങ്ങനെയിരിക്കെ ദുബൈയിലെ ജോലി നഷ്ടപ്പെട്ട ബനിസദർ കുടുംബവുമായി നാട്ടിലേക്ക് മടങ്ങി. അടുത്ത ജോലിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ഈ സുവർണ്ണ നിമിഷങ്ങളെ സഞ്ചാരങ്ങളിലൂടെ തന്നെ സജീവമാക്കാൻ ഇക്കൂട്ടർ തീരുമാനിച്ചു. കുട്ടികളുമൊത്തുള്ള ഓൾ ഇന്ത്യ യാത്രയെന്ന ആശയത്തെ ഇരു കുടുംബവും എതിർത്തെങ്കിലും ഇനിയൊരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഈ നീണ്ട ഒഴിവു വേളകളെയോർത്ത് ബനിസദർ ചെവി കൊണ്ടില്ല. നിശ്ചയിച്ച പ്രകാരം അഞ്ചുപേരും നേപ്പാളും ഭൂട്ടാനും ഉൾപ്പെടുന്ന യാത്രയ്ക്ക് തയ്യാറായി. ഒപ്പം ഇന്ത്യമുഴുവൻ കറങ്ങാനും തീരുമാനിച്ചു. നാഗരിക ജീവിതത്തിന്‍റെ യന്ത്രവൽകൃത സൗന്ദര്യത്തിലുപരി ഉൾ ഗ്രാമത്തിന്‍റെ വശ്യ സൗന്ദര്യമാണ് ഇവരെ മുഴുനീളെ കൊതിപ്പിക്കുന്നത്.

ലഡാക്കിന് മുകളിലെ സ്പിറ്റിവാലിയിലെ ഒരു വിഭാഗത്തിന്‍റെ ഒറ്റപ്പെട്ട കുടുംബ-സാമൂഹ്യജീവിതം സ്മരിക്കുന്ന ബനിസദറിനും കുടുംബത്തിനും ജീവിതത്തിന്‍റെ നാനാതുറകളെ എളുപ്പം സ്വാംശീകരിക്കാനാകും. ബോംബെയ്ക്ക് പുറമേ ലോകം ഇല്ലെന്ന് വിശ്വസിക്കുന്ന ഈ മനുഷ്യരൊക്കെയും ദുനിയാവിലെ ലളിത സുന്ദര ജീവിതത്തെ പ്രതിനിധീകരിക്കുന്നവർ തന്നെയാണ്. ഐസ്​ലൻഡ്, നോർവേ, ഓസ്ട്രിയ, പോളണ്ട്, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, ഹംഗറി, ബോസ്നിയ, സ്വീഡൻ, ഡെൻമാർക്ക്, ഗ്രീസ്, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് തുടങ്ങി 37 രാജ്യങ്ങൾ ഈ കുടുംബം താണ്ടിക്കഴിഞ്ഞു. വേനലും മഴയും അതിശൈത്യവും വകവെക്കാതെ, പ്രതിസന്ധികളിൽ മനം മടുക്കാതെ ഓരോ ദൂരങ്ങളെയും തങ്ങളുടെ കൈപ്പിടിയിലൊതുക്കുകയാണിവർ.

ഭൂപ്രകൃതിയും സാമൂഹ്യ ജീവിതവും ഹഠാതാകർഷിച്ച കാശ്മീരിയൻ സൗന്ദര്യത്തെ ഇവർ ഏറെ ആദരിക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാത്ത ആ നാട്​ ഏതു ഇല്ലായ്മയിലും ദുനിയാവിന്‍റെ മണവാട്ടിയായിരിക്കുമന്നും ബനിസദർ സാക്ഷ്യപ്പെടുത്തുന്നു. ഹൃദയം കവർന്ന ലോകരാജ്യങ്ങളിൽ ആദ്യം അടയാളപ്പെടുത്തുന്നത് നോർവേയാണ്. അതിമനോഹരിത കൊണ്ട് മാത്രം ദൈവം കെട്ടിപ്പടുത്ത രാജ്യമാണ് നോർവേ. അവിടുത്തെ ജനങ്ങളാകട്ടെ അതിലും പതിന്മടങ്ങ് സന്മനസ്സുള്ളവർ!

കണ്ണൂര്‍ യൂനിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കോടെ അഭിഭാഷകയായി എൻഡ്രോൾ ചെയ്ത ഷഹനാസാകട്ടെ സാഹസികത നിറഞ്ഞ സോളോ ട്രിപ്പുകളെ ഭ്രാന്തമായി സ്നേഹിക്കുന്നു. മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന ലക്ഷ്യവുമായി എവറസ്റ്റ് ബേസ് ക്യാമ്പ്, കിളിമഞ്ചാരോ ട്രക്കിങ് എന്നിവ ഷഹനാസ് കഠിനപരിശ്രമത്തിലൂടെ പൂർത്തിയാക്കി.

ഇതിനു പുറമേ ആഴ്ചതോറും യു.എ.ഇയിലെ വിവിധ ട്രക്കിംഗ് സ്പോട്ടുകളിൽ സ്ഥിരം പരിശീലന സാന്നിധ്യമായി. യാത്രകൾ തന്നെയാണ് ജീവിതം എന്നും ജീവിതം വെറും യാത്രയാണെന്നും ഓർമ്മപ്പെടുത്തി നാലു ചക്രത്തെ വീടാക്കി ഇക്കണ്ട ഓർമ്മകളെയൊക്കെയും സമ്പാദ്യങ്ങളാക്കി ഇവരുടെ കഥ തുടരുകയാണ്.

Show Full Article
TAGS:travel news
News Summary - The wheels on the car goes
Next Story