നഖൽ മേഖലയിൽ ഏറ്റവും നീളമേറിയ ടൂറിസ്റ്റ് നടപ്പാത വരുന്നു
text_fieldsടൂറിസ്റ്റ് നടപ്പാതയുടെ രൂപരേഖ
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റ് നഖൽ വിലായത്ത് മേഖലയിൽ ഏറ്റവും നീളമേറിയ ടൂറിസ്റ്റ് നടപ്പാത വരുന്നു. ചരിത്ര പ്രസിദ്ധമായ നഖൽ കോട്ടയെ മനോഹരമായ ഐൻ അൽ തവാര പാർക്കുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ ദൂരം ആകെ മൂന്ന് കിലോമീറ്ററാണ്. വാദി നഖലിലൂടെയുള്ള വിവിധ പ്രകൃതിദത്ത നീരുറവകൾ, ഫലജ് ജലസേചന സംവിധാനങ്ങൾ, സമൃദ്ധമായ കാർഷിക ഗ്രാമങ്ങൾ എന്നിവയിലൂടെയാണ് നടപ്പാത കടന്നുപോകുന്നത്.
വിലായത്തിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമങ്ങളിലെയും കൃഷിയിടങ്ങളിലെയും പ്രകൃതിദത്തവും സാംസ്കാരികവുമായ ലാൻഡ്മാർക്കുകളെ എടുത്തുകാണിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് നഖൽ വാലി ഷെയ്ഖ് ഖലീഫ ബിൻ സാലിഹ് അൽ ബുസൈദി ഊന്നിപറഞ്ഞു. പദ്ധതി ഒന്നിലധികം ഘട്ടങ്ങളിലായി നടപ്പിലാക്കും.
ആദ്യ ഘട്ടം ഒരു കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. അനുബന്ധ സേവന സൗകര്യങ്ങൾ ഉൾപ്പെടെ പദ്ധതിയുടെ ആകെ ചെലവ് ദശലക്ഷം റിയാലിൽ കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പാതയിൽ ലൈറ്റിങ്, ഇന്റർലോക്കിങ് അല്ലെങ്കിൽ കല്ല് പാകൽ, വിവിധ പൊതു സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
നടപ്പാതയിലെ റൂട്ടിലെ പ്രാദേശിക ഫാം ഉടമകൾക്ക് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്വന്തമായി ടൂറിസം പദ്ധതികൾ സ്ഥാപിക്കാനുള്ള അവസരം നൽകുമെന്നും വാലി ചൂണ്ടിക്കാട്ടി. കോട്ടക്കും ഐൻ അൽ തവാരയ്ക്കും ഇടയിൽ സന്ദർശകരെ കൊണ്ടുപോകുന്ന ഇക്കോ-ലോഡ്ജുകൾ, കഫേകൾ, ഇലക്ട്രിക് ടൂറിസ്റ്റ് കാർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
പാർക്കിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനൊപ്പം പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന പ്രധാന സമിതി, പദ്ധതി അംഗീകരിക്കുന്നതിനും നിർവ്വഹണം ആരംഭിക്കുന്നതിനായി ഉപസമിതികൾ രൂപവത്കരിക്കുന്നതിനുമായി ആദ്യ യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

