Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമഞ്ഞുമലകളുടെ നാട്ടിൽ

മഞ്ഞുമലകളുടെ നാട്ടിൽ

text_fields
bookmark_border
മഞ്ഞുമലകളുടെ നാട്ടിൽ
cancel

സോവിയറ്റ് യൂനിയൻ അഥവാ യു.എസ്.എസ്​.ആർ കുട്ടിക്കാലം മുതലേ ഉള്ളിലുറഞ്ഞ സ്വപ്ന രാജ്യമായിരുന്നു. ഒരു കാലത്ത് അമേരിക്ക എന്ന ലോക പൊലീസിനോട്​ ആശയപരമായും സാമ്പത്തികമായും ചെറുത്ത് നിന്നിരുന്ന മുൻനിര കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ ഇഷ്ടവും ബഹുമാനവുമായിരുന്നു. സോവിയറ്റ്​ ലാൻറ് എന്ന സചിത്ര മാഗസിന്‍റെ വരിക്കാരായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. കാര്യമായ വായനയൊന്നും നടക്കാതിരുന്ന കുട്ടിക്കാലത്ത് സ്കൂൾ പുസ്തകം പൊതിയാനും ചിത്രങ്ങൾ കാണാനും മാഗസിന്‍റെ മിനുസമുള്ള കടലാസിനോളം ഗുണം മറ്റൊന്നിനും ഇല്ലായിരുന്നു. യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച്​ ലഭിച്ച അവധിദിനങ്ങൾ ചിലവഴിക്കാനായി, 1922 മുതൽ 1991വരെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ ഭാഗമായിരുന്ന കസാക്കിസ്ഥാനിലെ പ്രമുഖ നഗരമായ അൽമാട്ടിയിലേക്കാണ് പോയത്. പുതിയ കണ്ടെത്തലുകൾക്കും, പരിചയപ്പെടലുകൾക്കും ആവേശകരമായ സാഹസികതകൾക്കും രുചിക്കൂട്ടുകൾക്കുമായി കൂട്ടുകാരും, കുടുംബവും, കുട്ടികളുമുള്ളപതിനേഴ് അംഗസംഘം ദുബൈ വിമാനത്താവളത്തിൽ നിന്നാണ്​ അൽമാട്ടിയിലേക്ക് വിമാനം കയറിയത്.

നാലര മണിക്കൂറിനകം വിമാനം യാത്രക്കാരുടെ നിലയ്ക്കാത്ത കയ്യടികൾ ഏറ്റുവാങ്ങി നിലം തൊട്ടു. യു.എ.ഇയുമായി സമയക്രമത്തിൽ രണ്ടു മണിക്കൂർ മുന്നിലാണ് കസാക്കിസ്ഥാൻ. ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശന അനുമതിയുള്ള മധ്യപൂർവേഷ്യയിലെ ലാൻറ് ലോക്കഡ് രാജ്യത്തിലെ എമിഗ്രേഷൻ നടപടികൾ പണമൊന്നും വസൂൽ ചെയ്യാതെ പെട്ടന്ന് കഴിഞ്ഞു. തങ്ങളെയും പുലർക്കാലത്തെയും വരവേൽക്കാൻ മഞ്ഞിൽ പുതഞ്ഞ ശീതക്കാറ്റും ചാറ്റൽ മഴയും ഗൈഡ് അയക്കൊപ്പം വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്നിരുന്നു. അവിസ്മരണീയമായ ഒരു അവധിക്കാല കാഴ്ച്ചകൾക്ക് തുടക്കം കുറിച്ച് ഒയ്- കറഗായിലെ ഏറ്റവും മനോഹരമായ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിലേക്ക് യാത്ര പുറപ്പെട്ടു.

കമർ ബക്കറും ഭാര്യയും

റിസോർട്ടിൽ എത്തുമ്പോഴേക്കും ഏകദേശം ഏഴു മണിയായിരുന്നു. ചുറ്റിലും ഇരുട്ട് മാറി വെളിച്ചം പിറന്നിരുന്നു. റിസപ്ഷനിലെ ഫോർമാലിറ്റികൾ കഴിഞ്ഞപ്പോഴേക്കും ഏർളി ചെക്കിങ്ങ് ആയി മൂന്ന് മുറികൾ തൽക്കാലികമായി അനുവദിച്ചുകിട്ടി. ചുറ്റുപാടും കണ്ണോടിച്ച് അനുവദിച്ച മുറികളിലേക്ക് നടന്നു നീങ്ങുമ്പോഴാണ് കൗതുകളുടെ പറുദീസയിലാണ് വന്നെത്തിയതെന്ന് മനസ്സിലാവുന്നത്.

ചുറ്റും അങ്ങിങ്ങ് മഞ്ഞുമൂടിയ ചെറിയ മലനിരകൾ, പൈൻ മരക്കാടുകൾ, വിവിധ തരം ഇലച്ചെടികൾ, പുൽമേടകളും വിശാലമായ നടപ്പാതകളും, കട്ടപിടിച്ച് കിടക്കുന്ന ഹിമപ്പാറകളും ഹിമപ്പുറ്റുകളും, മുതിർന്നവർക്കും കുട്ടികൾക്കായുള്ള പാർക്ക്, ഐസ് സേക്കറ്റിങ്ങിനായുള്ള മലഞ്ചെരിവ്​....അങ്ങനെ നിരവധി കാഴ്ചകൾ. പൈൻ മരങ്ങൾ തൂണുകളാക്കി വളരെ ഉയരത്തിൽ പണിതു നിർത്തിയ മര വീടുകളായിരുന്നു റിസോർട്ടിലെ പ്രധാന ആകർഷണം. നടപ്പാതകളും ഗോവണികളും മേൽക്കൂരയും ജനലും കൈവരികളും പൂർണ്ണമായും മരത്തിലാണ് നിർമ്മിതി. കട്ടപിടിച്ച മഞ്ഞുമലക്ക് മുകളിലൂടെയുള്ള മരപ്പാളികൾ കൊണ്ടു പണിത നടപ്പാതകൾ തുടങ്ങി, കാഴ്ച്ചകളെ വല്ലാതെ മോഹിപ്പിക്കുന്ന ഓയ് കരഗായ് മൗണ്ടൻ റിസോർട്ടിൽ അൽപ നേരം വിശശ്രമിച്ച ശേഷം മറ്റൊരു അൽഭുതലോകമായ അൽമ-അരസർ എന്ന പർവ്വതത്തിന് മുകൾ ഭാഗത്തു നിന്നും ഉൽഭവിച്ച് താഴോട്ട് ഒഴുകുന്ന ഒരു ജലപ്രവാഹം കാണാൻ യാത്രയായി. അൽമാട്ടിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലയിടുക്കാണ് അൽമ-അരസൻ. 1780 മീറ്റർ ഉയരത്തിൽ ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ സ്ഥിതിചെയ്യുന്ന ഏറിയ പങ്കും മഞ്ഞു മൂടപ്പെട്ടുകിടക്കുന്ന ചെങ്കുത്തായ പർവ്വതത്തിന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തു നിന്നും ഉറപൊട്ടിയൊഴുകുന്ന നീരുറവയുടെ ഉൽഭവകേന്ദ്രമാണ് ഇവിടത്തെ ആകർഷണം.

കമർ ബക്കറും സംഘാംഗങ്ങളും

ചെങ്കുത്തായ മലയിലേക്ക് സഞ്ചാരികൾക്കായി മരപ്പലകകളാൽ ഏറെ ദൂരം വഴികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ഐസ് കട്ടപിടിച്ചു കിടക്കുന്ന അൽപം ദുർഘടമായ വഴിയിലൂടെ നടക്കാൻ സാമാന്യം നല്ല സഹിഷ്ണുത വേണം. യാത്രാ സംഘത്തിലെ പലരും പാതിവഴിയിൽ പർവ്വതാരോഹണ ശ്രമം ഉപേക്ഷിച്ച് തിരിച്ചു നടന്നു. എങ്കിലും ഏറെ പേരും സാഹസികമായി ലക്ഷ്യത്തിലെത്തി. താഴ്വാരത്തു നിന്നും നോക്കിയാൽ ഈ പ്രദേശം മുഴുവൻ ചെറുതും വലുതുമായ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കസാക്കിസ്ഥാന്‍റെ അതിരുകാക്കുന്ന ഇടമാണ്. പർവ്വതങ്ങൾക്കപ്പുറം ചൈനയുമായി അതിർത്തി പങ്കിടുന്നു. ശീതക്കാറ്റിന്‍റെ ശക്തി കൂടിയപ്പോഴേക്കും എല്ലാവരും ചൂടുപിടിപ്പിച്ച് നിർത്തിയിരിക്കുന്ന വാഹനത്തിനുള്ളിലേക്ക് അഭയം തേടി. വാഹനം തൊട്ടടുത്ത സന്ദർശന കേന്ദ്രം ലക്ഷ്യമാക്കി യാത്ര തുടർന്നു.

കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലെ ഒരു പർവതമാണ് കോക് ടോബെ(കോക് ടോബ്). പർവതത്തിന്റെ മുകളിലാണ് പ്രശസ്തമായ വിനോദ മേഖലയായ കോക് ടോബ് പാർക്ക്. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്ററാണ് പർവതത്തിന്റെ ഉയരം. നഗരത്തിലെ പ്രധാന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് കോക് ടോബെ. അൽമാട്ടിയിലേക്കുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്. നഗരമധ്യത്തിൽ ഒരുക്കിയ ബഹുനില കെട്ടിടത്തിലൂടെ ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചാൽ റോപ്പ് വേയിലൂടെയാണ് മലയുടെ മുകളിക്ക് എത്തിപ്പെടാൻ സാധിക്കുക. മല മുകളിലെ പാർക്കിൽ ചെറിയ ഒരു മൃഗശാലയും, ജൈൻറ് വീൽ അടക്കം വിനോദങ്ങൾക്കായി വിശാലമായ ഒരു പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നോക്കെത്താ ദൂരത്തേക്ക് നോക്കി അൽമാട്ടി നഗരത്തിന്‍റെ വെള്ളിവെളിച്ചവും, സന്ധ്യയും നോക്കിക്കാണുള്ള ഇരിപ്പിടങ്ങൾ ഒരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് കോക്ക്ടോബ് പർവതം.

യാത്ര തുടരും..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandWorld Travel DestinationSnow Mountains
News Summary - The Land of Snow Mountains
Next Story