നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ...
text_fieldsഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടത്തിലെത്തിയ സഞ്ചാരികൾ
ഗുണ്ടൽപേട്ട് (കർണാടക): ഒരുകാലത്ത് പച്ചക്കറിക്കും പൂക്കൾക്കും പേരുകേട്ട ഗുണ്ടൽപേട്ട ഇന്ന് മുന്തിരിത്തോട്ടത്തിലൂടെയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ മുന്തിരിത്തോട്ടം കാണാൻ കഴിഞ്ഞ നാലാഴ്ച കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഇവിടെയെത്തിയത്. മലയാളികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. മുന്നൂറ് കിലോമീറ്ററിലധികം സഞ്ചരിച്ച് മലയാളികൾ കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ഇതുവരെ മുന്തിരി തോട്ടം കാണാൻ പോയിരുന്നത്.
പലതരം പച്ചക്കറിയും പൂക്കളും വിളയുന്ന ഗുണ്ടൽപേട്ടയിൽ മുന്തിരി വിളയും എന്ന് തെളിയിച്ചതും മലയാളിയാണ്. മലപ്പുറം കോട്ടക്കലിലെ അഷ്റഫ് എന്നയാളാണ് പരീക്ഷണാർഥം രണ്ടു വർഷം മുമ്പ് ഇവിടെ മുന്തിരി കൃഷി തുടങ്ങിയത്. ഇതിനകം മൂന്നു തവണ വിളവെടുപ്പ് നടത്തിയിരുന്നെങ്കിലും ആരും അറിഞ്ഞില്ല. വലിയ മുതൽ മുടക്കിൽ തുടങ്ങിയ കൃഷിയിൽനിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതെവന്നപ്പോഴാണ് ടൂറിസ്റ്റുകളെ എങ്ങനെ ആകർഷിക്കാമെന്ന ചിന്ത വന്നത്.
അങ്ങനെയാണ് ചിലർ സമൂഹമാധ്യമം വഴി തോട്ടം പരിചയപ്പെടുത്തിയത്. വലിയ പ്രതികരണമാണ് പിന്നീടുണ്ടായത്. തുടർന്ന് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. രണ്ടര ലക്ഷത്തോളം ആളുകൾ ഇതിനകം തോട്ടം സന്ദർശിക്കാനെത്തി. ഒരാൾക്ക് 25 രൂപയാണ് തോട്ടത്തിൽ പ്രവേശിക്കുന്നതിന് ഫീസ്. ശനി, ഞായർ ദിവസങ്ങളിൽ വൻതിരക്കാണ്. എത്ര സമയം വേണമെങ്കിലും അകത്ത് ചിലവഴിക്കാം. ഫോട്ടോ വിഡിയോ ഷൂട്ടിങും നടത്താം. എന്നാൽ, മുന്തിരി പറിക്കാൻ അനുവാദമില്ല.
കറുത്ത ജ്യൂസ് മുന്തിരിയാണ് ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്. പച്ചയും കറുപ്പും നിറത്തിലുള്ള മുന്തിരിവള്ളികളുടെ സൗന്ദര്യം ആവോളം നുകർന്നാണ് സഞ്ചാരികൾ തിരിച്ചുപോകുന്നത്. ഓണത്തിനു മുമ്പ് വിളവെടുക്കാൻ പാകത്തിലാണ് കൃഷി. ഒഴിഞ്ഞ പാടംപോലെ കിടന്നിരുന്ന സ്ഥലത്ത് ഇന്ന് വലിയ വികസനമാണ്. മുന്തിരിത്തോട്ടം കാണാൻ എത്തുന്നവരെ കാത്ത് വിവിധ കച്ചവടങ്ങളും സജീവമാണിവിടെ. വിളവെടുപ്പിൽനിന്ന് കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ഒരേക്കർ സ്ഥലത്തെ കൃഷികൊണ്ട് എങ്ങനെയുണ്ടാക്കാം എന്നതിന്റെ തെളിവുകൂടിയാണ് ഗുണ്ടൽ പേട്ടിലെ ഈ മുന്തിരിത്തോപ്പ്.
എങ്ങിനെയെത്താം?
വയനാട്ടിൽനിന്ന് സുൽത്താൻ ബത്തേരി വഴി ഗുണ്ടൽപേട്ടിലേക്ക് 50 കിലോമീറ്ററാണുള്ളത്. ബത്തേരിയിൽനിന്ന് 30-35 കിലോമീറ്റർ പിന്നിട്ട് ഗുണ്ടൽപേട്ട് എത്തുന്നതിനു മുമ്പ് ടോൾ പ്ലാസ കഴിഞ്ഞയുടൻ ഇടത്തോട്ടുള്ള പോക്കറ്റ് റോഡിലൂടെ അൽപം സഞ്ചരിച്ചാൽ ഇവിടെയെത്താം. വാഹന പാർക്കിങിന് സൗകര്യമുണ്ട്. അമ്പത് രൂപവരെ പാർക്കിങിന് ഈടാക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

