മൂവാറ്റുപുഴ തൂക്കുപാലം യാഥാർഥ്യമായി; ഉദ്ഘാടനം ഡിസംബറിൽ
text_fieldsനിർമാണം പൂർത്തിയായ തൂക്കുപാലം
മൂവാറ്റുപുഴ: പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ ഡ്രീം ലാന്റ് പാർക്കുമായി ബന്ധിപ്പിച്ച് തൊടുപുഴ ആറിന് കുറുകെയുള്ള തൂക്ക് പാലത്തിന്റെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഡിസംബർ 20 ന് നടക്കും.
പി.പി. എൽദോസ് ചെയർപഴ്സൺ ആയിരുന്ന മുൻ കൗൺസിൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. പുതിയ കൗൺസിൽ അധികാരമേറ്റ് ഒരു വർഷത്തോട് അടുക്കുമ്പോഴാണ് നിർമാണം പൂർത്തിയായത്. മൂവാറ്റുപുഴയുടെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന പുഴക്ക് കുറുകെ പുതിയൊരു നടവഴി കൂടി പിറക്കുന്നതോടെ വിനോദ സഞ്ചാര സാധ്യത വർധിക്കും. ഇതോടനുബന്ധിച്ച് ബൃഹദ്പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.
നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള പുഴയോര ടൂറിസം പദ്ധതിയുടെ ഏറ്റവും ആകർഷകമായ ഏടുകളിലൊന്നാണിത്. നഗരസഭയുടെ നേതൃത്വത്തിൽ 13 കോടി മുതൽ മുടക്കിൽ രണ്ട് ഘട്ടങ്ങളായാണ് ബൃഹത്തായ വികസന പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യപടിയായി കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച് കോടി ചെലവഴിച്ചാണ് തൊടുപുഴയാറിന് കുറുകെ തൂക്കുപാലം പണിതത്. വിനോദ സഞ്ചാര ഭൂപടത്തിൽ മൂവാറ്റുപുഴയ്ക്ക് പുതിയൊരു മേൽവിലാസം നൽകാൻ പോന്നതാണ് പദ്ധതിയുടെ രണ്ടാംഘട്ടം. കച്ചേരിത്താഴം വരെ നീളുന്ന മനോഹരമായ പുഴയോര നടപ്പാത, കാഴ്ചകൾ കാണാൻ വാച്ച് ടവർ, ചരിത്രവും സംസ്കാരവും ഒപ്പിയെടുക്കാൻ മ്യൂസിയം, സായാഹ്നങ്ങൾ ആസ്വദിക്കാൻ കഫെറ്റീരിയ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഇവിടുത്തെ സ്വാഭാവികമായ പാറക്കെട്ടുകളും മുളങ്കാടുകളും ചെറിയ കുന്നുകളുമൊന്നും നശിപ്പിക്കാതെയാണ് നാലര ഏക്കറിലധികം പരന്നുകിടക്കുന്ന ഡ്രീം ലാൻഡ് പാർക്ക് 50 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നത്.

