Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവിമാനയാത്രാ നിരക്ക്...

വിമാനയാത്രാ നിരക്ക് നിയന്ത്രണം: പുതിയ ചട്ടങ്ങൾ ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

text_fields
bookmark_border
flight service
cancel

ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകളിലെ അമിതവർധനവും ഉത്സവകാല കൊള്ളയും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ ചട്ടങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭാരതീയ വായുയാൻ അധിനയം 2024 പ്രകാരം രൂപീകരിച്ച ഈ ചട്ടങ്ങൾ രണ്ട് ആഴ്ചക്കകം മുദ്രവെച്ച കവറിൽ സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്.

സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. ഉത്സവ സീസണുകളിലും അവധിക്കാലത്തും അടിയന്തര സാഹചര്യങ്ങളിലും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും മറ്റ് അനുബന്ധ ചാർജുകളും നിയന്ത്രിക്കാൻ കർശനമായ മാനദണ്ഡങ്ങൾ വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

പുതിയ ചട്ടങ്ങൾ തയ്യാറാണെന്നും ജൂലൈ 21-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇവ അവതരിപ്പിക്കുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് അറിയിച്ചു. എന്നാൽ, പാർലമെന്റിൽ വെക്കുന്നതിന് മുൻപ് തന്നെ കോടതിക്ക് ഈ ചട്ടങ്ങൾ പരിശോധിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.

2024-ലെ നിയമപ്രകാരം പുതിയ ചട്ടങ്ങൾ പാർലമെന്റിൽ വെക്കുന്നതിന് മുൻപ് പൊതുജനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രവീന്ദ്ര ശ്രീവാസ്തവ വാദിച്ചു. ഇത് കോടതി ശരിവെച്ചു.

വിമാന ടിക്കറ്റ് നിരക്കിന്റെ വെറും 10 ശതമാനം മാത്രമാണ് ഇന്ധനച്ചെലവെന്നും എന്നാൽ ടിക്കറ്റ് നിരക്കിൽ 100 മുതൽ 300 ശതമാനം വരെ വർധനവാണ് വിമാനക്കമ്പനികൾ വരുത്തുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന റിപ്പോർട്ടുകൾ വന്നതോടെ എണ്ണ പ്രതിസന്ധി ഉണ്ടായേക്കാമെന്ന പേരിൽ വിമാനക്കമ്പനികൾ വീണ്ടും നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോടതിയും നിരീക്ഷിച്ചു.

60 ശതമാനം സീറ്റുകളെങ്കിലും സെലക്ഷൻ ഫീ ഇല്ലാതെ നൽകണമെന്നും ഒരേ പിഎൻആറിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നിച്ച് സീറ്റ് നൽകണമെന്നുമുള്ള ഡിജിസിഎയുടെ മുൻ ഉത്തരവുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതിനെതിരെയും ഹർജിക്കാരൻ ശക്തമായ വിമർശനം ഉന്നയിച്ചു.

നിലവിൽ വിമാനയാത്രാ നിരക്കുകൾ പരിശോധിക്കാനോ നിയന്ത്രിക്കാനോ നിയമപരമായ അധികാരമുള്ള ഒരു അതോറിറ്റിയും ഇല്ലെന്ന് ഹർജിയിൽ പറയുന്നു. ഇത് വിമാനക്കമ്പനികൾക്ക് ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ പഴുതൊരുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രക്കാരെയാണ് ടിക്കറ്റ് നിരക്കിലെ ഈ അനിയന്ത്രിതമായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വിമാന നിരക്ക് നിശ്ചയിക്കുന്നതിനുള്ള അൽഗോരിതം, റദ്ദാക്കൽ നയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഇടപെടാത്തത് ഭരണഘടനാപരമായ കടമയുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിഷയം ഗൗരവകരമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും. പുതിയ ചട്ടങ്ങൾ പുറത്തുവരുന്നതോടെ വിമാനയാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airfareDGCAAirfare hikeSupreme Court
News Summary - Supreme Court asks Centre to submit new rules on airfare hike
Next Story