കൊളുക്ക്മലയിലെ സൂര്യോദയം
text_fieldsകേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്ന് ചോദിച്ചാൽ മൂന്നാർ എന്ന് ഞാൻ പറയും. കാരണം എത്ര തവണ കണ്ടാലും മടുക്കാത്ത പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ് ഈ മലയോര ഭൂമി. കടൽ നിരപ്പിൽ നിന്ന് ആയിരത്തി അഞ്ഞൂറ് മീറ്ററോളം ഉയരത്തിൽ കിടക്കുന്നത് കൊണ്ട് തന്നെ സുഖദമായ കാലാവസ്ഥ സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്ന മുഖ്യഘടകമാണ്. മൂന്നാർ എന്ന പേര് ‘മൂന്ന് ആറുകൾ’ (മുതിരപ്പുഴ, നാളത്താണി, കുണ്ടളാർ) സംഗമിക്കുന്ന സ്ഥലത്തുനിന്നാണ് ലഭിച്ചതെന്ന് കരുതപ്പെടുന്നു. മാട്ടുപ്പെട്ടി ഡാമിന്റെ പ്രൗഢിയും മുതിരപ്പുഴയാറിലെ ബോട്ട് സവാരിയുടെ രസവും രാജമലയുടെ മാസ്മര പ്രകൃതി ഭംഗിയും വരയാടുകളുടെ ഒളിഞ്ഞ് നോട്ടവും ആനയിറങ്കൽ കടവിന്റെ വനഭംഗിയുമൊക്കെ ഏതൊരാളിലും കാഴ്ചയുടെ ആനന്ദം നിറയ്ക്കും.
കൂട്ടിന് മഞ്ഞൊഴുകിയിറങ്ങുന്ന താഴ്വരകളും തേയിലത്തോട്ടങ്ങളും നീലിച്ച മലനിരകളുംകൂടി ചേരുമ്പോൾ സ്വർഗ്ഗീയമായ ഒരു അനുഭൂതിയിൽ നമ്മൾ അലിഞ്ഞുപോകും. ഒരു യാത്ര പോയാലോ എന്ന തോന്നലിൽ വീണ്ടുമൊരിക്കൽ കൂടി ഞങ്ങൾ മൂന്നാറിൽ എത്തി. ‘മൂന്നാറിൽ നമ്മൾ ഇതുവരെ പോകാത്ത ഏതെങ്കിലും സ്ഥലത്ത് പോയാലോ?’ ആ അന്വേഷണമാണ് കൊളുക്കുമലയിലേക്കുള്ള യാത്രയിലേക്ക് ഞങ്ങളെ നയിച്ചത്. കൊളുക്ക്മലയിലെ സൂര്യോദയം ഒരുഗ്രൻ സംഭവമാണെന്നുകൂടി കേട്ടപ്പോൾ എങ്കിലതൊന്ന് കണ്ടിട്ട് തന്നെകാര്യം എന്ന് തീരുമാനിച്ചു. പക്ഷേ പ്രൈവറ്റ് പ്രോപ്പർട്ടിയായ സൂര്യനെല്ലി എസ്റ്റേറ്റിൽ ഉൾപ്പെടുന്ന സ്ഥലമായതിനാൽ കൊളുക്കുമലയിലേക്ക് നമ്മുടെ സ്വന്തം വാഹനത്തിൽ പോകാൻ കഴിയില്ല. സൂര്യനെല്ലിയിൽ നിന്നും കൊളുക്ക്മലയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള ജീപ്പ് സവാരിയെ ആശ്രയിക്കണം. താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും ലഭിച്ച നമ്പരിൽ വിളിച്ച് ജീപ്പ് ബുക്ക് ചെയ്തു. നേരത്തേ ബുക്ക് ചെയ്യാതെ ജീപ്പിൽ സീറ്റ് കിട്ടുക ബുദ്ധിമുട്ടാണ്.
വെളുപ്പിന് നാല് മണിക്ക് മുൻപ് പുറപ്പെട്ടാലേ സൂര്യോദയത്തിന് മുമ്പ് കൊളുക്ക്മലയിൽ എത്തുകയുള്ളു. അത്രനേരത്തെ ഉറക്കമുണരുക എന്നത് എന്നെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കൊളുക്ക്മലയിലെ സൂര്യോദയത്തിന്റെ വർണ്ണന എന്നെ പ്രലോഭിപ്പിച്ചു. നേരത്തേ തന്നെ ഉണർന്ന് പോകാൻ തയ്യാറായി. പ്രാതൽ കഴിക്കാൻ സമയമില്ലാത്തതിനാൽ ബ്രഡും ജാമും കുറച്ച് പഴങ്ങളും റിസോർട്ടിലെ റസ്റ്റോറന്റിൽ നിന്നും പാർസൽ ചെയ്ത് തന്നു. മൂന്നാറിൽ നിന്നും ഏകദേശം 32 കിലോമീറ്റർ ദൂരത്തിലുള്ള സൂര്യനെല്ലിയിലേക്ക് കാറിൽ യാത്ര തിരിച്ചു. വഴിയിലുടനീളം നിറഞ്ഞ ആഴത്തിലുള്ള നിശ്ശബ്ദതയും കനത്ത ഇരുട്ടും തണുത്ത കാറ്റും ഒരു സാഹസികയാത്രയ്ക്ക് സ്വാഗതമോതുന്ന പോലെ തോന്നി.
ഈ ഇരുട്ടകറ്റാൻ വെളിച്ചത്തിന്റെ ചിറക് വിടർത്തി പറന്നെത്തുന്ന സൂര്യനെ കാണാൻ വേണ്ടിയാണ് ഇത്രയും ദൂരം യാത്ര ചെയ്യുന്നതെന്ന് ഓർത്തപ്പോൾ മനസ്സിൽ ചെറുചിരി വിടർന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം7130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്ക്മലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടീ പ്ലാന്റേഷൻ. തമിഴ്നാട്ടിലെ തേനി ജല്ലയിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം. മുകളിൽ എത്തിയാൽ അപ്പുറം തമിഴ്നാടും ഇപ്പുറം കേരളവും കാണാം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സൺറൈസ് വ്യൂ പോയിന്റ് ആണ് ഇത്.
സൂര്യനെല്ലിയിൽ എത്തി ബുക്ക് ചെയ്തിരുന്ന ജീപ്പിന്റെ ഡ്രൈവറെ ഫോണിൽ വിളിച്ചു. അഞ്ച്മിനിട്ടിനകം ജീപ്പ് എത്തി. ഓഫ്റോഡ് ആണെന്നും നന്നായി പിടിച്ച് സൂക്ഷിച്ച് ഇരിക്കണമെന്നും ഡ്രൈവർ മുന്നറിയിപ്പ് തന്നു. ജീപ്പിൽ കയറി മലഞ്ചെരിവുകൾ കയറിത്തുടങ്ങുമ്പോഴാണ് റോഡൊന്നുമല്ലെന്നും പാറക്കല്ലുകളും കുഴികളും നിറഞ്ഞ ഒരു വഴി മാത്രമാണെന്നും തിരിച്ചറിഞ്ഞത്.
മുന്നോട്ടുപോയപ്പോൾ, ജീപ്പിന്റെ ചലനങ്ങൾ തന്നെ ഒരു സാഹസിക റോളർ കോസ്റ്റർ പോലെ അനുഭവപ്പെടാൻ തുടങ്ങി. ഇടയ്ക്കൊക്കെ താഴേക്ക് നോക്കുമ്പോൾ കറുത്തിരുണ്ട താഴ്വര ഹൃദയത്തിൽ ഭീതിയുടെ കനലുകൾ വാരിയിട്ടു. വലിയ കല്ലുകൾ നിറഞ്ഞ വീതി കുറഞ്ഞ റോഡിലൂടെ ജീപ്പ് വളരെ പതുക്കെയാണ് പോകുന്നതെങ്കിലും ആടിയുലഞ്ഞും തുള്ളിത്തെറിച്ചുമുള്ള ആ യാത്ര പേടിപ്പിക്കുന്നത് തന്നെയായിരുന്നു. നട്ടെല്ലിന്റെ ഡിസ്ക്കിനോ മറ്റോ തകരാറുകളുള്ളവർ ഈ യാത്രയ്ക്ക് ഒരുമ്പെടാത്തതാണ് നല്ലത്. റോഡിന്റെ സ്ഥിതി അത്രയ്ക്ക് ദയനീയമാണ്. വരേണ്ടിയിരുന്നില്ല എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു പോയി. ജീപ്പിന്റെ കമ്പിയിൽ മുറുകെ പിടിച്ച് ഞാൻ പ്രാർഥിച്ച് കൊണ്ടേയിരുന്നു. മുമ്പിലും പിറകിലുമായി വരുന്ന മറ്റ് ജീപ്പുകൾ കാണുമ്പോഴാണ് ഒരു സമാധാനം. പത്ത് കിലോമീറ്ററോളം താണ്ടുവാൻ ഒരു മണിക്കൂറിലേറെ സമയം എടുത്തു .
മല മുകളിലെത്തി ജീപ്പിൽ നിന്നും ഇറങ്ങിയപ്പോഴാണ് ശ്വാസംനേരെ വീണത്. മലയുടെ ഒരു വശത്തുള്ള വീതി കുറഞ്ഞ വഴിയിലൂടെ എല്ലാവരുടെയും കൂടെ ഞങ്ങളും നടന്നു. രണ്ട് വശവുമുള്ള അഗാധമായ താഴ്വര ഒരേസമയം ഭയവും ഭംഗിയും പ്രസരിപ്പിക്കുന്നു. നേർത്ത് വരുന്ന ആ വഴി ഒരു മുനമ്പിലാണ് അവസാനിക്കുന്നത്. അധികം അകലെയല്ലാതെ മാനം തൊട്ട് നിൽക്കുന്ന മലനിരകൾ. കനം കുറഞ്ഞ ഇരുട്ടിൽ ആളുകൾ അവിടവിടെയായി കിഴക്കെ ചക്രവാളത്തിലേക്ക് കണ്ണ്നട്ട് നിൽക്കുന്നുണ്ട്. എല്ലാവരും കാത്ത് നിൽക്കുന്നത് ഒരേ കാഴ്ച കാണാൻ. പെട്ടെന്ന് ആകാശത്തിൽ ഒരു ചുവന്ന പൊട്ട് പ്രത്യക്ഷപ്പെട്ടു. വെളുത്ത മഞ്ഞ് പുതപ്പിനിടയിലൂടെ മലയിടുക്കിൽ നിന്നും പൊട്ടിത്തെറിച്ച പോലെ പൊങ്ങുന്ന സൂര്യന്റെ കാഴ്ച കണ്ണിനെയും ഹൃദയത്തെയും ഒരുപോലെ ത്രസിപ്പിച്ചു. സൂര്യന്റെ ആദ്യകിരണങ്ങളേറ്റ് മലകൾ പൊൻതിളക്കത്തിൽ മുങ്ങി.
വശ്യമനോഹരമായ ആ ദൃശ്യത്തിൽ
യാത്രയുടെ എല്ലാ കഷ്ടപ്പാടും മറന്നു. ആളുകളുടെ ആനന്ദാരവങ്ങൾ പ്രതിധ്വനികളായി . പതിയെപ്പതിയെ തുടുപ്പേറി വരുന്ന ആകാശം ചുവപ്പിന്റെ വിവിധ വർണ്ണങ്ങൾ മാറിമാറി അണിയുന്നു.
ചുവന്ന സൂര്യനെ കൈക്കുമ്പിളിലൊതുക്കിയെന്ന നാട്യത്തിൽ ഞാനും ഫോട്ടോയെടുത്തു. മുറിയിൽ കിടന്നുറങ്ങിയിരുന്നെങ്കിൽ ഈ അനഘസൗന്ദര്യം അന്യമാകുമായിരുന്നല്ലോ എന്ന് ഓർത്ത് പോയി. ഒരു വശത്ത് സിന്ദൂരക്കുറി വാരിയണിഞ്ഞ ആകാശം, മറുഭാഗത്ത് ഹരിതഭംഗിയിൽ മുങ്ങിയ താഴ്വരയുടെ അനന്തസൗന്ദര്യം പക്ഷികളുടെ കളമാഴികൾ, തണുത്ത കാറ്റിന്റെ ഗാഢാലിംഗനം. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച, ഇങ്ങനെയൊരു പുലരി ! ‘ശ്ശൊ ഇത് കണ്ടില്ലെങ്കിൽ എന്ത് വല്യ നഷ്ടയമായേനേ..’ മനസ്സ് ആഹ്ലാദത്താൽ തുടിച്ചു. ഭൂമിയിൽ വേറെ എവിടെ നിന്നെങ്കിലും ഇത്ര മനോഹരമായൊരു സൂര്യോദയം കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. മലമുകളിൽ അല്പം ഉയരത്തിൽ വളർന്നു നിൽക്കുന്ന പുൽച്ചെടികൾ സൂര്യന്റെ ഇളം രശ്മികളേറ്റ് തിളങ്ങി നിൽക്കുന്നു. മുനമ്പിന്റെ അറ്റത്തായി കടുവ വായ പിളർന്ന് നിൽക്കുന്നത് പോലെ തോന്നിക്കുന്ന ഒരു പാറ വളരെ കൗതുകം പകർന്നു. ‘ടൈഗർ റോക്ക്’ എന്നാണ് അത് അറിയപ്പെടുന്നത്.
സൂര്യൻ പതിയെ സഞ്ചരിച്ച് ആ കടുവയുടെ വായ്ക്കകത്ത് കയറുന്ന കാഴ്ച വിസ്മയത്തോടെ കണ്ടു നിന്നു. അവിടെ നിന്ന് ഫോട്ടോയെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നു .ചുവന്ന സൂര്യനെ വായിൽ ഒതുക്കിയ കടുവപ്പാറ സഞ്ചാരികൾക്ക് പ്രകൃതി ഒരുക്കുന്ന അപൂർവ്വ ദൃശ്യ വിസ്മയം തന്നെയാണ്. ചിലയാളുകൾ മലഞ്ചെരിവിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നുണ്ട്. പൊതുവേ അല്പം പേടിത്തൊണ്ടിയായത് കൊണ്ട് ഞാൻ ആ സാഹസത്തിന് മുതിർന്നില്ല.
അപൂർവ്വസുന്ദരങ്ങളായ ഫോട്ടോകൾ എടുത്തും കുളിരാർന്ന പുലരിത്തുടുപ്പ് ആസ്വദിച്ചും കുറച്ച് നേരം ചിലവഴിച്ചശേഷം തിരിച്ച് ജീപ്പിൽ കയറി. ജീപ്പ് താഴ്വരയിലേക്ക് ഇറങ്ങിത്തുടങ്ങിയപ്പോൾ മുൻപത്തെയത്ര പേടി തോന്നിയില്ല. മാത്രമല്ല ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയുമുള്ള ആ യാത്ര രസകരമായും തോന്നി. വശങ്ങളിലുള്ള തേയിലത്തോട്ടങ്ങളുടെ വിശാലഭംഗി വെളിച്ചമായപ്പോഴാണ് കാണുന്നത്. മലകയറുമ്പോൾ ചുറ്റും ഇരുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തേയിലച്ചെടികൾക്കിടയിലൂടെയുള്ള ജീപ്പ് യാത്ര ഇപ്പോൾ മനോഹരമായ ഒന്നായി മാറി.
ഇരുളും വെളിച്ചവും പകരുന്ന വ്യത്യാസം എത്ര വലുതാണ് അല്ലേ? ജീപ്പ് ഡ്രൈവർമാരെ സമ്മതിക്കണം, എത്ര തവണ അവർ ഈ കല്ല് വഴിയിലൂടെ വണ്ടിയോടിച്ച് കാണും! അവർക്ക് അന്നം തേടിയുള്ള യാത്ര, സഞ്ചാരികൾക്ക് കൗതുക യാത്രയും. എന്തായാലും കൊളുക്ക്മലയിലേക്കുള്ള ആ ജീപ്പ് യാത്രയും സൂര്യോദയ ക്കാഴ്ചയും ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായി മനസ്സിന്റെ താളിൽ പതിഞ്ഞിരുന്നു. അല്പ ദൂരം താഴേയ്ക്ക് ഇറങ്ങിയ ശേഷം ജീപ്പ് ഒരു തേയില ഫാക്ടറിയുടെ അടുത്തായി കുറച്ച് സമയം നിർത്തി. ജീപ്പിലിരുന്ന് ഞങ്ങൾ പാർസൽ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. തേയില ഫാക്ടറിയ്ക്ക് അടുത്തായുള്ള ഒരു ചെറിയ കടയിൽ നിന്നും വാങ്ങി കഴിച്ച ഫ്രഷ് കട്ടൻ ചായയ്ക്ക് നല്ല രുചി തോന്നി. ഇനി എങ്ങോട്ടേക്കാ? റൂമിൽ പോയി ഉറങ്ങണോ ? വേണ്ട, രാജമലയിൽ പോയി വരയാടുകളോട് ഒന്ന് കുശലമന്വേഷിച്ചു വരാംല്ലേ? !
എത്ര കണ്ടാലും മടുക്കാത്ത വശ്യസൗന്ദര്യം മൂന്നാറിനെ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. നീലക്കുറിഞ്ഞിയുടെ സാന്നിദ്ധ്യം ആ സൗന്ദര്യത്തെ മഹത്തരമാക്കുക കൂടി ചെയ്യുമ്പോൾ കേരളത്തിന്റെ ഒരു വിശിഷ്ട സ്വത്തായി മാറുന്നു മൂന്നാർ. അടുത്ത മൂന്നാർ യാത്രയിൽ കൊളുക്ക്മലയിലെ സൂര്യോദയം കാണാൻ മറക്കണ്ടാട്ടോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

