കൊളംബോ: കോവിഡ് മഹാമാരിയെത്തുടർന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന് ശേഷം ശ്രീലങ്ക വ്യാഴാഴ്ച്ച വിദേശ വിനോദ സഞ്ചാരികൾക്കായി വീണ്ടും വാതിലുകൾ തുറന്നു. കൊമേഴ്സ്യൽ വിമാന സർവീസുകൾക്കായി ദ്വീപിെൻറ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വ്യാഴാഴ്ച മുഴുവൻ പ്രവർത്തനങ്ങളും പുനരാരംഭിച്ചു.
സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ശ്രീലങ്ക, കോവിഡിനെ പിടിച്ചുകെട്ടാൻ തീവ്രമായ നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ശ്രീലങ്കയുടെ ജിഡിപിയുടെ അഞ്ച് ശതമാനവും വഹിക്കുന്നത് ടൂറിസം മേഖലയാണ്. അതിനാൽ തന്നെ കോവിഡ് അവർക്ക് വലിയ സാമ്പത്തിക തിരിച്ചടി കൂടിയായിരുന്നു സമ്മാനിച്ചത്.
അതേസമയം പുതിയ പെരുമാറ്റച്ചട്ടം അനുസരിച്ച് വിനോദ സഞ്ചാരികൾ അവരുടെ ഫ്ലൈറ്റിന് മുമ്പായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. കൂടാതെ, ഏഴ് ദിവസങ്ങൾക്കുള്ളിൽ ലങ്കയിൽ വെച്ച് രണ്ട് ടെസ്റ്റുകൾക്ക് കൂടി വിധേയരാവേണ്ടി വരും. സ്വദേശികളുമായി ഇടകലരാതെ 14 ടൂറിസം മേഖലകളിൽ നിയുക്തമാക്കിയിട്ടുള്ള ട്രാവൽ ബബ്ളിൽ മാത്രമേ സഞ്ചാരികൾക്ക് താമസിക്കാൻ അനുവാദമുള്ളൂ. രാജ്യത്തെ 180 ഒാളം ഹോട്ടലുകൾക്ക് വിനോദ സഞ്ചാരികൾക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്.