ശൈഖ് ജാബർ പാലം വിനോദവ്യവസായ പദ്ധതി പുരോഗമിക്കുന്നു
text_fieldsശൈഖ് ജാബർ പാലം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ശൈഖ് ജാബര്‍ പാലത്തിനും അനുബന്ധമായും വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള ജോലി പുരോഗമിക്കുന്നു. ജാബർ പാലത്തിന്റെ തെക്ക് ഭാഗത്തെ കൃത്രിമ ദ്വീപില്‍ 400ലധികം തദ്ദേശ നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഫുഡ് ട്രക്കുകൾ, ബൂത്തുകൾ, എക്‌സിബിഷൻ ഏരിയകൾ, വിവിധ തരത്തിലുള്ള സംരംഭങ്ങൾ, കുട്ടികൾക്കായി ഉത്സവങ്ങൾ, കായികപ്രവർത്തനങ്ങൾ, തദ്ദേശീയ ഉൽപന്നങ്ങളുടെ വിപണികൾ എന്നിവ പാലത്തിനും അനുബന്ധമായും ഒരുക്കി ജനങ്ങളെ ആകർഷിക്കുകയാണ് ലക്ഷ്യം.
ഇവ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടത്തരം സംരംഭ വികസനത്തിനുള്ള ദേശീയ ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ ആദില്‍ അൽ ഹസാവി പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹും ഉന്നത ഉദ്യോഗസ്ഥരും വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ചിരുന്നു.
കൃത്രിമ ദ്വീപായ സാജി ദ്വീപിനെ അൽ ബന്ദേര, അൽ സഫർ, മറീന, സർവിസ് ഏരിയ എന്നിങ്ങനെ നാല് മേഖലകളായി തരംതിരിക്കും. പദ്ധതികൾ നടപ്പാക്കാനും നിരീക്ഷിക്കാനും പുരോഗതി വിലയിരുത്താനും പ്രത്യേക സമിതികൾ ഉണ്ടാകും. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായുള്ള രജിസ്ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അൽ ഹസാവി പറഞ്ഞു. നിക്ഷേപത്തിന് പൊതു-സ്വകാര്യ മേഖലകളിൽനിന്ന് പങ്കാളികളെ ക്ഷണിക്കും. സ്വദേശികൾക്കും വിദേശികൾക്കും വിനോദത്തിനുൾപ്പെടെ കൂടുതൽ സൗകര്യങ്ങളും ലഭ്യമാക്കും.
കടലിലും കരയിലുമായി വ്യാപിച്ചുകിടക്കുന്ന ശൈഖ് ജാബര്‍ പാലം ലോകത്ത് നാലാമത്തെ വലിയ കടൽപാലമാണ്. പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ നീളവും ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റര്‍ നീളവുമുണ്ട്. കുവൈത്തിലെത്തുന്നവർക്ക് ജാബര്‍ പാലം പ്രധാന കൗതുകങ്ങളിലൊന്നാണ്. വിനോദ വ്യവസായ സൗകര്യങ്ങൾകൂടി വന്നുചേരുന്നതോടെ പാലം കുവൈത്തിന്റെ മറ്റൊരു പ്രധാന ഇടമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

