Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോക സഞ്ചാര മേളയിൽ...

ലോക സഞ്ചാര മേളയിൽ തിളങ്ങി ഷാർജ

text_fields
bookmark_border
ലോക സഞ്ചാര മേളയിൽ തിളങ്ങി ഷാർജ
cancel

വികസനവും പ്രകൃതിസംരക്ഷണവും സമന്വയിപ്പിക്കുന്ന സുസ്ഥിര വിനോദസഞ്ചാര മാതൃകകൾ അവതരിപ്പിച്ച് 'വേൾഡ് ട്രാവൽ മാർട്ടി'ൽ താരമായി ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ലോകത്തെ മുൻനിര വിനോദസഞ്ചാര പദ്ധതികൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മേളയിൽ സാംസ്കാരിക പാരമ്പര്യവും പ്രകൃതിവൈവിധ്യവും അടിസ്ഥാനമാക്കി ലോകോത്തര നിലവാരത്തിൽ ഷാർജയൊരുക്കിയ ഉത്തരവാദ ടൂറിസപദ്ധതികൾക്ക് വൻ സ്വീകാര്യതയാണ് മേളയിൽ ലഭിച്ചത്.

ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പവലിയനിലായിരുന്നു ഷുറൂഖിന്‍റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിച്ചത്. നിലവിൽ പ്രവർത്തനസജ്ജമായ പദ്ധതികളോടൊപ്പം പുതിയ വിനോദസഞ്ചാര പദ്ധതികളും മേളയിൽ ഷുറൂഖ് പ്രഖ്യാപിച്ചു.

പൈതൃകത്തിന്‍റെയും ആഡംബര സൗകര്യങ്ങളുടെയും പ്രകൃതിവൈവിധ്യത്തിന്‍റെയും വാസ്തു കലയുടെയുമെല്ലാം പേരിൽ പ്രവാസികളുടെയും വിദേശസഞ്ചാരികളുടേയുമെല്ലാം മനസ്സിൽ ഇടം പിടിച്ച ഷാർജയിലെ വിനോദകേന്ദ്രങ്ങളിലെ കാഴ്ചകളോടൊപ്പം, ഷാർജ മുന്നോട്ടുവയ്ക്കുന്ന വേറിട്ട സുസ്ഥിരവികസന കാഴ്ചപ്പാടും മേളയിലെ സന്ദർശകരുടെയും വിദഗ്ധരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരം വിനോദസഞ്ചാര മാതൃകകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആവർത്തിക്കാനുള്ള സാധ്യതകളും നവീനമായ ആശയങ്ങൾ പരസ്പരം കൈമാറാനുള്ള പദ്ധതികളും ഷുറൂഖ് പ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ച ചെയ്യപ്പെട്ടു.

നാടോടി ജീവിതത്തോട് സമാനമായി പ്രകൃതിയോടിണങ്ങി ട്രെയിലറുകളിൽ രാപ്പാർക്കാനാവുന്ന വിധത്തിൽ ഷാർജ ഹംരിയ ബീച്ചിലൊരുക്കിയ 'നൊമാഡ്' ട്രയിലർ സ്റ്റേ, ക്യാംപിങ് അനുഭവങ്ങളും ആഡംബര ആതിഥേയത്വവും ഒരുപോലെ സമ്മേളിക്കുന്ന 'ഗ്ലാംപിങ്' കേന്ദ്രം 'മിസ്ക് മൂൺ റിട്രീറ്റ്', അപൂർമായ പ്രകൃതിവൈവിധ്യത്തിന്‍റെ പശ്ചാത്തലത്തിൽ ലോകോത്തരനിലവാരത്തിലുള്ള വിനോദസഞ്ചാരാനുഭവങ്ങളൊരുക്കുന്ന 'അൽ ബദായർ റിട്രീറ്റ്', കൽബയിലെ 'കിങ് ഫിഷർ റിട്രീറ്റ്', 'അൽ ഫായ റിട്രീറ്റ്' എന്നീ പദ്ധതികൾ പവലിയന്‍റെ ഭാഗമായി.

ഷാർജയിൽ പുതുതായി ഒരുക്കിയ അൽ ഹിറ ബീച്ച്, ചരിത്രകാഴ്ചകളുടെയും മരുഭൂ അനുഭവങ്ങളുടെയും സമ്മേളനമായ മെലീഹ ആർക്കിയോളജി കേന്ദ്രം, നഗരത്തിലെ പച്ചത്തുരുത്തായ അൽ നൂർ ദ്വീപ്, അൽ മുൻതസ പാർക്ക്, ഖോർഫക്കാൻ ബീച്ച് തുടങ്ങി നിലവിൽ സജീവമായ വിനോദകേന്ദ്രങ്ങളുടെ കാഴ്ചകളും ഷാർജ പവലിയനിൽ ഒരുക്കിയിരുന്നു. യു.എ.ഇയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നും വിജ്ഞാന കേന്ദ്രവുമായ 'ഹൗസ് ഓഫ് വിസ്ഡവും' ഷാർജ പവലിയനിൽ കാഴ്ചകാരുടെ ശ്രദ്ധയാകർഷിച്ചു.

പ്രകൃതി സൗഹൃദ മാതൃകകൾ പിൻപറ്റി, നിലകൊള്ളുന്നയിടത്തെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും യാതൊരു കോട്ടവും പറ്റാത്ത വിധത്തിൽ വിനോദസഞ്ചാരമേഖലയെ വളർത്തുന്ന ഷാർജയുടെ കാഴ്ചപ്പാടിന് വലിയ സ്വീകാര്യതയാണ് മേളയിൽ ലഭിച്ചതെന്ന് ഷുറൂഖ് ആക്ടിങ് സി.ഇ.ഒ അഹമ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു. ഷാർജയിലെ വൈവിധ്യമാർന്ന കാഴ്ചകൾ കൂടുതൽ പേരിലേക്കെത്താനും നിക്ഷേപസാധ്യതകൾ അന്വേഷിക്കുന്നവർക്ക് പുതിയ അവസരമൊരുക്കാനും അതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത്തരം പങ്കാളിത്തങ്ങളിലൂടെയാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

നിലവിലുള്ള വിനോദകേന്ദ്രങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം ഷുറൂഖിന്‍റെ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിനും ലണ്ടനിലെ വേൾഡ് ട്രാവർ മാർട്ട് വേദിയായി. 'ദി സെറായ് വിങ് - ബൈത്ത് ഖാലിദ് ഇബ്രാഹിം' എന്ന പുതിയ അതിഥി കേന്ദ്രമാണ് അതിലൊന്ന്. 19ാം നൂറ്റാണ്ടിലെ ഒരു പവിഴക്കച്ചവടക്കാരന്‍റെ വീട്, അതിന്‍റെ തനിമ ചോരാതെ അത്യാധുനികസൗകര്യങ്ങളോടെ പുനർനിർമിച്ച് ഹോട്ടലാക്കി മാറ്റും. നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഈ പദ്ധതി ഹാർട്ട് ഓഫ് ഷാർജ എന്നറിയപ്പെടുന്ന പൈതൃകസംരക്ഷണ മേഖലയിലാണൊരുങ്ങുന്നത്.

ഖോർഫക്കാൻ മലനിരകളിൽ കടൽക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന പുരാതനമായ 'നജ്ദ് അൽ മഖ്സാർ'ഗ്രാമവും മറ്റൊരു ആതിഥേയ കേന്ദ്രമായി മാറ്റുമെന്ന് മേളയിൽ ഷുറൂഖ് പ്രഖ്യാപിച്ചു. നൂറിലധികം വർഷം പഴക്കമുള്ള ഇവിടത്തെ വീടുകൾ അതേ തനിമയോടെ 13 ആഡംബര കോട്ടജുകളാക്കി മാറ്റും. മിസ്ക് ഗ്രൂപ്പിനായിരിക്കും പദ്ധതികളുടെ നടത്തിപ്പ് ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahWorld Travel Fair
News Summary - Sharjah shines at the World Travel Fair
Next Story