കായൽചുറ്റി ‘സീ അഷ്ടമുടി’ ലാഭത്തിലേക്ക്
text_fieldsസീ അഷ്ടമുടി സർവിസ്
കൊല്ലം: കുറഞ്ഞ ചെലവിൽ അഷ്ടമുടിക്കായൽ ചുറ്റിവരാൻ ജലഗതാഗത വകുപ്പ് ഒരുക്കിയ ബോട്ട് സർവിസ് ലാഭത്തിലേക്ക്. കൊല്ലം-സാമ്പ്രാണിക്കോടി-മൺറോത്തുരുത് വഴിയുള്ള ബോട്ട് യാത്രക്കായി നിരവധി പേരാണ് ദിവസവും എത്തിച്ചേരുന്നത്. രണ്ട് കോടി രൂപ ചെലവിൽ നിർമിച്ച ഐ.ആർ.എസ് സർട്ടിഫിക്കേഷൻ ഉള്ള 'സീ അഷ്ടമുടി' എന്ന ഡബിൾ ഡെക്കർ ബോട്ടാണ് കൊല്ലത്തു നിന്ന് സർവിസ് നടത്തുന്നത്. ഒരേസമയം 90 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായാണ് ടൂറിസം ബോട്ട് സർവിസുകൾ തുടങ്ങിയത്.
2023 ലാണ് സീ അഷ്ടമുടി ബോട്ട് ക്രൂയിസ് ആരംഭിക്കുന്നത്. രണ്ടുവർഷം കൊണ്ട് രണ്ട് കോടിയിലധികം രൂപ നേടാൻ 'സീ അഷ്ടമുടി'പദ്ധതിക്കായി എന്ന് കൊല്ലം സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. അഞ്ചു മണിക്കൂറിൽ അമ്പത്തഞ്ച് കിലോമീറ്റർ സഞ്ചരിക്കുന്ന സീ അഷ്ടമുടിക്ക് പുറമെ സോളാർ സിംഗിൾ ഡക്കർ ബോട്ടുകളും വരും കാലങ്ങളിൽ സർവിസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ഈവനിംഗ് ട്രിപ്പും പരിഗണനയിലുണ്ട്. ടൂറിസ്റ്റ് ബോട്ടിന് പുറമെ രണ്ട് പാസഞ്ചർ ബോട്ടുകളും ജലഗതാഗതവകുപ്പിന്റേതായി അഷ്ടമുടി കായലിൽ സർവീസ് നടത്തുന്നുണ്ട്. കൊല്ലം - സാമ്പ്രാണിക്കോടി സർവിസും പെരുമൺ -പേഴുംതുരുത്ത്-കോയിവിള സർവിസുമാണവ. കുട്ടനാടിന്റെ കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാന്‍ 'സീ കുട്ടനാട്', 'വേഗ' ബോട്ടുകൾ ആലപ്പുഴയിലും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബോട്ടായ 'ഇന്ദ്ര' കൊച്ചി കായലിലും ടൂറിസ്റ്റ് സർവിസ് നടത്തുന്നുണ്ട്.
പ്രൈവറ്റ് ബോട്ടുകൾ വലിയ തുകക്കാണ് സർവീസുകൾ നടത്തുന്നത്. നിലവിൽ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം കൊല്ലത്തില്ല. ബുക്കിങ്ങിന് 9400050390 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
അഞ്ച് മണിക്കൂർ യാത്ര; കുടുംബശ്രീ ഊണ്
രാവിലെ 11.30ന് കൊല്ലം ബോട്ട്ജെട്ടിയിൽ നിന്ന് പുറപ്പെടുന്ന ബോട്ട് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട്ജെട്ടി-കല്ലടയാറ്-കണ്ണങ്കാട്ടുകടവ് (മൺറോത്തുരുത്ത്)-പെരുങ്ങാലം ധ്യാനതീരം-ഡച്ചുപള്ളി-പെരുമൺ പാലം-കാക്കത്തുരുത്തുവഴി സാമ്പ്രാണിക്കോടിയിൽ എത്തിച്ചേരും. ചെറിയ തുകക്ക് സാമ്പ്രാണിക്കോടിയിലിറങ്ങി ഡി.റ്റി.പി.സിയുടെ ചെറു ബോട്ടുകളിൽ യാത്ര ചെയ്യാനുള്ള അവസരവും ഉണ്ടാവും. വൈകീട്ട് 4.30ന് ബോട്ട് തിരികെ എത്തും.
താഴത്തെ നിലയിൽ യാത്ര ചെയ്യുന്നതിന് 400 രൂപയും മുകളിലത്തെ നിലയിൽ 500 രൂപയുമാണ് ടിക്കറ്റ് ചാർജ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. അഞ്ചു മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുത്താൽ മതി. സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കി കുടുംബശ്രീയുടെ ഫുഡ് കോർട്ടും ബോട്ടിലുണ്ട്. ഉച്ചയൂണിന് നൂറ് രൂപമാത്രമാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

