ട്രെൻഡായി ‘റിവേഴ്‌സ് വെക്കേഷൻ’; സുഖസൗകര്യങ്ങൾ വേണ്ട, യാത്രയിൽ അൽപം കഷ്ടപ്പെടാം!
text_fieldsഅവധി യാത്രയെന്നാൽ മനസ്സിലേക്ക് ആദ്യം എത്തുന്നത് എന്താണ്? മികച്ച ഹോട്ടൽ മുറി, രുചികരമായ ഭക്ഷണം, എയർ കണ്ടീഷനിങ്, സ്വിമ്മിങ് പൂൾ, സൗകര്യപ്രദമായ യാത്ര... നിത്യജീവിതത്തിന്റെ തിരക്കിൽനിന്ന് ഏതാനും ദിവസത്തേക്ക് മാറി പരമാവധി സുഖം അനുഭവിക്കുക എന്നതാണ് പൊതുവെ അവധിക്കാല യാത്രകളുടെ ലക്ഷ്യം. എന്നാൽ, ഈ സുഖസൗകര്യങ്ങളെല്ലാം ഒഴിവാക്കി അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഇടങ്ങളിൽ അവധി ആഘോഷിക്കുക.
തിരിച്ചെത്തുമ്പോൾ സ്വന്തം ജീവിതത്തിലെ ചെറിയ സൗകര്യങ്ങളുടെ വില തിരിച്ചറിയുക-ഇതാണ് യാത്രാലോകത്ത് ചർച്ചയാകുന്ന ‘റിവേഴ്‌സ് വെക്കേഷൻ’.
പേരിൽ തന്നെയുണ്ട് ആശയം. വീട്ടിൽ ലഭിക്കുന്ന സൗകര്യങ്ങളെക്കാൾ കൂടുതൽ സുഖം തേടിപ്പോകുന്നതിനുപകരം, പതിവ് ജീവിതത്തേക്കാൾ കുറച്ച് സൗകര്യങ്ങളുള്ള ഒരു യാത്ര സ്വമേധയാ തിരഞ്ഞെടുക്കുകയാണ് ഇതിൽ ചെയ്യുന്നത്. കടൽത്തീരത്തെ ആഡംബര റിസോർട്ടുകൾക്കു പകരം വിദൂര ഗ്രാമത്തിലെ ഹോംസ്റ്റേ, എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞ ഹോട്ടലിന് പകരം ചെറിയ ഓഫ്-ഗ്രിഡ് ക്യാബിൻ, ഫോൺ സിഗ്നലും ഫുഡ് ഡെലിവറിയും എപ്പോഴും ലഭിക്കുന്ന നഗരത്തിന് പകരം കാര്യങ്ങൾ പതുക്കെ നീങ്ങുന്ന പ്രദേശം-ഇത്തരത്തിലുള്ള അനുഭവങ്ങളാണ് റിവേഴ്‌സ് വെക്കേഷന്റെ ഭാഗമാകുന്നത്.
എസി, അതിവേഗ ഇന്റർനെറ്റ്, ഓൺലൈൻ ഭക്ഷണവിതരണം, ഗൂഗിൾ മാപ്, ടാക്സി ആപ്പുകൾ, അലക്കാനുള്ള സൗകര്യം-ഇവയെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ അവയെ പ്രത്യേക സൗകര്യങ്ങളായി പലരും കാണാതായിട്ടുണ്ട്. ഇവയിൽ ചിലതെങ്കിലും ഏതാനും ദിവസത്തേക്ക് ഒഴിവാക്കുമ്പോൾ വീട്ടിലെത്തിയശേഷം അതേ സൗകര്യങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ കാണാനാകുമെന്നാണ് റിവേഴ്‌സ് വെക്കേഷന്റെ വാദം. എന്നാൽ റിവേഴ്‌സ് വെക്കേഷൻ എന്നതിന്റെ അർഥം മനഃപൂർവം പരമാവധി ദുരിതം തേടിപ്പോകുക എന്നല്ല. യാത്രയിൽ ഒരു സൗകര്യം ഇല്ലാത്തതിനാൽ അല്പം ബുദ്ധിമുട്ടുന്നത് ഒരു കാര്യമാണ്. എന്നാൽ ഉറക്കം നഷ്ടപ്പെടുക, ഭക്ഷണവും ആരോഗ്യവും അവഗണിക്കുക, സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാവുക, യാത്ര മുഴുവൻ ഉത്കണ്ഠയിൽ കഴിയുക എന്നിവ മറ്റൊന്നാണ്. അതുകൊണ്ടുതന്നെ ‘എത്ര കഠിനമായ യാത്ര നടത്തി’ എന്ന് സമൂഹമാധ്യമങ്ങളിൽ കാണിക്കാനുള്ള മത്സരമായി ഇത് മാറരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മൊബൈൽ മാറ്റിവെച്ചാലും നമുക്ക് ‘റിവേഴ്‌സ്’ ആകാം. എപ്പോഴും ഓൺലൈനിലാണെങ്കിൽ രണ്ടുദിവസം മൊബൈൽ ഫോൺ മാറ്റിവെക്കാം. ഓരോ മണിക്കൂറും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നയാളാണെങ്കിൽ കൃത്യമായ യാത്രാപദ്ധതിയില്ലാതെ ഒരു ദിവസം ചെലവഴിക്കാം. എല്ലാ കാര്യവും ഉടൻ ലഭിക്കണമെന്ന് ശീലിച്ചവരാണെങ്കിൽ കാര്യങ്ങൾ പതുക്കെ നടക്കുന്ന ഒരു സ്ഥലത്ത് താമസിക്കാം. ‘എന്താണ് എന്നെ അസ്വസ്ഥനാക്കിയത്’, ‘ഏത് സൗകര്യമാണ് ഏറ്റവും കൂടുതൽ മിസ് ചെയ്തത്’, ‘ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് കരുതിയതിൽ എന്തൊക്കെ യഥാർഥത്തിൽ ആവശ്യമില്ലായിരുന്നു’ തുടങ്ങിയ ചോദ്യങ്ങൾ റിവേഴ്‌സ് വെക്കേഷനെ കൂടുതൽ അർഥവത്താക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

