ഇനിയെത്ര നാൾ? 'വെഡിങ് കേക്ക് റോക്ക്' എന്ന അദ്ഭുതം നാശോന്മുഖമെന്ന് ഗവേഷകർ
text_fieldsലോകത്ത് പലതരം സ്ഥലങ്ങളുണ്ടെങ്കിലും ഇതുപോലെ കൗതുകകരമായൊരു സ്ഥലം വേറേ ഉണ്ടാകില്ല. കാരണം ഇത് കേക്ക് പോലൊരു സ്ഥലമാണ്. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ? കേക്കിന്റെ ആകൃതിയിലുള്ള മണൽ പാറയാണിത്. ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ അവിടേക്ക് എത്താറുണ്ട്. വെഡിങ് കേക്ക് റോക്ക് എന്നും വൈറ്റ് റോക്കെന്നും വിളിപേരുള്ള സ്ഥലം ഓസ്ട്രേലിയയിലെ റോയൽ നാഷണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 25 മീറ്റർ ഉയരത്തിലാണ് റോക്കുള്ളത്. പാർക്കിന്റെ കോസ്റ്റ് ട്രാക്കിലൂടെ സഞ്ചരിച്ചാൽ വൈറ്റ് റോക്കിനടുത്തെത്താം.
ഈ പ്രകൃതി വിസ്മയത്തിന് അധികം ആയുസില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പത്ത് വർഷം കൂടിയെ ഈ പാറയ്ക്ക് നിലനിൽപ്പുള്ളൂ എന്നാണ് ഗവേഷകരുടെ സാക്ഷ്യം. അധികം ഉറപ്പില്ലാത്ത ലൈംസ്റ്റോൺ ആണിത്. ഒന്നിന് മേലെ ഒന്നായി അടക്കിവെച്ചതുപോലെയെ ഇതുകണ്ടാൽ തോന്നുകയുള്ളൂ. ഈ അത്ഭുതം കാണാൻ സഞ്ചാരികൾ എത്തുന്നത് വർധിക്കുകയും നിരവധി അപകടങ്ങൾ സംഭവിക്കുകയും പതിവായതോടെ അധികൃതർ ഇങ്ങോട്ടുള്ള പ്രവേശനം നിയന്ത്രിക്കാൻ തുടങ്ങി.
കേക്ക് പോലെ തോന്നിപ്പിക്കുന്ന ഈ പാറക്കല്ലിന്റെ സുന്ദര ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതോടെ സ്ഥലം തേടിയെത്തുന്ന സന്ദർശകരുടെ എണ്ണം പാതിമടങ്ങ് വർധിച്ചു. ഉറപ്പില്ലാത്ത പാറയിൽ ആളുകൾ കയറുന്നതും അപകടം പറ്റുന്നതും പതിവായി. പാറയിൽ നിന്ന് വീണ് ആളുകളുടെ മരണത്തിന് വരെ ഇടയായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ ഇവിടേക്കുള്ള പ്രവേശനം വിലക്കുകയും ചുറ്റും സുരക്ഷാവേലി തീർക്കുകയും ചെയ്തു.
എന്നാൽ അതുകൊണ്ടൊന്നും സഞ്ചാരികളെ വിലക്കാൻ സാധിച്ചില്ല. വേലി ചാടിക്കടന്ന് ആളുകൾ പാറക്കല്ലിൽ കയറുന്നതും സെൽഫി എടുക്കുന്നതും സ്ഥിരമായി. അതോടെ അവിടെ പോലീസ് പട്രോളിങ് ആരംഭിക്കുകയും നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പിന്നീട് ഇവിടെ പാറ കാണാനായി സഞ്ചാരികൾക്ക് പ്ലാറ്റ്‌ഫോം തുടങ്ങി. കുറച്ച് വർഷങ്ങൾകൂടി ആയുസുള്ള ഈ പാലം ബലക്ഷയം സംഭവിച്ച് എപ്പോൾ വേണമെങ്കിലും ടാസ്‌മാൻ കടലിൽ പതിക്കുമെന്ന് ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

