സഞ്ചാരികൾക്ക് ആശ്വാസം; തേക്കടിയിൽ ജലജ്യോതി ഓടിത്തുടങ്ങി
text_fieldsകെ.ടി.ഡി.സി.യുടെ ജല ജ്യോതി ബോട്ട് സഞ്ചാരികളുമായി യാത്രക്കൊരുങ്ങുന്നു
കുമളി: തേക്കടിയിലെ കെ.ടി.ഡി.സി അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഒരു മാസത്തിലധികം ഓടാതിരുന്ന ഇരുനില ബോട്ട് ‘മാധ്യമം’ വാർത്തയെ തുടർന്ന് വീണ്ടും ഓടിത്തുടങ്ങിയത് വിനോദസഞ്ചാരികൾക്ക് ആശ്വാസമായി. വിനോദ സഞ്ചാരികളുടെ തിരക്കേറിയ ഘട്ടത്തിൽ 120 പേർക്ക് യാത്ര ചെയ്യാവുന്ന ജലജ്യോതി ബോട്ട് മാറ്റിയിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും കെ.ടി.ഡി.സിക്ക് വൻ വരുമാന നഷ്ടത്തിന് കാരണമാകുന്നതായും ‘മാധ്യമം’ വാർത്ത പുറത്തു വന്നതോടെയാണ് പ്രശ്നത്തിൽ ഉന്നത അധികൃതർ ഇടപെട്ടത്.
ബോട്ട് ഓടാതായതോടെ ഓരോ ദിവസത്തെയും വരുമാനം രണ്ടുലക്ഷമായി കുറഞ്ഞത് കഴിഞ്ഞ ദിവസം മുതൽ ബോട്ട് ഓടിത്തുടങ്ങിയതോടെ നാലു ലക്ഷത്തിലധികമായി വർധിച്ചു. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ബോട്ട് സൂപ്പർവൈസറും മാനേജറും തയാറാകാതിരുന്നതോടെയാണ് ലക്ഷങ്ങളുടെ വരുമാന നഷ്ടത്തിനിടയാക്കി ബോട്ട് തടാകതീരത്ത് ഒരു മാസത്തിലധികം വിശ്രമിച്ചത്.
അഞ്ചു തവണയായി 600 വിനോദ സഞ്ചാരികൾക്കാണ് ഒരുദിവസം ജലജ്യോതിയിൽ യാത്ര ചെയ്യാനാവുക. ഇതുവഴി കെ.ടി.ഡി.സിക്ക് 2.25 ലക്ഷമാണ് വരുമാനമായി ലഭിക്കുക. തേക്കടി തടാകത്തിൽ നിലവിൽ 120 പേർക്ക് യാത്ര ചെയ്യാവുന്ന കെ.ടി.ഡി.സിയുടെ രണ്ട് ഇരുനില ബോട്ടുകളും വനംവകുപ്പിന്‍റെ 60 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ബോട്ടുകളുമാണ് ഓടുന്നത്. കെ.ടി.സി.സിയുടെ മറ്റൊരു ഇരുനില ബോട്ടായ ജലരാജ അറ്റകുറ്റപ്പണിക്കെന്ന പേരിൽ വർഷങ്ങളായി കരയിൽ കയറ്റിവെച്ച നിലയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

