മഴയും മണ്ണിടിച്ചിലും; നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവിസുകൾ റദ്ദാക്കി, തടസ്സങ്ങൾ നീക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതായി അധികൃതർ
text_fieldsചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവിസുകൾ 29 വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി (56136), ഊട്ടി-മേട്ടുപ്പാളയം (56137) പാസഞ്ചർ ട്രെയിൻ സർവിസാണ് നിർത്തിവെച്ചത്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീലഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച വരെ പൈതൃക തീവണ്ടി സർവിസുകൾ റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയിലും ട്രാക്കുകളിലെ തടസ്സങ്ങൾ നീക്കാനുള്ള ജോലികൾ തുടരുകയാണെന്നും റെയിൽവേ അറിയിച്ചു.
നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവിസുകൾ
പ്രകൃതിസൗന്ദര്യവും ചരിത്രവും സാങ്കേതികവിദ്യയും ഒരുമിക്കുന്ന അപൂർവ യാത്രാനുഭവമാണ് നീലഗിരി മൗണ്ടെയ്ൻ റെയിൽവേ. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്ന് കൂനൂർ വഴി ഊട്ടിയിലേക്കുള്ള 46 കിലോമീറ്റർ ദൂരമാണ് 'ടോയ് ട്രെയിൻ' എന്നറിയപ്പെടുന്ന ഈ പൈതൃക തീവണ്ടി ഓടുന്നത്. പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങൾ, കോടമഞ്ഞ് മൂടിയ മലനിരകൾ, താഴ്‌വരകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാമെന്നതാണ് യാത്രയുടെ ആകർഷണം. 16 തുരങ്കങ്ങളും 250ലേറെ പാലങ്ങളും ഇരുനൂറിലധികം വളവുകളും കടന്നാണ് തീവണ്ടിയുടെ സഞ്ചാരം. ഏകദേശം അഞ്ചുമണിക്കൂറാണ് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള യാത്രാസമയം.
കുത്തനെയുള്ള മലഞ്ചെരിവുകളിൽ തീവണ്ടി കയറാൻ സഹായിക്കുന്ന 'റാക്ക് ആൻഡ് പിനിയൻ' സംവിധാനമാണ് മറ്റൊരു സവിശേഷത. ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിക്കുന്ന ഏക റെയിൽപാതയാണിത്. മേട്ടുപ്പാളയം-കൂനൂർ ഭാഗത്ത് ആവി എൻജിനും കൂനൂർ-ഊട്ടി ഭാഗത്ത് ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. 1899 ൽ മേട്ടുപ്പാളയം-കൂനൂർ പാത തുറന്നു. 1908ൽ പാത ഊട്ടിവരെ നീട്ടി. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടി. സമുദ്രനിരപ്പിൽനിന്ന് 326 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 2,203 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി കയറുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ അടയാളമായ റെയിൽപാത ഇന്നും വിനോദസഞ്ചാരികളുടെ ആകർഷണമാണ്.

