ഖത്തർ: തീരങ്ങൾ ആഘോഷ കേന്ദ്രങ്ങൾ
text_fieldsവെസ്റ്റ്ബേ കടൽത്തീരം
ദോഹ: സന്ദർശകർക്ക് ആഘോഷതീരമാക്കാൻ ദോഹയിലെ പ്രധാന കടൽത്തീരങ്ങൾ വീണ്ടും സജീവമാകുന്നു. വെസ്റ്റ് ബേ ബീച്ച്, ദോഹ സാൻഡ്സ്, ബി 12 എന്നിവയുടെ പ്രവർത്തനത്തിനുള്ള ലൈസൻസുകൾ പുതുക്കി ഖത്തർ ടൂറിസം. ഡിസ്കവർ ഖത്തറിന് ദോഹ സാൻഡ്സും ബി 12നുമുള്ള ഓപറേറ്റിങ് ലൈസൻസ് രണ്ടു വർഷത്തേക്ക് അനുവദിച്ചപ്പോൾ വെസ്റ്റ് ബേ ബീച്ച് പരിപാലിക്കുന്നതിന് ഖത്തർ ടൂറിസവുമായുള്ള പങ്കാളിത്തം ലോഫ്റ്റ് എ വിപുലീകരിച്ചു.
വെസ്റ്റ് ബേ വാട്ടർഫ്രണ്ടിനോടുചേർന്ന് വിവിധ ബീച്ച് പ്രവർത്തനങ്ങൾ, കായിക ഇനങ്ങൾ, രുചിവൈവിധ്യങ്ങളോടെ ഭക്ഷ്യ-പാനീയങ്ങൾ എന്നിവ സഹിതം കുടുംബ-സൗഹൃദ ബീച്ച് അനുഭവങ്ങൾ നൽകാനുള്ള ഖത്തർ ടൂറിസത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ.
വോളിബാൾ കോർട്ട്, മുഴുദിവസത്തെ ഭക്ഷണ-പാനീയ സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയുൾപ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് വെസ്റ്റ് ബേ ബീച്ചുകൾ പ്രവർത്തിക്കുന്നതെന്ന് ഖത്തർ ടൂറിസം ഇൻവെസ്റ്റ്മെന്റ് പോളിസി വിഭാഗം മേധാവി ഐഷ അൽ മുല്ല പറഞ്ഞു.
ഖത്തർ ടൂറിസം ഓഫറുകൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനാനുമതി ദീർഘിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും അൽ മുല്ല കൂട്ടിച്ചേർത്തു. മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഖത്തറിന് മനോഹരവും വിശാലവുമായ തീരപ്രദേശമാണുള്ളത്.
സൗകര്യപ്രദവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ നഗരമധ്യത്തിൽതന്നെ ബീച്ച് അനുഭവം വാഗ്ദാനം ചെയ്യുകയെന്നത് കുടുംബ സൗഹൃദ അവധിക്കാല തെരഞ്ഞെടുപ്പ് എന്നനിലയിൽ ദോഹയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

