
രാജ്യത്ത് ആഭ്യന്തര വിമാന സർവിസ് 85 ശതമാനമാക്കി ഉയർത്താൻ അനുമതി
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവിസുകളിൽ 85 ശതമാനമാക്കി ഉയർത്താൻ വിമാന കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. 72.5 ശതമാനം ആഭ്യന്തര സർവിസുകള്‍ നടത്താനാണ് നിലവിൽ അനുമതിയുണ്ടായിരുന്നത്. ഇതാണ് 85 ശതമാനമാക്കി ഉയർത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 25ന് ആഭ്യന്തര വിമാനസർവിസുകള്‍ പുനരാരംഭിച്ചപ്പോള്‍ 33 ശതമാനം സർവിസുകള്ക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി സർവിസുകള്‍ വര്‍ധിപ്പിച്ചു. ഡിസംബറില്‍ ഇത് 80 ശതമാനത്തിലേക്ക് എത്തി.
രണ്ടാം കോവിഡ് തരംഗം രൂക്ഷമായപ്പോള്‍ വീണ്ടും 50 ശതമാനമായി സർവിസ് ചുരുക്കിയിരുന്നു. ഇതാണ് വീണ്ടും ഘട്ടം ഘട്ടമായി 85 ശതമാനത്തിലേക്ക് എത്തിയത്.
അതിനിടെ, വിദേശ ടൂറിസ്റ്റുകൾക്ക് രാജ്യം സന്ദർശിക്കാനുള്ള അനുമതി അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെല ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ വിസ നിയമങ്ങളിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നില്ല.
