മരുഭൂമിയിൽ പൈഡൽ വിവം; ലോക ചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി ദുബൈ!!!
text_fieldsആകാശം മുട്ടുന്ന കെട്ടിടങ്ങളും ആഡംബര കാറുകൾ ചീറിപ്പായുന്ന എട്ടു വരിപ്പാതകളും മാത്രമല്ല ഇനി ദുബൈയുടെ അടയാളം. മരുഭൂമിയിലും നഗരത്തിന്‍റെ മുക്കിലും മൂലയിലും നീളുന്ന വർണാഭമായ സൈക്കിൾ പാതകളിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുന്ന ജനത വരുംകാല ദുബൈയുടെ പുതിയ മുഖമാവുകയാണ്. വെറുമൊരു വിനോ ദോപാധി എന്നതിലുപരി, നഗരജീവിതത്തിന്‍റെ ഭാഗമായി സൈക്ലിങ്ങി മാറ്റുന്ന വിപ്ലവകരമായ പദ്ധതികളാണ് ഇപ്പോൾ ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ദുബൈയിലെ തിരക്കേറിയ പാതകളിൽ സൈക്കിൾ ചവിട്ടുന്നതിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച സൈക്കിൾ സൗഹൃദ നഗരങ്ങളായ ആംസ്റ്റർഡാമിനോടും കോപ്പൻഹേഗനോടും കിടപിടിക്കുന്ന രീതിയിൽ ഒരു സൈക്ലിങ് സംസ്കാരമാണ് ദുബൈ കെട്ടിപ്പടുക്കുന്നത്. കേവലം ട്രാക്കുകൾ നിർമിക്കുക എന്നതിനപ്പുറം, ഒരു നഗരത്തിന്‍റ ജീവിതശൈലിയെ തന്നെ മാറ്റി മറിച്ച ഈ ‘പെഡൽ വിപ്ലവ’ത്തിന്‍റെ കഥ ആരംഭിക്കുന്നത് കൃത്യമായ കാഴ്ചപ്പാടിൽ നിന്നാണ്. പതിനഞ്ചു വർഷം മുമ്പ് കൊണ്ടുവന്ന ആശയം ഇതിനോടകം തന്നെ 600 കിലോമീറ്ററിലധികം ട്രാക്കുകൾ പൂർത്തിയായിക്കഴിഞ്ഞു. 2030ഓടെ ദുബൈയിലെ സൈക്കിൾ ട്രാക്കുകളുടെ ആകെ ദൈർഘ്യം 1,000 കിലോമീറ്ററിൽ എത്തിക്കുക എന്ന വിപ്ലവകരമായ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭരണാധികാരികൾക്കൊപ്പം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ).
തുടക്കം: ദീർഘവീക്ഷണത്തിന്‍റെ ചവിട്ടുപടികൾ
ദുബൈ നഗരത്തെ സൈക്കിൾ സൗഹൃദമാക്കുക എന്ന ആലോചനകൾ 2010 ലാണ് തുടങ്ങുന്നത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ദീർഘവീക്ഷണമായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി. നെതർലാൻഡ്‌സ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ എങ്ങനെയാണ് സൈക്ലിങ്ങിനെ തങ്ങളുടെ ഗതാഗത സംവിധാനത്തിന്‍റെ അവിഭാജ്യ ഘടകമാക്കിയത് എന്നത് ദുബൈ ഗതാഗത വകുപ്പ് സൂക്ഷ്മമായി പഠിച്ചു. കടുത്ത വേനൽക്കാലമുള്ള ഒരു മരുഭൂമി നഗരത്തിൽ എങ്ങനെയിത് പ്രായോഗികമാക്കാം എന്നതായിരുന്നു പ്രധാന വെല്ലുവിളി.
2011ൽ ആർ.ടി.എ ആദ്യമായി ഇതു സംബന്ധിച്ച സമഗ്ര സൈക്ലിങ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അക്കാലത്ത് ദുബൈയിലെ റോഡുകൾ പൂർണമായും വലിയ വാഹനങ്ങളെ മാത്രം മുൻനിർത്തി രൂപകൽപ്പന ചെയ്തവയായിരുന്നു. ഈ മാസ്റ്റർ പ്ലാനിലൂടെയാണ് നഗരത്തെ വിവിധ സോണുകളായി തിരിക്കുകയും എവിടെയൊക്കെ ട്രാക്കുകൾ വേണമെന്ന് മാപ്പ് ചെയ്യുകയും ചെയ്തത്.
ആദ്യത്തെ വിനോദസഞ്ചാര ട്രാക്കുകളുടെ നിർമാണം
തുടക്കത്തിൽ ജനങ്ങളെ സൈക്ലിങ്ങിലേക്ക് ആകർഷിക്കുന്നതിനായി വിനോദസഞ്ചാര പ്രാധാന്യമുള്ള അൽ ഖുദ്ര തടാകത്തിനു ചുറ്റുമായിരുന്നു ആദ്യ ട്രാക്ക് പരീക്ഷണം. 2012-13 കാലഘട്ടത്തിൽ നിർമിച്ച ഈ ട്രാക്ക് ദുബൈയിലെ സൈക്ലിങ് വിപ്ലവത്തിന്‍റെ തുടക്കമായി. മരുഭൂമിയിലൂടെയുള്ള 100 കിലോമീറ്ററിലധികം വരുന്ന പാത ലോകമെമ്പാടുമുള്ള സൈക്ലിസ്റ്റുകളെ ഇവിടേക്ക് ആകർഷിച്ചു. അതോടൊപ്പം തന്നെ ജുമൈറ ബീച്ചിൽ കടൽതീരത്തിന് സമാന്തരമായി നിർമിച്ച മറ്റൊരു പാതയും സൈക്ലിങ്ങിനെ ഒരു ജീവിതശൈലിയായി മാറ്റാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നതായി. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ മറീനയിലും ഡൗൺടൗണിലും സൈക്കിൾ ഷെയറിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. സൈക്കിൾ സ്വന്തമായി ഇല്ലാത്തവർക്കും അത് വാടകക്കെടുത്ത് ഉപയോഗിക്കാനുള്ള സൗകര്യം എന്ന വലിയ മാറ്റമാണ് ഇതുണ്ടാക്കിയത്.
2014ൽ തെരെഞ്ഞെടുക്കപ്പെട്ട താമസ മേഖലകളായ അൽ ബർഷ, മിർദിഫ് എന്നിവിടങ്ങളിൽ ‘പൈലറ്റ് ട്രാക് പ്രോജക്റ്റുകൾ’ നിർമിച്ചായിരുന്നു അടുത്ത പരീക്ഷണം. ജനങ്ങൾ ഇത് എത്രത്തോളം ഉപയോഗിക്കുന്നുണ്ടെന്ന് ആർ.ടി.എ നിരീക്ഷിച്ചു. ഇത് പിൽക്കാലത്ത് നഗരത്തിലുടനീളം റെസിഡൻഷ്യൽ ഏരിയകളിൽ ട്രാക്കുകൾ വ്യാപിപ്പിക്കുന്നതിന് വലിയ പാഠമായി. 2017ൽ ആരംഭിച്ച ‘ദുബൈ ഫിറ്റ്നസ് ചലഞ്ച്’ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച വലിയ സ്വാധീനം ഈ പദ്ധതിക്ക് ആവശ്യമായ സാമൂഹിക അടിത്തറ പാകിയതും മുന്നേറ്റമാണ്.
റോഡ് സുരക്ഷാ നിയമങ്ങളിലെ മാറ്റം
പദ്ധതികൾ നടപ്പിലായി വന്നതോടെ ആളുകൾ ഇതിനോട് കൂടുതൽ താൽപര്യം കാണിക്കുന്നതായി മനസ്സിലാക്കിയ ഭരണാധികാരികൾ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയ നടപടി ഏറെ ശ്രദ്ധേയമായിരുന്നു. സൈക്കിൾ ട്രാക്കുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുകയും സൈക്ലിസ്റ്റുകളുടെ അവകാശങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. സൈക്കിൾ ട്രാക്കുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോ ഡ്രൈവ് ചെയ്യുന്നതോ കടുത്ത പിഴ ഈടാക്കുന്ന കുറ്റമാക്കി മാറ്റി. സൈക്കിളിനെ മറികടക്കുമ്പോൾ മോട്ടോർ വാഹനങ്ങൾ പാലിക്കേണ്ട കുറഞ്ഞ അകലം നിയമപരമായി നിശ്ചയിച്ചു. സൈക്ലിസ്റ്റുകളെ മനപ്പൂർവ്വം ശല്യം ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ കൊണ്ടുവന്നു. സൈക്ലിസ്റ്റുകൾക്ക് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ മാറ്റങ്ങൾ വരുത്തി. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ പ്രധാന ട്രാക്കുകളിൽ സൈക്കിൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഹെൽമെറ്റ് ധരിക്കാതിരിക്കുക, നിരോധിത റോഡുകളിൽ സൈക്കിൾ ഓടിക്കുക, ട്രാഫിക് ദിശയ്ക്ക് വിപരീതമായി ഓടിക്കുക എന്നിവക്ക് പിഴ ഏർപ്പെടുത്തി.
മാറുന്ന ജീവിതശൈലി
കണക്കുകൾ പ്രകാരം 2024നെ അപേക്ഷിച്ച് 2025ൽ സൈക്കിൾ യാത്രക്കാരുടെ എണ്ണത്തിൽ 23.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഒരു വർഷം ഏകദേശം 5.7 കോടി യാത്രകൾ സൈക്കിളിൽ നടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗം എന്നതിലുപരി, ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് ദുബൈ നിവാസികളെ എത്തിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. നഗരജീവിതത്തിലെ തിരക്കുകളിൽ നിന്നും ജോലി സമ്മർദങ്ങളിൽ നിന്നും മാറി, പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള സൈക്കിൾ യാത്രകൾ ആളുകൾക്ക് വലിയ മാനസികോല്ലാസം നൽകുന്നു. ദുബൈ ഫിറ്റ്നസ് ചലഞ്ച് പോലുള്ള പദ്ധതികൾ വന്നതോടെ, ജിമ്മുകൾക്കുള്ളിലെ വ്യായാമത്തേക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് സൈക്കിൾ ട്രാക്കുകളെയാണ്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും കുടുംബത്തോടൊപ്പം സൈക്കിൾ ചവിട്ടാൻ ഇറങ്ങുന്നത് ഇന്ന് ദുബൈയിലെ ഒരു പ്രധാന വിനോദമായി മാറി. ഹ്രസ്വദൂര യാത്രകൾക്ക് സൈക്കിളുകളോ ഇ-സ്കൂട്ടറുകളോ ഉപയോഗിക്കാൻ തുടങ്ങി. ഓഫീസിലേക്കോ കടകളിലേക്കോ പോകാൻ ടാക്സികളെയോ ബസ്സുകളെയോ കാത്തുനിൽക്കാതെ, മെട്രോ സ്റ്റേഷനിൽ നിന്ന് സൈക്കിളിൽ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുന്നത് ജോലിക്കാർക്ക് വലിയ ആശ്വാസമാണ്. സമയലാഭത്തിനൊപ്പം തന്നെ ഇത് ഒരു ‘ആക്ടീവ് ലൈഫ് സ്റ്റൈൽ’ ഉറപ്പാക്കുന്നു. വൈകുന്നേരങ്ങളിൽ ട്രാക്കുകളിൽ ഒത്തുചേരുന്ന സൈക്ലിങ് ഗ്രൂപ്പുകളും ക്ലബ്ബുകളും പുതിയ സൗഹൃദങ്ങൾക്കും സാമൂഹിക കൂട്ടായ്മകൾക്കും വഴിതുറന്നു.
‘20-മിനിറ്റ് സിറ്റി’ എന്ന സ്വപ്നം
2021ൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘ദുബൈ സൈക്കിൾ സൗഹൃദ നഗരം’ എന്ന നയം പ്രഖ്യാപിച്ചതോടെ പദ്ധതികൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വേഗത ലഭിച്ചു. ഈ പദ്ധതിയുടെ പ്രധാന ആകർഷണം ‘20 മിനിറ്റ് സിറ്റി’ എന്ന ആശയമാണ്. അതായത്, ദുബൈയിലെ ഏതൊരു താമസക്കാരനും തന്‍റെ ദൈനംദിന ആവശ്യങ്ങളായ കടകൾ, ആശുപത്രികൾ, പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവയിലേക്ക് 20 മിനിറ്റിനുള്ളിൽ സൈക്കിൾ വഴിയോ നടന്നുപോയോ എത്തിച്ചേരാൻ കഴിയണം. 2040 അർബൻ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായുള്ളതാണ് ‘20-മിനിറ്റ് സിറ്റി’
1000 കിലോമീറ്റർ എന്ന ആഗോള ലക്ഷ്യം
2030ഓടെ ദുബൈയിലെ സൈക്കിൾ ട്രാക്കുകളുടെ ആകെ ദൈർഘ്യം 1,000 കിലോമീറ്ററിൽ എത്തിച്ച് ലോക റെക്കോർഡിടുക എന്നതാണ് ഭരണകൂടത്തിന്‍റെ ലക്ഷ്യം. നിലവിൽ 600 കിലോമീറ്ററിലധികം ട്രാക്കുകൾ പൂർത്തിയായിക്കഴിഞ്ഞു. 2024ൽ 560 കിലോമീറ്റർ ആയിരുന്ന ട്രാക്കുകളുടെ നീളം 2025 അവസാനത്തോടെ 636 കിലോമീറ്ററായി വർധിപ്പിക്കാൻ ആർ.ടി.എ ക്ക് സാധിച്ചു. 2026 മാർച്ചിൽ മാത്രം 162 കിലോമീറ്റർ നീളമുള്ള 13 പുതിയ ട്രാക്കുകളാണ് നിർമാണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തത്. അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെ നീളുന്ന പാതയും, പ്രകൃതിഭംഗി ആസ്വദിക്കാൻ സാധിക്കുന്ന അൽ വർഖ - സെയ്ഹ് അൽ സലാം പാതയും ഇതിൽ പ്രധാനമാണ്. അൽ വർഖ, ഖിസൈസ് അൽ നഹ്ദ സ്ട്രീറ്റ്, ടൂണിസ് സ്ട്രീറ്റ്, ഇന്‍റർനാഷണൽ സിറ്റി, സിലിക്കൺ ഒയാസിസ്, വാദി അൽ സഫ, ജുമൈറ തുടങ്ങിയ സ്ഥലങ്ങളിലായി 64 കിലോമീറ്റർ ട്രാക്കുകൾ പൂർത്തിയായി. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ പോലുള്ള ബിസിനസ്സ് മേഖലകളെ ജുമൈറ ബീച്ചുമായി ബന്ധിപ്പിക്കുന്ന ട്രാക്കുകൾ ജോലി കഴിഞ്ഞുള്ള വിശ്രമവേളകൾക്കായി ആളുകൾ കൂടുതലായി ഉപയോഗിക്കുന്നു.
സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്കായി പ്രധാന റോഡുകൾക്ക് മുകളിലൂടെ പ്രത്യേക സൈക്കിൾ പാലങ്ങളാണ് ഒരുങ്ങുന്നത്. ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ -അൽ ഐൻ റോഡ് എന്നിവിടങ്ങളിലെ പാലങ്ങൾ സൈക്കിൾ യാത്രക്കാർക്ക് തടസ്സമില്ലാതെയും അപകടഭയമില്ലാതെയും സഞ്ചരിക്കാൻ സഹായിക്കും . അൽ ഖവാനീജിനെ മംസാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് മുകളിലൂടെയുള്ള പാലം . ദുബൈ-അൽ ഐൻ റോഡിന് മുകളിലൂടെയുള്ള പാലം സെയ്ഹ് അൽ സലാമിനെ അൽ വർഖ, അൽ ഖവാനീജ് എന്നിവയുമായി ബന്ധിപ്പിക്കുന്നു. ശൈഖ് സായിദ് റോഡിന് മുകളിലൂടെ ഹെസ്സ സ്ട്രീറ്റിലേക്ക് ബന്ധിപ്പിക്കുന്നതും അൽ ഖൈൽ റോഡിന് മുകളിലൂടെ ദുബൈ ഹിൽസിനെ ഹെസ്സ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതുമാണ് മറ്റു രണ്ടു പാലങ്ങൾ. ഈ ട്രാക്കുകളെല്ലാം 2026ന്‍റെ രണ്ടാം പാദത്തോടെ പൂർണമായും തുറന്നു കൊടുക്കും. 2025ൽ സൈക്കിൾ യാത്രക്കാരുടെ എണ്ണത്തിൽ 23.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് (ഏകദേശം 5.7 കോടി യാത്രകൾ). ജനസാന്ദ്രത, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ട്രാക്കുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തിയത് പദ്ധതിയുടെ വിജയത്തിന് കാരണമായി. കരീം എന്ന ഏജൻസിയുമായി ചേർന്ന് നടപ്പിലാക്കിയ ‘കരീം ബൈക്ക്’ പദ്ധതി ഇതിൽ പ്രധാനമാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് സ്മാർട്ട് സ്റ്റേഷനുകൾ കരീം ഒരുക്കിയിട്ടുണ്ട്. ഇത് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഓഫീസുകളിലേക്കുള്ള ദൂരം കുറയ്ക്കാൻ വലിയ രീതിയിൽ സഹായിച്ചു. കരീം പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ദുബൈയിലെ സാധാരണ ജീവനക്കാരും തൊഴിലാളികളുമാണ്. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഓഫീസുകളിലേക്കും താമസസ്ഥലങ്ങളിലേക്കും പോകാൻ ഇപ്പോൾ സൈക്കിളുകളോ ഇ-സ്കൂട്ടറുകളോ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം സമയം ലാഭിക്കാനും സഹായിക്കുന്നു.
ആഗോള അംഗീകാരം
സൈക്ലിങ്ങിന് പ്രാധാന്യം നൽകുന്ന നഗരങ്ങളുടെ പട്ടികയായ ‘കോപ്പൻഹേഗനൈസ് ഇൻഡക്സിൽ’ ലോകത്തിലെ മികച്ച 100 നഗരങ്ങളിൽ ദുബൈ ഇടംപിടിച്ചത് വലിയൊരു നേട്ടമാണ്. മിഡിൽ ഈസ്റ്റിൽ നിന്ന് ഈ പട്ടികയിൽ എത്തുന്ന ആദ്യ നഗരമാണിതെന്നതും ശ്രദ്ധേയമാണ്. യൂണിയൻ സൈക്ലിസ്റ്റ് ഇന്‍റർനാഷണൽ (യു.സി.ഐ ) എന്ന ആഗോള സൈക്ലിങ് സംഘടനയുടെ നിലവാരമനുസരിച്ചാണ് ദുബൈയിലെ ട്രാക്കുകൾ നിർമിച്ചിരിക്കുന്നത്. ലോകോത്തര സൈക്ലിങ് മത്സരങ്ങൾ ദുബൈയിൽ വിജയകരമായി സംഘടിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ നഗരത്തിന്‍റെ പ്രശസ്തി വർധിപ്പിച്ചു. ലോകത്തിലെ പ്രൊഫഷണൽ സൈക്കിൾ താരങ്ങൾ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളിലൊന്നായി ഇന്ന് ദുബൈ മാറിയിരിക്കുന്നു. വാഹനങ്ങളുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, ശുദ്ധവായു ശ്വസിച്ച് നഗരം കാണാൻ ആഗ്രഹിക്കുന്നവർക്ക് ദുബൈയിലെ ഈ പുതിയ പാതകൾ ഒരു മുതൽക്കൂട്ടാണ്. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച ‘സൈക്കിൾ സൗഹൃദ’ നഗരമായി ദുബൈ മാറുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

