സാഹസികരുടെ ഇഷ്ടകേന്ദ്രമായി പതിക്കമല
text_fieldsഇടുക്കി പെരുമ
പന്നിമറ്റം: ട്രക്കിങ് താൽപര്യമുള്ളവരുടെ ഇഷ്ടകേന്ദ്രമായി പതിക്കമല മാറുന്നു. സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരെയാണ് പതിക്കമല. ഇവിടെനിന്നാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ നെല്ലിക്കാമലയും ഇലവീഴാപൂഞ്ചിറയും കണ്ട് ആസ്വദിക്കാം. താഴ്വരയിൽനിന്ന് നോക്കിയാൽ സൂര്യനെ എത്തിപ്പിടിക്കാമെന്നുതോന്നും. പിന്നെ കൊടുമുടിയുടെ നെറുകയിൽ എത്താൻ കഴിയുമോ എന്ന ആശങ്കയും.
എന്നാൽ, ട്രക്കിങ്ങിൽ താൽപര്യമുള്ളവർക്ക് ഏറെ ഇഷ്ടമുള്ള പ്രദേശമാണിവിടം. മലമുകളിൽ എത്തിയാൽ ഒട്ടേറെ പ്രദേശങ്ങളുടെ വിദൂരഭംഗി ആസ്വദിക്കാൻ സാധിക്കും. പന്നിമറ്റം-തൊടുപുഴ റോഡിൽനിന്ന് പതിക്കമലയിലേക്കുള്ള യാത്രയിൽ പാതിവഴി എത്തിയാൽ കുറച്ചുനിരപ്പുള്ള ഭാഗമുണ്ട്.
പതിക്കമലയിലേക്കുള്ള വഴിയരികിലെ ചെറിയ അരുവി
ഇതിനടുത്ത് മലമടക്കിൽനിന്ന് ഒഴുകിയെത്തുന്ന ചെറിയ അരുവിയും വെള്ളച്ചാട്ടവും കാണാം. അവിടെ അൽപനേരം വിശ്രമിച്ച് ക്ഷീണം മാറ്റി വീണ്ടും മലകയറാം. മലമുകളിൽ വരെ എത്താൻ റോഡില്ല. ഒരു കിലോമീറ്ററിലേറെ നടന്നുകയറണം. ഇങ്ങനെ നടന്നുകയറിയാൽ പതിക്കമലയിൽനിന്ന് ഇരുകല്ലുംപാറയിലെത്താം. അങ്ങനെ അവിടുത്തെ കാഴ്ചകളും കണ്ടുമടങ്ങാം.
ഒരു ദിവസത്തെ ട്രക്കിങ്ങിന് കഴിയുന്ന സുന്ദരപ്രദേശമാണ് പതിക്കമല. റോഡില്ലാത്ത ഭാഗത്ത് നടന്നുകയറാൻ നടപ്പാതയും കൈവരിയും പണിയാൻ വെള്ളിയാമറ്റം പഞ്ചായത്ത് തയാറായാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. കടുത്ത വേനലിലും പതിക്കമലയിൽ പലയിടങ്ങളിലും വറ്റാത്ത നീരുറവകൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

