
തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് രൂപരേഖയായി; ഇനി ചരിത്രസ്മാരകങ്ങൾ മനോഹരമാവും
text_fieldsതിരുവനന്തപുരം: ചരിത്രസ്മാരകൾക്ക് സംരക്ഷണവും തനിമയും ഉറപ്പാക്കി മനോഹരമാക്കുന്ന തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരള സർക്കാറിെൻറ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർഥസാരഥി ക്ഷേത്രം വരെ നീളുന്ന പൈതൃക ടൂറിസം പദ്ധതിയുടെ രൂപരേഖ തയാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണൻ ലാംബ അസോസിയേറ്റ്സാണ് പദ്ധതി രൂപരേഖ തയാറാക്കിയത്.
തിരുവനന്തപുരത്തെ പൗരാണിക ഭംഗിയേറിയ ചരിത്രപ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ ആകർഷകമാക്കി സംരക്ഷിക്കുന്നത് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേകോട്ടയും എം.ജി റോഡ് മുതൽ വെള്ളയമ്പലം വരെ പ്രൗഢഭംഗിയാർന്ന 19 കെട്ടിട സമുച്ചയങ്ങളാണ് അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കുക. കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽവരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും.
കാലപ്പഴക്കത്താൽ നാശോന്മുഖമായ ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും.
സെക്രട്ടേറിയറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കും. ദീപപ്രഭയിൽ തിളങ്ങുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കേരളത്തിെൻറ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്കരിക്കും. തിരുവനന്തപുരത്തെ പ്രൗഢിയാർന്ന കെട്ടിടങ്ങളെല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും.
രാജാരവിവർമയുടെ ഓർമകൾ നിറയുന്ന കിളിമാനൂർ രാജ കൊട്ടാരം പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പൈതൃക ടൂറിസം കേന്ദ്രമാക്കും. കൊല്ലത്തെ ചീന കൊട്ടാരവും ചിന്നക്കടയിലെ ക്ലോക്ക് ടവറും സംരക്ഷിച്ച് മനോഹരമാക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.
തിരുവിതാംകൂറിെൻറ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ഉടൻ ആരംഭിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
