ഇനി യാത്ര തുടങ്ങാം... കാടറിഞ്ഞ്
text_fieldsയാത്രകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രകൃതിയൊരുക്കിയ കാഴ്ചവിരുന്നുകൾ ഇനിയും വരണമെന്ന പ്രേരണയാണ് ഓരോ യാത്രകളിലൂടെയും അനുഭവപ്പെടുന്നത്. കാട്ടും കാട്ടറിവുകളും പ്രകൃതിയും വന്യമൃഗങ്ങളും കാടിനോട് ചേർന്ന് ജീവിക്കുന്നവരുടെ ജീവിതവും അവരുടെ ഉപജീവനവുമാണ് ട്രെക്കിങ്ങിനെ ആവേശകരമാക്കുന്നത്. മലകൾക്ക് മുകളിലൂടെ നിമിഷം കൊണ്ട് മാറിമറയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ആസ്വദിച്ചാവണം ഓരോ യാത്രയും. വന്യമൃഗങ്ങളെ ശല്യപ്പെടുത്താതെ അവയെ കണ്ടറിഞ്ഞ് ജീവികൾക്ക് ശല്യമുണ്ടാക്കാതെ യാത്ര തുടരണം.
ട്രെക്കിങ്ങിൽ സാഹസികതയാണ് എന്നും ഹരം. കാടിനുള്ളിൽ സഞ്ചാരികളെ ഒന്നിച്ച് കടത്തിവിടുന്ന രീതിയില്ല. പകരം മുൻകൂട്ടി നിശ്ചയിച്ച് ഒമ്പതോ പത്തോ അംഗങ്ങളുള്ള സംഘമായാണ് ട്രെക്കിങ്ങിനായി കാടുകയറുന്നത്. ഇത്തരം ട്രെക്കിങ്ങുകളാണ് വനംവകുപ്പും അനുവദിക്കുക. വരുന്ന സഞ്ചാരിക്കളെ ഒറ്റക്ക് വിടുന്ന പതിവില്ല. പണം അടച്ച് പ്രവേശനം ലഭിച്ചാൽ കാടിനകത്തു കയറാൻ വനംവകുപ്പിലെ ഉദ്യോഗസ്ഥരും കാടിനെ അറിയുന്ന വാച്ചർമാരും കൂട്ടായി വരും. സഞ്ചാരികളുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥനും വാച്ചറും പറയുന്നതിന് അനുസരിച്ചായിരിക്കും.
ഇന്ത്യയിൽ പലയിടങ്ങളിലും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. ട്രെക്കിങ്ങുകളിൽ കേരളത്തിലെ അഗസ്ത്യകൂടം പ്രശസ്തമാണ്. ഇവിടെ ട്രെക്കിങ്ങിനായി വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും നിരവധി പേർ എത്താറുണ്ട്. ഇത്തരം ട്രെക്കിങ്ങുകൾ സംഘടിപ്പിക്കുന്നത് വനംവകുപ്പാണ്. അഗസ്ത്യകൂടം, മേഘമല, ചെമ്പ്ര കൊടുമുടി, മീശപ്പുലിമല, ധോണി ഹിൽസ്, സൈലന്റ് വാലി, രാമക്കൽമേട്, തുഷാരഗിരി, പൊൻമുടി, നെല്ലിയാമ്പതി, ചൊക്രമുടി എന്നിങ്ങനെ നിരവധി ട്രെക്കിങ് സ്പോട്ടുകളുണ്ട് കേരളത്തിൽ. അഗസ്ത്യാർകൂടത്തിന് മുകളിൽനിന്ന് നോക്കുമ്പോൾ ഒരുവശത്ത് നെയ്യാറും മറുവശത്ത് താമരഭരണിയാറും ഉദ്ഭവിക്കുന്നത് കാണാമെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു.
വനംവകുപ്പ് ട്രെക്കിങ്ങുകൾ പ്രോത്സാഹിപ്പിക്കാൻ കാരണമുണ്ട്. ഒരു സംഘം ട്രെക്കിങ്ങ് നടത്തിയാൽ വനംവകുപ്പിന് മാത്രമല്ല കാടിനെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതവും മെച്ചപ്പെടും എന്നുള്ളതാണ്. വനവിഭവങ്ങൾ വിൽപനക്കായി എത്തിക്കുന്നതും സഞ്ചാരികൾക്കായി ഭക്ഷണവും ഇവർ എത്തിച്ചുനൽകും. ട്രെക്കിങ്ങിനിടെ ഇവർ നടത്തുന്ന ചില കടകളിൽനിന്നും സഞ്ചാരിക്കൾക്കുള്ള ലഘുഭക്ഷണവും മറ്റും തയാറാക്കുന്നത് പ്രദേശവാസികൾ തന്നെയായിരിക്കും. ഇങ്ങനെ ലഭിക്കുന്ന കച്ചവടത്തിലൂടെ ഇവർക്കുള്ള വരുമാനവും ലഭിക്കും. ട്രെക്കിങ്ങുകളിൽ വനം ഉദ്യോഗസ്ഥരെ കൂടാതെ കാടറിഞ്ഞ പ്രദേശവാസികളെയായിരിക്കും വാച്ചർമാരായി ജോലിക്ക് എടുക്കുന്നത്. ഇവർ വഴി തെറ്റാതെ വന്യമൃഗങ്ങൾക്ക് ശല്യമാക്കാതെ സഞ്ചാരികളെ കാടിനകത്തെ കാഴ്ചകൾക്കായി കൊണ്ടുപോകും. ഇങ്ങനെ എക്കോ ടൂറിസം വഴി കാടിനെ ആശ്രയിക്കുന്നവരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും.
ആദ്യമായി ട്രെക്കിങ്ങിന് പോകുന്നവർ
. ആദ്യമായി ട്രെക്കിങ്ങിന് പോകുന്നവർ അവരുടെ ആരോഗ്യം ഉറപ്പുവരുത്തണം. മലകൾക്ക് മുകളിൽ നിമിഷനേരം കൊണ്ട് കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിക്കാം. കാലാവസ്ഥാ മാറ്റങ്ങൾ ഉൾകൊള്ളാൻ സാധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. കുത്തനെയുള്ള കയറ്റങ്ങൾ കയറുന്നതിനുള്ള ആരോഗ്യമുണ്ടോയെന്ന് സ്വയം ഉറപ്പുവരുത്തണം.
. പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുകളും വനമേഖലയിൽ കൊണ്ടുവരരുത്. പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഉണ്ടെങ്കിൽ തിരികെ കൊണ്ടുപോകണം. വനത്തിൽ ഉപേക്ഷിക്കരുത്. ലഘുഭക്ഷണങ്ങൾ കൊണ്ടുവരാം. ഡ്രൈ ഫൂഡ്സ് പോലുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കാം.
. അട്ട പോലുള്ള ചെറുജീവികളുടെ കടിയേൽകാതിരിക്കാൻ ഉപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാം.
. വനപാലകർ തരുന്ന നിർദേശങ്ങൾ പൂർണമായും സ്വീകരിക്കണം.
. വന്യമൃഗങ്ങളെ കണ്ടാൽ ശബ്ദമുണ്ടാക്കരുത്. ശബ്ദമുണ്ടാക്കിയാൽ അവ നമ്മുടെ കാഴ്ചയിൽനിന്നും മാറിപ്പോകും. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് നാമാണ് കടന്നുചെല്ലുന്നത്. ആനയെ കണ്ടാൽ സെൽഫിയെടുക്കാനും മറ്റും ശ്രമിക്കരുത്. അത് അപകടങ്ങൾക്ക് വഴിവെക്കും. തനിക്ക് മാത്രമല്ല, കൂടെയുള്ളവരുടെയും ജീവൻ അപകടത്തിൽപ്പെടും എന്ന് ഓർക്കണം.
. ആനയെ കാണാൻ കുറച്ച് അകലത്തിൽ നിൽക്കണം. അതും കാറ്റിന്റെ എതിർദിശയിൽ നിൽക്കുകയാണെങ്കിൽ നല്ലത്. കാരണം, ആനക്ക് കാഴ്ചയെക്കാൾ കൂടുതൽ ഗന്ധം കൊണ്ടാണ് മനസിലാക്കുന്നത്. നിൽക്കുന്നയിടം സുരക്ഷിതമാണോയെന്ന് സ്വയം ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

