Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ സ്വപ്നത്തിന് വീണ്ടും കാത്തിരിപ്പ്; നിലമ്പൂർ-നഞ്ചൻകോട് പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ കൂടുതൽ സമയം നൽകി ഹൈകോടതി

text_fields
bookmark_border
https://www.madhyamam.com/tags/Nilambur-railway
cancel

കൊച്ചി: നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാൻ ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. സാവകാശം തേടി റെയിൽവേ നൽകിയ അപേക്ഷ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പദ്ധതി ഏറെക്കാലമായി വൈകുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കണം. കേസ് 2027 ജനുവരി 20ന് വീണ്ടും പരിഗണിക്കുമ്പോൾ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പദ്ധതിയുടെ നിലവിലെ പുരോഗതി വിലയിരുത്തിയ കോടതി, ഡി.പി.ആർ ഹാജരാക്കണമെന്ന ഒക്ടോബർ ഏഴിലെ ഇടക്കാല ഉത്തരവിൽ ഇളവ് നൽകി.

196 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽ പാതയിൽ 137 ടണലുകളും 35 കലുങ്കുകളും ഉൾപ്പെടുന്നുണ്ടെന്ന് അഡീ. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതിൽ ടണലുകളുടെ മാത്രം ആകെ നീളം 97 കിലോമീറ്റർ വരും.

വിവിധ സാങ്കേതിക പരിശോധനകളും സാമ്പത്തിക വശങ്ങളും പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് തയാറാക്കാൻ സമയം ആവശ്യമാണെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി. കരട് റിപ്പോർട്ട് തയാറാണെന്നും അത് വേഗത്തിൽ അന്തിമമാക്കുമെന്നും റെയിൽവേ ഉറപ്പുനൽകി.

പദ്ധതി വേഗത്തിലാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കെയർ ഫൗണ്ടേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വയനാട്ടിൽ മത്സരിച്ചു വിജയിച്ച രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു, നിലമ്പൂർ -നഞ്ചൻകോട് റെയിൽവേ പദ്ധതി.

ഈ പാത യാഥാർഥ്യമായാൽ, എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാസമയം നിലവിലെ 11 മണിക്കൂറിൽ നിന്ന് ഏഴായി കുറയും. പാതയുടെ അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനായി കേരള സർക്കാരും ദക്ഷിണ റെയിൽവേയും വ്യോമ സർവേ നടത്തിയതിനെത്തുടർന്ന് 2024 ജനുവരിയിൽ മൈസൂരുവിൽ ‘സേവ് ബന്ദിപ്പൂർ’ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് പദ്ധതിക്ക് റെഡ് സിഗ്നൽ കണ്ടത്.

ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാൽ പരിസ്ഥിതി പ്രവർത്തകർ പദ്ധതിക്ക് എതിരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story