നൈറ്റ് സ്ട്രീറ്റൊരുങ്ങി; ആലപ്പുഴയുടെ ബീച്ച് രാവുകള്‍ ഇനി കളറാകും
text_fieldsആലപ്പുഴ ബീച്ചിലെ പകലും രാത്രിയുമെല്ലാം ഇനി കളറാകും. ഫുഡ് കോർട്ടും ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. 'സീ ലോഞ്ച് 'എന്ന പേരിൽ സ്വകാര്യ സംരംഭകന്റെ സഹകരണത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
ബീച്ചിന്റെ തെക്കുവശം കാറ്റാടി മരങ്ങൾക്കിടയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ 1.28 ഏക്കർ ഭൂമിയിൽ സ്വകാര്യ സംരംഭകനായ മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് യാസിറാണ് പാർക്ക് യാഥാർഥ്യമാക്കിയത്. 1.5 കോടിയോളമാണ് മുതല്‍മുടക്ക്. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ പാർക്ക് ഈ മാസം അവസാനത്തോടെ പൂർണ്ണ പ്രവർത്തന സജ്ജമാകും.
മനോഹരമായ വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ച അന്തരീക്ഷത്തിൽ കടൽ കാറ്റേറ്റ് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും കളിക്കുന്നതിനും സെൽഫി എടുക്കുന്നതിനുമെല്ലാമായി കുടുംബസമേതം ആളുകൾ എത്തുന്നുണ്ട്. വൈവിധ്യമാർന്ന പ്രീമിയം ഫുഡുകൾ, ഐസ്ക്രീം, സാൻഡ്വിച്ച്, ജ്യൂസ്, ഷേക്സ്, ചായ, കോഫി, അറബിക് ഭക്ഷണം തുടങ്ങിയവയുടെ 13 ഫുഡ് കോർട്ടുകൾ ലഭ്യമാണ്. കിഡ്സ് ഏരിയ, ഗെയിമിംഗ് ഏരിയ, ഓപ്പൺ ജിം, 360 ഡിഗ്രി സെൽഫി ക്യാമറ, ബുൾ റൈഡ്, വി ആർ പോലുള്ള വിനോദ സൗകര്യങ്ങളും ഉടൻ ഒരുങ്ങും.
ഭിന്നശേഷിക്കാർക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും രാപകൽ വ്യത്യാസമില്ലാതെ ഉല്ലസിക്കാനുള്ള ഇടമായി പാർക്ക് മാറിക്കഴിഞ്ഞു. പൂർണ്ണ പ്രവർത്തന സജ്ജമാകുന്നതോടെ ഓപ്പൺ സ്റ്റേജിൽ വിവിധ പരിപാടികൾ ആസ്വദിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ആളുകൾക്ക് അവസരം ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന ഹട്ടുകളും ഇവിടെയുണ്ട്. ആഭ്യന്തര, വിദേശ സഞ്ചാരികളെ ഒരുപോലെ ആകർഷിക്കാൻ പോന്ന നിലയിലാണ് ബീച്ച് പാർക്ക് ഒരുക്കിയിട്ടുള്ളത്. പ്രവേശനം തികച്ചും സൗജന്യമാണ്.
പാർക്കിൽ ഒരുക്കിയിരിക്കുന്ന ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ആസ്വദിക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. പാർക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് 14 തൊഴിലാളികളും 18 സിസിടിവി ക്യാമറകളും ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി 50,000 ലിറ്റർ എസ്ടിപി ടാങ്കും ശുചീകരണത്തിന് പ്രത്യേകം തൊഴിലാളികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

