
നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടക്കാം; താജ്മഹലിൽ വീണ്ടും രാത്രി പ്രവേശനം
text_fieldsആഗ്ര: യമുനയുടെ നദിക്കരയിൽ നിലാവിന്‍റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന താജ്മഹൽ കാണാൻ വീണ്ടും അവസരം ഒരുങ്ങുന്നു. ആഗസ്റ്റ് 21 മുതൽ രാത്രിയും സന്ദർശകർക്ക് പ്രവേശനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം 2020 മാർച്ച് 17നാണ് താജ്മഹൽ അടച്ചിടുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് പലതവണ പകൽ സമയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു.
മൂന്ന് ടൈം േസ്ലാട്ടുകൾ അനുസരിച്ചാണ് ആളുകളെ രാത്രി പ്രവേശിപ്പിക്കുക. 8.30 - 9.00, 9.00 - 9.30, 9.30 - 10.00 എന്നിങ്ങനെയാണ് സമയം അനുവദിക്കുക.
സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഓരോ സ്ലോട്ടിലും 50 വിനോദസഞ്ചാരികളെ അനുവദിക്കും. ആഗ്രയിലെ 22 മാൾ റോഡിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫിസിൽനിന്ന് ഒരു ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
താജ്മഹൽ രാത്രി തുറക്കുന്നത് ടൂറിസം മേഖലക്ക് കൂടുതൽ ഉണർവേകുമെന്നാണ് പ്രതീക്ഷ. അതേസമയം, നഗരത്തിലെ വാരാന്ത്യ കർഫ്യൂ, രാത്രി 10ന് ശേഷമുള്ള കർഫ്യൂ എന്നിവക്കെതിരെ ഈ മേഖലയിലുള്ളവർക്ക് പ്രതിഷേധമുണ്ട്.