പുതുവർഷം: തിരക്കിലമർന്ന് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
text_fieldsപൂക്കോട് തടാകത്തിലെ സന്ദർശകരുടെ തിരക്ക്
വൈത്തിരി: പുതുവർഷത്തിൽ തിരക്കിലമർന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. 2023ലെ ആദ്യ ഞായറാഴ്ചയിൽ പൂക്കോടിലെ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കും പൂക്കോട് തടാകത്തിലേക്കും ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരുന്നു. പുതുവർഷ തലേന്നും വലിയ തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.
ഞായറാഴ്ച രാവിലെ മുതൽ പൂക്കോട് തടാകം, എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, കർലാട് തടാകം, കാന്തൻപാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, കാരാപ്പുഴ ഡാം, ബാണാസുര സാഗർ ഡാം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുതുവർഷത്തിലെ ആദ്യ ദിനം തന്നെ അവധിയായതിനാൽ കുടുംബ സമേതമാണ് ആയിരങ്ങൾ ചുരം കയറി വയനാട്ടിലെത്തിയത്. പുതുവർഷ തലേന്ന് തന്നെ കൽപറ്റയിലെയും ജില്ലയിലെ മറ്റിടങ്ങളിലെയും റിസോർട്ടുകളും ഹോം സ്റ്റേകളും ഉൾപ്പെടെ സഞ്ചാരികളാൽ നിറഞ്ഞിരുന്നു.
എൻ ഊരിലേക്ക് പോകുന്നതിനായി ജീപ്പ് സർവിസിനായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിര
കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള വിനോദ സഞ്ചാരികൾക്ക് പുറമെ മറ്റു ജില്ലകളിൽനിന്നുള്ള സഞ്ചാരികളും വയനാട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി എത്തികൊണ്ടിരുന്നു. ശനിയാഴ്ച വൈകിട്ട് മുതൽ കൽപറ്റ, മാനന്തവാടി, ബത്തേരി ഉൾപ്പെടെയുള്ള എല്ലാ നഗരങ്ങളിലും വാഹനതിരക്കും ഏറിയിരുന്നു.
വയനാടിന്‍റെ തണുപ്പിൽ പുതുവർഷം ആഘോഷിക്കാനെത്തിയവരുടെ എണ്ണത്തിൽ ഇത്തവണ റെക്കോഡ് വർധനവാണുണ്ടായിരിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ജില്ലയിൽ വീണ്ടും വിനോദ സഞ്ചാര മേഖലയിൽ ഇത്രയധികം തിരക്കുണ്ടാകുന്നത്. ഞായറാഴ്ച പുലർച്ചെ മുതൽ എൻ ഊരിലേക്ക് പോകുന്നതിനായി പൂക്കോട് ജീപ്പ് സർവിസിനായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. പൂക്കോട് തടാകത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരക്കുകാരണം ഏറെ നേരം കാത്തുനിന്നശേഷമാണ് ആളുകൾക്ക് ടിക്കറ്റ് ലഭിച്ചത്.
എൻ ഊരിൽ ആളുകൾക്ക് നിയന്ത്രണമുണ്ടായിരുന്നതും സഞ്ചാരികളെ നിരാശിലാഴ്ത്തി. പൂക്കോടും എൻ ഊരിലും ആവശ്യത്തിന് പാർക്കിങ് ലഭിക്കാത്തതും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി. വരും ദിവസങ്ങളിലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളുടെ ഒഴുക്കുതുടരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
‘എൻ ഊര്: നിലപാട് പുനഃപരിശോധിക്കണം’
വൈത്തിരി: അവധിയും ക്രിസ്മസ്-പുതുവത്സരവും ആഘോഷിക്കാനായി വയനാട്ടിൽ എത്തിയ വിനോദസഞ്ചാരികളെ നിരാശയിലാക്കുന്ന നടപടികളാണ് എൻ ഊര് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് എൻ ഊര് ഷോപ്പ് ഓണേഴ്സ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ ഭാരാവാഹികൾ ആരോപിച്ചു. ട്രാഫിക് പ്രശ്നത്തിന്റെ പേര് പറഞ്ഞ് 2000 ആളുകൾ ആയി സന്ദർശകരുടെ എണ്ണം നിജപ്പെടുത്തിയ നിലപാട് പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പാർക്കിങ് സൗകര്യങ്ങൾ ഏറക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന പ്രവേശനം 11 മണി ആകുമ്പോഴേക്കും 2000 ടിക്കറ്റ് കഴിയുകയും ഉച്ചക്ക് 12ന് സന്ദർശകർ കുന്നിറങ്ങി പോവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉച്ചക്കുശേഷം എൻ ഊര് വിജനമാകുന്നു.
സന്ദർശകരുടെ പരിധി രണ്ടായിരത്തിൽ നിന്നും രണ്ട് ഷിഫ്റ്റിലാക്കി 5000 ആയി ഉയർത്തണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങളും സന്ദർശന അനുമതിയും നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ബാലറാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണൻ തെയ്യമ്പാടി, എ.എം. ബാലൻ, കല്യാണി, ട്രഷറർ വി.ആർ. ബാലൻ, വി. ശ്രീനാഥ്, ആർ. രമ്യ മോൾ, വിജയ്, ഷിബു, വിനോദ്, അശ്വതി, സി. നിഷ, സൗരവ്, ശ്യാം രാജ് എന്നിവർ സംസാരിച്ചു.
എൻ ഊര്: വാഹന പാർക്കിങ് ഇപ്പോഴും ദേശീയ പാതയിൽ
വൈത്തിരി: എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് വരുന്ന വാഹനങ്ങളിൽ അധികവും ഇപ്പോഴും പാർക്ക്ചെയ്യുന്നത് ദേശീയപാതയോരത്ത്. നേരത്തേ റോഡിനിരുവശവും പാർക്ക് ചെയ്തു ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുന്നതിനെതിരെ ജനരോഷമുയർന്നതിനെ തുടർന്ന് പുതിയ പാർക്കിങ് സ്ഥലം നിർമിക്കുകയും ഗോത്രഗ്രാമത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
ദേശീയപാതയോരത്ത് പാർക്കിങ് നിരോധിത ഭാഗങ്ങളിൽവാഹനങ്ങൾ നിർത്തിയ നിലയിൽ
ദേശീയപാതക്കിരുവശത്തും വാഹനങ്ങൾ നിർത്തുന്നത് നിരോധിക്കുകയും‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരം ബോർഡുകളെ നോക്കുകുത്തികളാക്കി എല്ലാതരം വാഹനങ്ങളും ഇപ്പോഴും റോഡിനിരുവശവും പാർക്കുചെയ്യുന്നത് തുടരുകയാണ്.
ഇതുമൂലം ദേശീയപാതയിൽ പലപ്പോഴും ഗതാഗതകുരുക്ക് രൂപപ്പെടുന്നുണ്ട്. പൊലീസിന്റെയോ മോട്ടോർവാഹന വകുപ്പിന്റെയോ പരിശോധന ഇല്ലാത്തത് ഇത്തരം അനധികൃത പാർക്കിങ്ങിന് വളംവെക്കുന്നു.പാർക്കിങ് കേന്ദ്രത്തിലേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പുതുവത്സര പ്രത്യേക പരിശോധന; 28 പേർക്കെതിരെ കേസെടുത്തു
കൽപറ്റ: ജില്ല പൊലീസിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലും അന്തര്‍സംസ്ഥാന-ജില്ല അതിര്‍ത്തികളിലും നടത്തിയ പ്രത്യേക പരിശോധനകളിലും, വാഹന പരിശോധനയിലുമായി അതിമാരക മയക്കുമരുന്നായ 1.04 ഗ്രാം എം.ഡി.എം.എയും 125 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നിരോധിത ലഹരി ഉപയോഗിച്ചതിനും കൈയിൽ വെച്ചതിന് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്, 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പുൽപള്ളി പെരിക്കല്ലൂർ കടവിന് സമീപം 110 ഗ്രാം കഞ്ചാവുമായി കോഴിക്കോട് വാണിമേൽ മുഹമ്മദ് സുഹൈലിനെ(23) പുൽപള്ളി എസ്.ഐ പി.ജി സാജനും സംഘവും അറസ്റ്റ് ചെയ്തു. കൽപറ്റ ബൈപാസ് റോഡിൽ 0.420 ഗ്രാം എം.ഡി.എം.എയുമായി ബംഗളൂരു ജ്യോതിനിലയത്തിൽ മുഹമ്മദ് ഷാഫിയെയും (38), കൽപറ്റ പള്ളിത്താഴെ റോഡരികിൽനിന്ന് 0.240 ഗ്രാം എം.ഡി.എം.എയുമായി കൽപറ്റ പൂവത്തുംകരയിൽ ഷെബിനെയും (27) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്പലവയൽ മഞ്ഞപ്പാറ ക്വാറി വളവിൽ 0.40 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി അമ്പലവയൽ കോട്ടപ്പറമ്പിൽ കെ.പി. സഹദ് (22), അമ്പലവയൽ കണിമംഗലത്ത് ജോബിൻ (29), അമ്പലവയൽ കല്ലുങ്കൽ കെ.എസ്. സുധീർ (29), അമ്പലവയൽ തടത്തിൽ റിച്ചാസ് (27) എന്നിവരും പിടിയിലായി. ഇതിനുപുറമെയാണ് കൂടാതെ വിവിധയിടങ്ങളിലായി നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് 21 പേര്‍ക്കെതിരെ എൻ.ഡി.പി.എസ് നിയമ പ്രകാരം 21 കേസുകൾ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

