മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി കണ്ടിട്ടുണ്ടോ?
text_fieldsമീശപ്പുലിമലയിൽ പൂവിട്ട കുറിഞ്ഞി
തൊടുപുഴ: മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നതിനെക്കുറിച്ച് കണ്ടിട്ടും കേട്ടിട്ടുമുള്ളവരാണ് പലരും. എന്നാൽ, നീലക്കടൽ പോലെ മലനിരകളെ പൊതിഞ്ഞ നീലക്കുറിഞ്ഞിപ്പൂകളുമായി അണിഞ്ഞൊരുങ്ങിനിൽക്കുന്ന മീശപ്പുലിമലയാണിപ്പോഴത്തെ പ്രധാന കാഴ്ചവിശേഷം. അതിനിടയിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞ് കാഴ്ചകളുടെ വിസ്മയം വിരിയിക്കുകയാണ്. നീലക്കുറിഞ്ഞി പൂക്കാലത്തിന്റെ ഭാഗമായാണ് മീശപ്പുലിമലയിലേക്ക് വനം വകുപ്പ് പ്രത്യേക ട്രക്കിംഗ് പാക്കേജ് അവതരിപ്പിക്കുന്നത്.
കാഴ്ചകൾക്ക് മാറ്റുകൂട്ടി വരയാടുകളെയും കാണാൻ കഴിയും. കെ.എഫ്.ഡി.സിയുടെ പാർക്കിങ് കേന്ദ്രത്തിൽനിന്നാണ് മുകളിലേക്കുള്ള യാത്ര തുടങ്ങുന്നത്. സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്തശേഷം വനംവകുപ്പ് ഒരുക്കിയ വാഹനങ്ങളിൽ യാത്ര തുടരണം. സൈലന്റ് വാലി എസ്റ്റേറ്റ് വഴി ബേസ് ക്യാമ്പിലെത്തി, അവിടെനിന്ന് വീണ്ടും യാത്ര ചെയ്താണ് നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന വ്യൂ പോയന്റിലേക്ക്.
വ്യൂ പോയന്റിലെ കാഴ്ചകൾക്കപ്പുറവും മീശപ്പുലിമലയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ അവസരങ്ങളുണ്ട്. മലനിരകളെ കൂടുതൽ അടുത്തറിയാൻ ട്രക്കിങ്ങിനും ഇവിടെ താമസിച്ച് കോടമഞ്ഞിന്റെയും പ്രകൃതിയുടെയും സൗന്ദര്യം ആസ്വദിക്കാനും സൗകര്യങ്ങളുണ്ട്. ഇതിനായി പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും കുറിഞ്ഞി ആപ് വഴിയും മീശപ്പുലിമലയിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 750 പേർക്കാണ് പ്രവേശനം. 1416 രൂപയാണ് യാത്രാക്കൂലി അടക്കമുള്ള നിരക്ക്. സമുദ്രനിരപ്പിൽനിന്ന് 2650 മീറ്റർ ഉയരത്തിലാണ് മീശപ്പുലിമലയുടെ സ്ഥാനം.

