Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_right'ടെന്‍റ്​​​​ ടൂറിസം...

'ടെന്‍റ്​​​​ ടൂറിസം സുരക്ഷിതമാക്കണം​, അല്ലാതെ ഒരപകടം ഉണ്ടായാലുടൻ ഉപേക്ഷിക്കരുത്​​'; അനുഭവങ്ങളുടെ വെളിച്ചത്തിൽ തുമ്മാരുകുടി പറയുന്നു

text_fields
bookmark_border
Muralee Thummarukudy
cancel

വയനാട്ടിലെ മേപ്പാടിയിൽ ടെന്‍റ്​ ടൂറിസത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ യു.എൻ ദുരന്ത നിവാരണ വിദഗ്​ധൻ മുരളി തുമ്മാരുകുടി പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​​ ശ്രദ്ധേമാകുന്നു. ഒരപകടം ഉണ്ടായാലുടൻ അതങ്ങ്​ നിരോധിക്കാം എന്ന രീതി ഒഴിവാക്കി ടെന്‍റ്​ ടൂറിസം സുരക്ഷിതമാക്കാനുള്ള അവസരമായി ഇതെടുക്കണം. കൃത്യമായ പ്ലാനുകളും സുരക്ഷാ ഗാർഡുകളും ഒക്കെയുണ്ടെങ്കിൽ സിംഹമടയിൽ പോലും സുരക്ഷിതമായി ടെന്‍റ്​ ടൂറിസം നടത്താമെന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ടെന്‍റ്​ ടൂറിസം മനോഹരമായി നടപ്പാക്കുന്നുണ്ടെന്നും മുരളി തുമ്മാരുകുടി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാക്കുന്നു.

മുരളി തുമ്മാരുകുടി പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

ടെന്‍റ്​ ടൂറിസത്തെ കൊല്ലരുത്...വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.

എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്​/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം ടൂറിസം രംഗത്തിന്റെ നടുവൊടിഞ്ഞിരിക്കുന്ന ഇക്കാലത്ത്.

ക്യാംപിങ്ങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല. മസായ് മാരയിൽ വന്യമൃഗങ്ങളുടെ വിഹാരഭൂമിയുടെ നടുവിലും അജ്മാനിലെ മലയുടെ മുകളിലും സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമൂടിയ താഴ്‌വരകളിലും ഞാൻ ടെന്‍റിൽ കിടന്നുറങ്ങിയിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്, എല്ലാവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടപ്പെടില്ലെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്‍റ്​ ടൂറിസത്തെ അനുകൂലിച്ച് ഞാൻ പോസ്റ്റിടുന്നത്.

ചെറിയ ചിലവിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ് പൊതുവിൽ ടെന്റ് ടൂറിസം തെരഞ്ഞെടുക്കുന്നതെങ്കിലും ചൂടുവെള്ളവും അറ്റാച്ച്ഡ് ഷവറും മിനിബാറും ഉൾപ്പെടെ ആധുനിക സെറ്റപ്പ് ഉള്ള ലക്ഷ്വറി ടെന്‍റ്​ ടൂറിസവുമുണ്ട്. കെനിയയിലെ പ്രശസ്തമായ മസായ് മാര നാഷണൽ പാർക്കിൽ ലിറ്റിൽ ഗവർണേഴ്സ് ലോഡ്ജ് എന്ന ടെന്റ്ക്യാമ്പ്​ ഉണ്ട്. മാര നദിയോട് തൊട്ടുചേർന്ന് മസായ് മാര പാർക്കിന്റെ നടുവിലാണ് ക്യാംപ്. പാർക്കിൽ സിംഹം മുതൽ പന്നി വരെയുള്ള മൃഗങ്ങളുണ്ട്. നമ്മൾ ഭക്ഷണം കഴിക്കു​േമ്പാൾ തൊട്ടടുത്ത് മൃഗങ്ങൾ വരുന്നതൊന്നും അപൂർവമല്ല.

എല്ലാക്കാര്യങ്ങളിലും സുരക്ഷ നോക്കുന്ന ഞാൻ അവിടുത്തെ ക്യാംപിൽ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഇനിയും പോകാൻ മടിയില്ല താനും. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത് നമ്മൾ കാംപിലെത്തിയാലുടൻ നമുക്ക് ലഭിക്കുന്നത് ഒരു സുരക്ഷാ ബ്രീഫിങ് ആണ്. ക്യാംപിൽ വൈദ്യുതി മുതൽ വന്യമൃഗങ്ങളെ വരെ കൈകാര്യം ചെയ്യാൻ എങ്ങനെയാണ് അവർ പ്രാപ്തരായിരിക്കുന്നത്, കൊതുക് മുതൽ സിംഹത്തെ വരെ അവർ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നെല്ലാം നമ്മോട് വിശദീകരിക്കും.

രണ്ടാമത് മാര പാർക്കിൽ ജനിച്ചു വളരുന്ന മസായ് വംശജരാണ് ക്യാംപിൽ ഗാർഡുകളായി നിൽക്കുന്നത്. മാര പാർക്കിലുള്ള ഓരോ മൃഗങ്ങളെ കുറിച്ചും അവർക്ക് നന്നായറിയാം. ഒരു ചെറിയ വടിയുമായി സിംഹത്തെ പോലും നേരിടുന്ന മനോധൈര്യവും പരിചയവും അവർക്കുണ്ട്. രണ്ട് ടെന്‍റിൽ ഒരു ഗാർഡ് എന്ന നിലയിലാണ് സുരക്ഷ. അപായസൂചന ഉണ്ടായാലുടൻ അവർ നമ്മെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. പകലോ രാത്രിയോ നമ്മൾ ടെന്റിൽ നിന്നും പുറത്തിറങ്ങിയാൽ ഗാർഡുകൾ നമ്മുടെ അടുത്തെത്തി ക്ഷേമം അന്വേഷിക്കും.ഇത്തരത്തിൽ കൃത്യമായ പ്ലാനുകളും അറിവുള്ള സുരക്ഷാ ഗാർഡുകളും ഒക്കെയുണ്ടെങ്കിൽ സിംഹത്തിന്‍റെ മടയിൽ പോലും സുരക്ഷിതമായി ടെന്‍റ്​ടൂറിസം നടത്താം. വന്യമൃഗങ്ങളുടെ നടുക്ക് മാത്രമല്ല ടെന്‍റ്​ടൂറിസം നടത്തുന്നതും നടത്തേണ്ടതും. മരുഭൂമിയിൽ ടെന്‍റ്​ കെട്ടു​േമ്പാൾ ശ്രദ്ധിക്കേണ്ടത് ഇഴജന്തുക്കളെയും തേൾ പോലുള്ള ജീവികളെയുമാണ്. മഞ്ഞിൽ ടെന്‍റ്​ കെട്ടുന്പോൾ ശ്രദ്ധിക്കേണ്ടത് തണുപ്പിനെയും ടെന്‍റ്​ ചൂടാക്കാനുപയോഗിക്കുന്ന യന്ത്രങ്ങളെയുമാണ്.

സുരക്ഷാപ്രശ്നങ്ങൾ എന്ത് തന്നെയാണെങ്കിലും അത് മുൻകൂട്ടി അറിയുക, ആകുന്നത്ര മുൻകരുതലുകൾ എടുക്കുക, ടെന്‍റ്​ ടൂറിസത്തിനെത്തുന്നവരെ അതിന്റെ റിസ്‌ക്കും മുൻകരുതലുകളും പറഞ്ഞു മനസിലാക്കുക എന്നിവ പ്രധാനമാണ്.

ടെന്‍റിൽ ടൂറിസത്തിന് പോകുന്നവർ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. റിസോർട്ടിൽ കിടന്നുറങ്ങുന്നത് പോലെ സമ്പൂർണ്ണമായ സുരക്ഷ ടെന്റിൽ ലഭിക്കില്ല, ഒരൽപ്പം സാഹസികത അതിലുണ്ട്. അതും കൂടി ചേർന്നാണ് ക്യാംപിങ്ങ് ആകർഷകമാകുന്നത്. റിസ്‌ക്ക് എന്താണെന്നും അതിനെതിരെയുള്ള പ്രതിരോധം എന്തെന്നും ആദ്യം തന്നെ അറിയുക. നമുക്ക് എടുക്കാനാവാത്തത്ര റിസ്ക്ക് ഉണ്ടെന്ന് തോന്നിയാൽ ഒഴിവാക്കുക. അതാണ് ചെയ്യേണ്ടത്. വന്യമൃഗങ്ങളുള്ള പ്രദേശങ്ങളിൽ അതിന് പ്രത്യേക ഇൻഷുറൻസ് എടുക്കുന്നതും ശരിയായ രീതിയാണ്.

പാശ്ചാത്യരാജ്യങ്ങളിൽ ടെന്‍റ്​ ടൂറിസം വലുതായി വളർന്ന ഒരു മേഖലയാണ്. മസായ് മാരയിലെ പോലെ ലക്ഷ്വറി ടൂറിസമല്ല അത്. മിക്കവാറും ആളുകൾ സ്വന്തം ബാക്ക് പാക്കായി ടെന്‍റ്​ കൊണ്ടുപോകുന്നതാണ് രീതി. ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനുള്ള സംവിധാനമുണ്ട്. അവിടെ ടോയ്‌ലറ്റ് മുതൽ ബാർബിക്യു വരെയുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. ഒളികാമറയും മോറൽ പോലീസിങ്ങും ഉണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ അവധിക്കാലത്തും ലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ടെന്റുമായി യാത്രക്കിറങ്ങും.

നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്കിൽ ഒഴിച്ച് ആളുകൾക്ക് വിദേശികൾക്ക് ഉൾപ്പടെ മറ്റുള്ളവരുടെ പറമ്പിൽൽ ടെന്റടിച്ച് രാത്രി ചെലവഴിക്കാനുള്ള പാരമ്പര്യ അവകാശം പോലുമുണ്ട്. ടെന്‍റുമായി യാത്ര പോകാൻ പറ്റാതിരുന്നവർ സ്വന്തം പറമ്പിൽൽ ടെന്‍റടിച്ച് കൂടിയ ഹോം ടെന്‍റിങ് ഈ കൊറോണക്കാലത്ത് പോപ്പുലറായി.

കേരളത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ടെന്റുമായി കേരളത്തിൽ വ്യാപകമായി യാത്രക്കിറങ്ങണമെന്നും അവർ ഉൾപ്പെടെ ലോകത്തെവിടെ നിന്നും വരുന്നവർക്ക് കേരളത്തിലെ ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനും അതിനോടനുബന്ധിച്ച് ടോയ്‌ലറ്റ്, ഓപ്പൺ ജിം, ക്യാംപ് ഫയർ തുടങ്ങിയ സൗകര്യം ഒരുക്കണമെന്നും ഉള്ള നിർദേശങ്ങൾ അടുത്ത സർക്കാരിന് എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് വയനാട്ടിലെ ദൗർഭാഗ്യകരമായ സംഭവം ഉണ്ടാകുന്നത്.അതുകൊണ്ടുതന്നെ ടെന്റ് ടൂറിസം സുരക്ഷിതമാക്കാനുള്ള അവസരമായി ഇതെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒരപകടം ഉണ്ടായാൽ ഉടൻ ഇത്തരം ടൂറിസം ഉപേക്ഷിക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muralee Thummarukudytent tourism
News Summary - Muralee Thummarukudy facebook post
Next Story