മൂന്നാർ തണുത്ത് തുടങ്ങി; കൂട്ടിന് കോടമഞ്ഞും
text_fieldsമൂന്നാർ
മൂന്നാർ: മഴക്ക് ശമനമായതോടെ മൂന്നാറിൽ തണുപ്പ് കാലം എത്തി തുടങ്ങി . ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ ആറ് ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് പുലർച്ച താപനില ആറ് രേഖപ്പെടുത്തിയത്. കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ എട്ടു ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്. വിദൂര തോട്ടം മേഖലകളായ ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി എന്നിവിടങ്ങളിലും പുലർച്ച ശക്തമായ തണുപ്പാണനുഭവപ്പെട്ടത്. ഇത്തരം പ്രദേശങ്ങളിൽ താപനില അഞ്ചിലും താഴെയെത്തിയതായാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായാണ് മേഖലയിൽ തണുപ്പ് ശക്തമായത്.
രാത്രിയിലും പുലർച്ചയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പ് ശക്തമായതോടെ അതിരാവിലെ ചെടികളുടെ ഇലയിലും പുൽമേടുകളിലും വെള്ളം ഉറഞ്ഞ് മഞ്ഞുകണങ്ങൾ പിടിച്ചിരിക്കുന്നത് കാണാം. ഇതേ കാലാവസ്ഥ തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ താപനില മൈനസിലെത്തുമെന്നാണ് സൂചന. വൈകുന്നേരമായാൽ പ്രദേശത്ത് കോടമഞ്ഞും ശക്തമായിട്ടുണ്ട്. മേഖലയിൽ അതിരാവിലെയും രാത്രിയിലും തണുപ്പു ശക്തമാണെങ്കിലും പകൽ ചൂട് 20 മുതൽ 25 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മൂന്നാറിൽ തണുപ്പ് കാലമാരംഭിച്ചതോടെ ജനുവരി വരെയുള്ള ശൈത്യകാല തണുപ്പാസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണ് വിനോദസഞ്ചാര മേഖലയുടെ പ്രതീക്ഷ.

