ദുബൈ യാത്രയേക്കാൾ ചെലവ് പട്നയിലേക്ക്; ഉത്സവത്തിരക്കിൽ ടിക്കറ്റ് നിരക്ക് കുതിച്ചു
text_fieldsന്യൂഡൽഹി: ദീപാവലിക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റെടുക്കുന്നവർക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ കുതിപ്പ്. മുംബൈയിൽനിന്ന് ബിഹാറിലെ പട്നയിലേക്കുള്ള വിമാനയാത്രക്ക് ദുബൈയിലേക്കുള്ള യാത്രയേക്കാൾ കൂടുതൽ തുക നൽകേണ്ട സാഹചര്യമാണുള്ളത്. ദീപാവലി, ഛഠ് പൂജ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് വർധിച്ചതോടെ ആഭ്യന്തര വിമാനറൂട്ടുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. വിമാനയാത്രക്കാരുടെ തിരക്കിനൊപ്പം സീറ്റുകളുടെ പരിമിതമായ ലഭ്യതയും നിരക്ക് വർധനക്ക് വഴിയൊരുക്കി.
നവംബർ ഏഴിന് മുംബൈയിൽനിന്ന് പട്നയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്ക് 25,643 രൂപയായിരുന്നു. ബംഗളുരുവിൽ നിന്ന് പട്നയിലേക്ക് 26,053 രൂപയും. മുംബൈയിൽനിന്ന് വാരാണസിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 15,926 രൂപയും ബെംഗളൂരുവിൽനിന്ന് 17,698 രൂപയുമായിരുന്നു. സാധാരണ ദിവസങ്ങളിൽ ഇതേ റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് വളരെ കുറവാണ്. മുംബൈ–പട്ന റൂട്ടിൽ തിരക്കില്ലാത്ത സമയങ്ങളിൽ ഏകദേശം 8,700 രൂപ മുതലും ബെംഗളൂരു–പട്ന റൂട്ടിൽ 13,000 രൂപ മുതലും ടിക്കറ്റുകൾ ലഭ്യമായിരുന്നു. എന്നാൽ ഉത്സവകാലത്ത് യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ ലഭ്യമായ സീറ്റുകൾ കുറയുകയും നിരക്ക് ഉയരുകയും ചെയ്തു. ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാനുള്ള പ്രയാസം കാരണവും ആളുകൾ വിമാനയാത്രയെ ആശ്രയിക്കാൻ കാരണമായി.
വിമാന ഇന്ധനത്തിന്റെ ഉയർന്ന വിലയും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ സ്വാധീനിക്കുന്നുണ്ട്. ഇന്ധനവിലക്കൊപ്പം യാത്രക്കാരുടെ ആവശ്യം, വിമാനങ്ങളുടെ ലഭ്യത, റൂട്ടുകളിലെ മത്സരം എന്നിവയും ടിക്കറ്റ് നിരക്ക് നിർണയിക്കുന്ന ഘടകങ്ങളാണ്. ഉത്സവകാലത്തെ തിരക്ക് തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാനയാത്രക്കാർക്ക് ഉയർന്ന നിരക്ക് നൽകേണ്ടിവരുന്ന സ്ഥിതിയാണ് നിലവിൽ.

