Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരൂ, കാണൂ... മൂവാരത്തെ കായൽച്ചന്തം

text_fields
bookmark_border
വരൂ, കാണൂ... മൂവാരത്തെ കായൽച്ചന്തം
cancel
camera_alt

മൂ​വാ​ര​ത്തെ വൈ​കു​ന്നേ​ര കാ​ഴ്ച

മണ്ണഞ്ചേരി: നഗരത്തിരക്കിൽനിന്ന് അകന്ന് ഒരൽപം ശാന്തത ആഗ്രഹിക്കുന്നവർക്ക് മണ്ണഞ്ചേരിയുടെ കിഴക്കൻ തീരത്തെ മൂവാരത്തേക്ക് സ്വാഗതം. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന വേമ്പനാട്ടുകായലിന്റെ വശ്യത, കുളിർകാറ്റ്, പുത്തനുണർവ് നൽകുന്ന മനോഹരമായ കാഴ്ചകൾ. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ മൂവാരം സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത് പ്രകൃതിയുടെ നിറകൺകാഴ്ചകൾ. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ പച്ചപ്പിന്‍റെ ഇടം അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മൂവാരം.

കായൽപ്പരപ്പിലൂടെ കരതേടിയെത്തുന്ന ചെറുകാറ്റും ഓളപ്പരപ്പിലൂടെ നീന്തുന്ന പരമ്പരാഗത ചെറുവള്ളങ്ങളുടെ അഴകും സഞ്ചാരികളിൽ നവ്യാനുഭൂതിയുണർത്തുന്നു. കായലിന്റെ അടിത്തട്ടിൽനിന്ന് നാടൻ മത്സ്യ ബന്ധനത്തിലും കക്കാ വാരലിലും ഏർപ്പെടുന്ന തൊഴിലാളികളുടെ നിത്യ ജീവിതക്കാഴ്ചകൾ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നു.

വൈകുന്നേരങ്ങളിൽ പ്രകൃതി ചിത്രപ്പണിയൊരുക്കുന്ന അസ്തമയക്കാഴ്ചകൾ സഞ്ചാരികളുടെ മനസ്സിനെ ആകർഷിക്കുന്നതാണ്. കായൽക്കാറ്റേറ്റ് സമയം ചെലവഴിക്കാനെത്തുന്നവർക്ക് നാടൻ രുചിക്കൂട്ടുകൾ സമ്മാനിക്കുന്ന ചെറിയ തട്ടുകടകളും സജീവം. കുടുംബത്തോടൊപ്പം വന്ന് വിശ്രമിക്കാനും പ്രകൃതിയെ തൊട്ടറിഞ്ഞ് സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്ന ഏവരെയും സ്വീകരിക്കാൻ പ്രകൃതിയും ഈ നാടും ഹൃദയപൂർവം ഒരുങ്ങിക്കഴിഞ്ഞു. വെളിച്ചം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും, പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു പാർക്ക് സജ്ജീകരിക്കുകയും ചെയ്താൽ മൂവാരം പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും. പ്രകൃതിയും നാടും ഒരുപോലെ കൈകോർക്കുന്ന ഈ കായലോര സങ്കേതം വിനോദസഞ്ചാര രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Moovaram Backwater Destination
Next Story