പുല്ലൂപ്പിക്കടവിൽ ആധുനിക ടൂറിസം പദ്ധതി
text_fieldsപുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതിയുടെ രൂപരേഖ
കണ്ണൂർ: നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവിൽ ഒരുങ്ങുന്നത് ആധൂനിക ടൂറിസം പദ്ധതി. പുഴയിൽ സഞ്ചരിക്കുന്ന റസ്റ്റാറന്റടക്കം നിരവധി പദ്ധതികളാണ് സഞ്ചാരികളെ ആകർഷിക്കാനായി ഇവിടെ ഒരുങ്ങുന്നത്. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും വിവിധയിനം മത്സ്യസമ്പത്തുകളുമായി സമ്പുഷ്ടമാണ് പുല്ലൂപ്പിക്കടവ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പുഴയോര ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കൂടാതെ ഇതിനോട് ചേർന്നാണ് മുണ്ടേരിക്കടവ് പക്ഷിസങ്കേതവും. നാല് കോടി ചെലവിട്ട പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
രൂപരേഖയും ടെൻഡർ നടപടിയും പൂർത്തിയായ പദ്ധതിയുടെ പ്രവൃത്തി കെൽട്രോണിന്റെ നേതൃത്വത്തിലാണ് നടക്കുക. പുല്ലൂപ്പിക്കടവ് പാലത്തിലും അനുബന്ധ റോഡിലുമായി കാഴ്ച നുകരാനും പ്രഭാത, സായാഹ്ന സവാരികൾക്കുള്ള സൗകര്യവും ഏർപ്പെടുത്തും. പാലത്തിലും പുഴയോരങ്ങളിലും ഇരിപ്പിടങ്ങൾ, ലൈറ്റുകൾ, ചിത്രപ്പണികളോടുകൂടിയ വിളക്കുകാലുകൾ, നടപ്പാതകൾ, സൈക്ലിങ് പാത്ത്, കഫ്റ്റീരിയ എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഈ പുഴയിൽനിന്ന് പിടിക്കുന്ന മീൻ തത്സമയം പാകം ചെയ്ത് കഴിക്കാനുള്ള റസ്റ്റാറന്റുകളും ഒരുങ്ങും. പുഴയിൽ സഞ്ചരിക്കുന്ന തരത്തിലുള്ള റസ്റ്റാറന്റുകളാണ് സജ്ജമാക്കുക. കൂടാതെ കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രവും പുല്ലൂപ്പിക്കടവ് പദ്ധതിയും ബന്ധിപ്പിച്ചുള്ള ബൃഹദ് പദ്ധതിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

