സഞ്ചാരികൾക്ക് സന്തോഷവാർത്ത! മേട്ടുപ്പാളയം-ഊട്ടി ട്രെയിൻ സർവിസ് വീണ്ടും തുടങ്ങി
text_fieldsകോയമ്പത്തൂർ: അഞ്ചു ദിവസത്തെ ഇടവേളക്കുശേഷം മേട്ടുപാളയം- ഊട്ടി പർവത ട്രെയിൻ സർവിസ് തിങ്കളാഴ്ച ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് ഡിസംബർ 14ന് അർധരാത്രി കല്ലാർ- ഹിൽഗ്രോവ്- അഡർലി ഭാഗത്ത് പത്തിലധികം ഇടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു.
കൂറ്റൻ പാറകളും വൃക്ഷങ്ങൾ കടപുഴകിയും പാളത്തിൽ വീണിരുന്നു. ഇതേ തുടർന്നാണ് ഡിസംബർ18 വരെ ട്രെയിൻ സർവിസ് റദ്ദാക്കിയത്. നേരത്തെ ട്രെയിൻ റിസർവ് ചെയ്തിരുന്ന വിനോദസഞ്ചാരികളെ ഇത് നിരാശയിലാഴ്ത്തിയിരുന്നു.
അറ്റകുറ്റപണികൾ ത്വരിതഗതിയിലാണ് പൂർത്തിയാക്കിയത്. തിങ്കളാഴ്ച രാവിലെ 7.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ 180 വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്.
യുനെസ്കെയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതാണ് 114 വർഷം പൂർത്തിയായ ഊട്ടി തീവണ്ടി സർവിസ്. കോയമ്പത്തൂരിനടുത്ത മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ് ഓട്ടം. 45.88 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര പൂർത്തിയാക്കാൻ മൂന്നര മുതൽ നാലര മണിക്കൂർ വരെ സമയമെടുക്കും. ടൂറിസ്റ്റുകളുടെ ഇഷ്ട യാത്രയായതിനാൽ മാസങ്ങൾക്ക് മുൻപേ തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്ത് പോകാറുണ്ട്.
ഈ പാതയിൽ 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളുമുണ്ട്. രാവിലെയും വൈകീട്ടും ഓരോ സർവിസാണുള്ളത്. രാവിലെ 7.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെടുന്ന വണ്ടി 12 മണിയോടെ ഊട്ടിയിലെത്തും. ഉച്ച രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവിസ് വൈകീട്ട് 5.30ന് മേട്ടുപ്പാളയത്ത് എത്തും. റിസർവേഷൻ ടിക്കറ്റുകൾ IRCTC വഴിയും ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും ലഭിക്കും. ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ ഫസ്റ്റ് ക്ലാസിന് 600 രൂപയും സെക്കന്റ് ക്ലാസിന് 295 രൂപയുമാണ് റിസർവേഷൻ നിരക്ക്. സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് എടുക്കാൻ വളരെ നേരത്തെ പോയി ക്യൂ നിൽക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

