Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
malgudi museum
cancel
camera_alt

മാൽഗുഡി മ്യൂസിയം

Homechevron_rightTravelchevron_rightTravel Newschevron_rightമാൽഗുഡിയുടെ...

മാൽഗുഡിയുടെ ഒാർമകളിലേക്കൊരു ചൂളംവിളി

text_fields
bookmark_border

ബംഗളൂരു: മാൽഗുഡിയുടെ കഥാകാരൻ ആർ.കെ. നാരായണിെൻറ പ്രശസ്തമായ 'മാൽഗുഡി ഡെയ്സ്' എന്ന കൃതിയും അതിനെ ആധാരമാക്കി നടനും സംവിധായകനുമായിരുന്ന ശങ്കർനാഗ് സംവിധാനം ചെയ്ത ഹിറ്റ് ടെലി സീരീസും ഒാർമയിലില്ലാത്തവർ വിരളമായിരിക്കും. പ്രായഭേദമന്യെ ലക്ഷക്കണക്കിനാളുകളെ ദൂരദർശന്​ മുന്നിൽ പിടിച്ചിരുത്തിയ 'മാൽഗുഡി ഡെയ്സ്' ചിത്രീകരിച്ച കർണാടക ആഗുംബെയിലെ പഴയൊരു റെയിൽവെ സ്​റ്റേഷൻ 'മാൽഗുഡി മ്യൂസിയം' ആക്കി തുറന്നിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവെ.

ശിവമൊഗ്ഗയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള അരസലു റെയിൽവെ സ്​റ്റേഷനിലാണ് ഇൗ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ആർ.കെ. നാരായൺ മാൽഗുഡി എന്ന സാങ്കൽപിക ഗ്രാമത്തെ അടിസ്ഥാനമാക്കി എഴുതിയ ചെറുകഥകൾ സീരീസായി ശങ്കർനാഗ് കാമറയിലേക്ക് പകർത്തിയപ്പോൾ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത് ശിവമൊഗ്ഗയിലെ അരസലു റെയിൽവെ സ്​റ്റേഷനും ആഗുംബെയും അതിെൻറ പരിസര പ്രദേശങ്ങളുമായിരുന്നു.

മ്യൂസിയത്തി​െൻറ ഉൾവശം

കർണാടകയുടെ മലനാട് മേഖലയിലെ തീർഥഹള്ളി താലൂക്കിലെ ആഗുംബെയുടെ നിഷ്കളങ്ക ഗ്രാമീണ ഭംഗി ടെലി സീരിസിനെ ആസ്വാദകരുടെ മനസ്സിലുറപ്പിക്കുന്നതിൽ തെല്ലൊന്നുമല്ല സഹായിച്ചത്. 1986ലാണ് മാൽഗുഡി ഡെയ്സ് ഹിന്ദി സീരീസായി ദൂരദർശൻ പ്രക്ഷേപണം ചെയ്യുന്നത്. പ്രശസ്തരുടെ ഒരു നിരതന്നെ അന്ന് അതിൽ അണിനിരന്നു. പ്രധാന കഥാപാത്രമായ സ്വാമി എന്ന ബാലനായി മാസ്റ്റർ മഞ്ജുനാഥും അച്​ഛനായി ഗിരീഷ് കർണാടും വേഷമിട്ടു.

നടിയും സംവിധായകൻ ഗിരീഷ് കാസറവള്ളിയുടെ ഭാര്യയുമായ വൈശാലി കാസറവള്ളി സ്വാമിയുടെ അമ്മയായി. സംവിധായകൻ ശങ്കർനാഗും അദ്ദേഹത്തിെൻറ ഭാര്യയും നടിയുമായ അരുന്ധതി നാഗും ശങ്കറിെൻറ സഹോദരൻ അനന്ത് നാഗും വിവിധ വേഷങ്ങളിലെത്തി. പ്രധാന കഥാപാത്രമായ സ്വാമിയുടെ കുടുംബം താമസിച്ചിരുന്ന പഴയ കെട്ടുവീട് ഇന്നും ആഗുംബെയിലുണ്ട്. ആഗുംബെ മഴക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ മൺസൂൺ കാലത്ത് ശിവമൊഗ്ഗയിലെത്തുന്ന സഞ്ചാരികളുടെയും സാഹിത്യപ്രേമികളുടെയും ഇഷ്​ടകേന്ദ്രം കൂടിയാണ് ഇൗ വീട്.

ആഗുംബെയിലെ കെട്ടുവീട്​

കഥയിലെ മാൽഗുഡി സ്​റ്റേഷനായി ചിത്രീകരിക്കാൻ ശങ്കർനാഗ് ക​െണ്ടത്തിയത് അരസലു എന്ന െകാച്ചു സ്​റ്റേഷനായിരുന്നു. ചിത്രീകരണം നടക്കുന്ന 1980കളിൽ ദിവസവും രണ്ട്​ ട്രെയിനുകൾ മാത്രം കടന്നുപോയിരുന്ന സ്റ്റേഷനായിരുന്നു അരസലു.മാൽഗുഡി ഡെയ്സ് സീരീസിലെ 'ക്ഷേത്രത്തിലെ കിഴവൻ' എന്ന എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെ ആർ.കെ. നാരായൺ അരസുലു സ്​റ്റേഷൻ സന്ദർശിക്കുകയും ലൊക്കേഷനിൽ അദ്ദേഹം സംതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. മുമ്പ് മീറ്റർ ഗേജ് പാതയായിരുന്ന ഇൗ റൂട്ടിൽ ബ്രോഡ്ഗേജ് പാത വന്നതോടെ അരസലു സ്​റ്റേഷൻ 25 വർഷത്തോളമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

അരസലു സ്​റ്റേഷന് മാൽഗുഡി എന്ന് പേരിടണമെന്നത് ഏറെകാലം ആവശ്യമുയർന്നിരുന്നു. എന്നാൽ, സ്​റ്റേഷ​െൻറ പേര്​ മാറ്റുന്നതിന് പകരം മ്യൂസിയമൊരുക്കാൻ റെയിൽവെ തീരുമാനിക്കുകയായിരുന്നു. ദക്ഷിണ പശ്ചിമ റെയിൽവെയിലെ ൈമസൂരു ഡിവിഷന് കീഴിൽ 25 ലക്ഷം രൂപ ചെലവിലാണ് മാൽഗുഡി മ്യൂസിയം ഒരുക്കിയത്. 12 കോച്ചുകൾ മാത്രം നിർത്തിയിടാൻ സൗകര്യമുണ്ടായിരുന്ന അരസലു സ്​റ്റേഷൻ പ്ലാറ്റ്േഫാം ഇപ്പോൾ 28 കോച്ച് നീളത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.

അരസലു സ്​റ്റേഷൻ

പുതിയ സ്റ്റേഷൻ കെട്ടിടവും മറ്റും നിർമിച്ചതോടെ പഴയ റെയിൽവെ സ്​റ്റേഷൻ കെട്ടിടം മാൽഗുഡി മ്യൂസിയമാക്കി മാറ്റുകയായിരുന്നു. മാൽഗുഡി ഡെയ്സ് ടെലി സീരീസിെൻറ ആർട്ട് ഡയറക്ടറായ ജോൺ ദേവരാജ് തന്നെയാണ് മ്യൂസിയവുമൊരുക്കിയത്. മാൽഗുഡിയുടെ ഒാർമകളിലേക്ക് സന്ദർശകരെ നയിക്കുന്ന ഫോേട്ടാകളും വിവിധ കഥാമുഹൂർത്തങ്ങളുടെ വരയുമൊക്കെയായി ഗൃഹാതുരത്വത്തിെൻറ അനുഭവം കൂടി പകരുന്നതാണ് മ്യൂസിയം.

മാൽഗുഡിയിലെ കടുവയുടെയും സ്വാമിയുടെ അച്​ഛ​െൻറ സൈക്കളിെൻറയുമൊക്കെ പകർപ്പും ഇവിടെ കാണാം. അരസലു സ്​റ്റേഷനിൽ ചായ വിൽപ്പനക്ക്​ 'മാൽഗുഡി ചായ്' േഷാപ്പും ഒരുക്കിയിട്ടുണ്ട്. പഴയൊരു നാരോഗേജ് ട്രെയിനിെൻറ ബോഗിയാണ് ചായക്കടയായി പരിവർത്തിപ്പിച്ചത്.

'മാൽഗുഡി ചായ്' േഷാപ്പ്​

മാൽഗുഡി മ്യൂസിയത്തെ പരിചയപ്പെടുത്താൻ റെയിൽവെ ഒരുക്കിയ ഹ്രസ്വ വിഡിയോയിൽ മാൽഗുഡി ഡെയ്സിെല ഹൃദ്യമായ പശ്ചാത്തല സംഗീതം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. മാൽഗുഡി മ്യൂസിയത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഇൗ വിഡിയോ ട്വീറ്റ് ചെയ്തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girish karnadmalgudi daysmalgudi museumrk narayanagumbearsalu station
Next Story