ട്രെയിനുകളിലെ ‘പാട്ടും കൂത്തും’;യാത്രക്കാരുടെ പരാതിക്ക് പരിഹാരമില്ല
text_fieldsഅക്രമത്തിനിരയായ റഫീഖ് ട്രയിനിൽനിന്ന് പകർത്തിയ ചിത്രം
ഉപ്പള: ദീർഘദൂര ട്രെയിനുകളിൽ കൂട്ടമായി ടിക്കറ്റെടുത്ത് എത്തുന്നവരുടെ പാട്ടും കളിയും മൂലം മറ്റുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ദുരിതത്തിന് പരാതി നൽകിയിട്ടും പരിഹാരമില്ല. കഴിഞ്ഞ സെപ്റ്റംബർ 22ന് മുംബൈയിൽനിന്ന് ഗരീബ് രഥ് ട്രെയിനിൽ മംഗലാപുരത്തേക്ക് വന്ന ഉപ്പള സ്വദേശി റഫീക്കിന് ഉണ്ടായ അനുഭവം ക്രൂരമായിരുന്നു. മുംബൈ വി.ടിയിലെ സ്വകാര്യ കോളജ് വിദ്യാർഥികളുടെ പാട്ടും കളിയും സഹിക്കാവുന്നതിൽ അധികമായിരുന്നു. രാത്രി 10നുശേഷം ഇതൊന്നും പാടില്ലെന്ന് വിദ്യാർഥികളോട് പറഞ്ഞുവെങ്കിലും അവർ കേട്ടില്ല. ഒപ്പമുണ്ടായിരുന്ന അധ്യാപകരും മുഖം തിരിച്ചു. പിന്നെ പരാതിക്കാരനെതിരെയുള്ള ക്രൂര വിനോദമായിരുന്നു. അദ്ദേഹത്തിന്റെ ചെരുപ്പ് ട്രെയിനിൽനിന്ന് പുറത്തെറിഞ്ഞു. മുഖത്ത് വെള്ളമൊഴിച്ചു. വിദ്യാർഥികൾ കോച്ചിൽ തുണി കെട്ടി മറച്ച് ലഹരിയും ഉപയോഗിച്ചിരുന്നുവെന്ന് റഫീഖ് പറയുന്നുണ്ട്. ഉപദ്രവത്തിൽ സഹികെട്ട റഫീഖ് പരാതിയെഴുതി ഉഡുപ്പി സ്റ്റേഷൻ മാസ്റ്റർക്ക് നൽകി. അവിടെനിന്ന് മംഗളുരു സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞു. അവിടെയും പരാതി നൽകി. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് റഫീഖ് പറയുന്നു.
ഗോവ സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടായില്ല. ടി.ടി.ഇയോട് കാര്യം ബോധിപ്പിച്ചുവെങ്കിലും അദ്ദേഹത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ട്രെയിനുകളിൽ ഈയടുത്തകാലത്തായി പെൺകുട്ടികൾക്ക് നേരെയുള്ള ഉപദ്രവവും മറ്റും വർധിച്ചു വരുന്നുണ്ട്. റെയിൽവേ മന്ത്രാലയം എടുക്കുന്ന നടപടികളൊക്കെ ഫയലിൽ കിടക്കുന്നുവെന്ന ആക്ഷേപമാണ് യാത്രക്കാർക്കുള്ളത്. ഈയടുത്ത ദിവസങ്ങളിലായി കാഴ്ച പരിമിതിയുള്ള ഒരു സ്ത്രീയെയും ഓഖ എക്സ്പ്രസ്സിൽ യാത്ര ചെയ്ത പെൺകുട്ടിയേയും ശല്യം ചെയ്ത മൂന്നുപേരെ കാസർകോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്രെയിനുകളിൽ ഉച്ചത്തിലുള്ള ഫോൺ കോളുകളും, പാട്ടുകളും ആട്ടവും കൈകൊട്ടി കളിയും ഇരിപ്പിടങ്ങളിൽ ഇടിച്ചും ശബ്ദമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയാൽ 1000 രൂപ പിഴയും ആറുമാസം തടവു ശിക്ഷയും ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരിക്കൽ ശിക്ഷ ലഭിച്ച യാത്രക്കാർ ഇത് ആവർത്തിച്ചാൽ പിഴത്തുക 5000 ആണ്. പലപ്പോഴും ഉച്ചത്തിലുള്ള പാട്ടും സംഗീതവും ട്രെയിനിലെ മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്നുവെന്നും അവരുടെ യാത്രയെയും വിശ്രമത്തെയും ബാധിക്കുന്നുവെന്നും വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ദക്ഷിണ റെയിൽവേയുടെ ഈ നടപടി. പലപ്പോഴും ഇത്തരം സംഭവങ്ങൾ ട്രെയിനുകളിൽ വലിയ തർക്കങ്ങൾക്കും കയ്യാങ്കളിക്കും കാരണമാവാറുമുണ്ട്.

