പിരമിഡുകളുടെ നാട്ടിൽ
text_fieldsമാസങ്ങൾക്ക് മുൻപേ യാത്രാ പദ്ധതികൾ തയാറാക്കി കുറഞ്ഞ ചിലവിൽ ലോകം ചുറ്റുന്നയാളാണ് അബൂദബി മുസഫയിൽ പ്രവാസിയായ ചന്ദ്രരാജ്. അദ്ദേഹം ഒടുവിൽ നടത്തിയ ഈജിപ്ഷ്യൻ യാത്രയുടെ അനുഭവങ്ങൾ
പ്രാചീന സപ്താത്ഭുതങ്ങളിൽ ഇന്നും താരതമ്യേന അവശേഷിക്കുന്ന അത്ഭുത നിർമിതിയാണല്ലോ പിരമിഡുകൾ. വർഷങ്ങൾ മുൻപുള്ള ശവശരീരങ്ങളെ പ്രത്യേക രീതിയിൽ സംസ്കരിച്ച് സൂക്ഷിച്ചു വെച്ചിരിക്കുന്ന മമ്മികൾ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും നീളമുള്ള നൈൽനദിയിലൂടെ ഒരു ക്രൂയിസ്, 100 വർഷങ്ങളോളം മണ്ണിൽ മൂടികിടന്ന മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള സ്ഫിങ്ക്സ്...അങ്ങനെ ഒരുപാട് കാര്യങ്ങൾ കാണണം എന്ന് കരുതിയാണ് ഇത്തവണ ക്ലിയോപാട്രയുടെ ഈജിപ്തിലേക്കാവാം യാത്ര എന്ന് തീരുമാനിച്ചത്.
വിസക്ക് അപേക്ഷിച്ചപ്പോഴാണ് ഇളയമോൾക്കു വിസ ലഭിക്കില്ല എന്ന വിവരം അറിഞ്ഞത്. പാസ്പോർട്ടിന്റെ കാലാവധി ആറുമാസത്തിൽ താഴെയാണെന്ന കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്!. പതിവ് പോലെ നല്ലൊരു ഓഫറിൽ എടുത്ത ടിക്കറ്റ് ആയതുകൊണ്ട് തന്നെ വിമാനടിക്കറ്റ് കാൻസൽ ചെയ്യാനും നിവർത്തിയില്ല. എല്ലാവർക്കും സങ്കടായി. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ഞാനും മൂത്ത മോളും കൂടി പോകാം. കുറിച്ചൊരു റിസ്കുണ്ട്. ഒന്നും അറിയാത്തൊരു നാട്ടിലൂടെ. എന്നാലും വരുന്നിടത്തുവെച്ചു നോക്കാം എന്ന് വിചാരിച്ച് യാത്ര തുടങ്ങി.
രാത്രി ഒൻപതു മണിയോടെ അലക്സാൻഡ്രിയയിലെ ബോർഗ് അൽ അറബ് വിമാനത്താവളത്തിൽ ലാൻഡ്ചെയ്തു. പതിവ് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പൾ സമയം 10.30. ഇനി ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്ക് പോകണം. 280 കിലോമീറ്ററുണ്ട്. ഏതാണ്ട് നാല് മണിക്കൂർ എടുക്കും. ഭക്ഷണം കഴിച്ചിട്ടില്ല. എയർപോർട്ടിൽ കടകളൊക്കെ ഉണ്ടാവും എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. എയർപോർട്ടിൽ നിന്നും 80 ഡോളറിനു ടാക്സി ചേട്ടനെ മുന്നെത്തന്നെ നെറ്റിലൂടെ പറഞ്ഞുറപ്പിച്ചിരുന്നു. രാത്രി രണ്ടു മണിക്കെങ്കിലും കയ്റോയിൽ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തുമായിരിക്കും എന്ന് കണക്കുകൂട്ടി മോളെയും കൊണ്ട്, പരസ്പരം ഭാഷ മനസിലാക്കാൻ പറ്റാത്ത ഡ്രൈവറുമായി മരുഭൂമിയിലെ റോഡിലൂടെ ടാക്സി യാത്ര തുടങ്ങി.
പിരമിഡ് കാണാൻ
രാവിലെ വാഹനങ്ങളുടെ ഹോൺ അടി ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത്. ഞങ്ങളുടെ ഹോട്ടൽ, നഗരത്തിലെ മ്യൂസിയത്തിന് അടുത്തുള്ള തഹ്രീർ സ്ക്വയർന്റെ സമീപത്താണ്. തലേദിവസം ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഹോട്ടലിലെ സൗജന്യപ്രാതൽ നന്നായിട്ടു തട്ടി. രാവിലെ പിരമിഡിലേക്കു പോകാം. ഞങ്ങൾ ടൗണിലേക്കിറങ്ങി. AD 969ൽ സ്ഥാപിതമായ കെയ്റോ നഗരം നൈൽ നദിയുടെ തീരത്താണ്. നഗര ഹൃദയത്തിൽ നിന്നും ഒരുമണിക്കൂർ യാത്രാചയ്താൽ പിരമിഡുകൾ നിൽക്കുന്ന ഗിസയിൽ എത്താം. കോവിഡ് കഴിഞ്ഞ് യാത്രകൾ പുനരാരംഭിച്ച് ഉഷാറായി വരുന്ന ലോകമായതുകൊണ്ടാവാം സാമാന്യം തിരക്കുണ്ട് പിരമിഡ് കാണാൻ.
ചരിത്രകാഴ്ചകളുടെ മഹാ കലവറയാണ് ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നായ ഈജിപ്ത്. നല്ലൊരു ശതമാനവും സഹാറ മരുഭൂമിയുടെ ഭാഗമാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, വാലി ഓഫ് കിങ്ങ്സ്, അസ്വാൻ തുടങ്ങി കുറെയുണ്ട് കാണാൻ. കെയ്റോ, അലക്സാൺഡ്രിയ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലും ആളുകൾ ജീവിക്കുന്നതെങ്കിലും ബാക്കിയുള്ളവർ നൈലിന്റെ നദീതടത്തിലുള്ള ചെറു ചെറു നഗരങ്ങളിലാണ് താമസം. വർണ്ണപ്പകിട്ടുകൾ ഒന്നുമില്ലാത്ത മണ്ണിന്റെ നിറമുള്ള നഗരമാണ് കെയ്റോ. അതുകൊണ്ടു തന്നെ മറ്റു പളപളപ്പൻ നഗരങ്ങളിൽ പോകുന്ന പോലെയല്ലാത്ത എന്തോ പഴമ ഫീൽ ചെയ്യും.
ഏതാണ്ട് 4500 വർഷങ്ങൾക്കു മുൻപേ, നാലാം രാജവംശത്തിലെ ഖുഫു ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഗിസയിലെ പിരമിഡ്, ഭൂമിയിൽ ഏറ്റവും പഴക്കമുള്ള ഉയരംകൂടിയ മനുഷ്യ നിർമ്മിത ശിൽപമായി ഇന്നും സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചങ്ങനെ നിൽക്കുന്നു. ചെറുപ്പം മുതലേ ചിത്രങ്ങളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലുപ്പം പ്രതീക്ഷിച്ചില്ല. അടുത്ത് ചെന്നപ്പോഴാണ് അതിന്റെ ഭീമാകാരത്വം മനസിലായത്.
ഒരു അത്ഭുത നിർമിതി. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും കരിങ്കല്ലുകളുമാണ് പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 20 മുതൽ 80 ടണ്ണോളം ഭാരമുള്ള കരിങ്കല്ലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഒരുലക്ഷം ആളുകൾ 20 വർഷം പണിചെയ്താണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് പറയപ്പെടുന്നു. കല്ലുകൾ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത് എന്നാണ് പഠനങ്ങൾ. 4500 വർഷങ്ങളൾക്ക് മുന്നേയെന്നു ഓർക്കണേ!! അടുത്ത് ചെല്ലുമ്പോഴാണ് ഓരോ കല്ലുൾക്കും നമ്മളെക്കാൾ വലുപ്പമുണ്ടെന്നു തിരിച്ചറിയുക. മരണവുമായി ബന്ധപ്പെട്ടവ തന്നെയാണ് പിരമിഡുകൾ. മരണാന്തര ജീവിതത്തിനായി ഫറോവമാർ തങ്ങളുപയോഗിച്ച എല്ലാ സ്ഥാപരജംഗമ വസ്തുക്കളും സ്വർണവും രത്നങ്ങളും അങ്ങനെ എല്ലാം മമ്മിഫിക്കേഷൻ ചെയ്ത മൃതദേഹത്തോടൊപ്പം അതിനുള്ളിൽ സ്ഥാപിക്കുന്നു.
കുഫുവിന്റെ പിരമിഡ്, മകൻ കാഫ്രയുടെ പിരമിഡ്, കാഫ്രയുടെ പുത്രൻ മങ്കാരയുടെ പിരമിഡ് അങ്ങനെ നിരവധി നിർമിതികൾ നമുക്കവിടെ കാണാം. പിരമിഡിനുള്ളിലേക്ക് പോകാൻ മറ്റൊരു ടിക്കറ്റ് എടുക്കണം. അൽപം സാഹസികമാണ് അതിനുള്ളിലൂടെയുള്ള നുഴഞ്ഞു കയറ്റം. കുത്തനെ കയറ്റിറക്കങ്ങളും ഉള്ളിലെ നല്ല ചൂടും... ഉള്ളിലുണ്ടായിരുന്ന മമ്മികൾ എല്ലാം നീക്കം ചെയ്തിരുന്നതിനാൽ ആ സാഹസത്തിനു മുതിർന്നില്ല.
അത്യപൂർവം സ്പിങ്ക്സ് പ്രതിമ:
അത്യപൂർവ കാഴ്ചയാണ് സ്പിങ്ക്സ് പ്രതിമ. നൈലിന്റെ പടിഞ്ഞാറെക്കരയിൽ ഖഫ്രെയുടെ പിരമിഡിന്റെ കുറച്ചകലെയാണിത്. ശില്പത്തിന്റെ മുഖം ഖഫ്രെ ഫറവോയെ പ്രതിനിധീകരിക്കുന്നതാണെന്ന് കരുതുന്നു. പാദം മുതൽ വാൽ വരെ 73 മീറ്ററോളം നീളവും കീഴ്ഭാഗം മുതൽ ശിരസ്സ് വരെ ഏതാണ്ട് 21 മീറ്ററോളം വലിപ്പവുമുണ്ട്. ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പുരാതന ശില്പങ്ങളിൽ ഒന്നാണ് സ്ഫിങ്ക്സ്. ക്രിസ്തുവിന് 2500 വർഷങ്ങൾക്ക് മുൻപാണിത് പണികഴിപ്പിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. വളരെ നാളുകൾ മണൽ മൂടികിടന്ന സ്ഫിങ്ക്സ് പ്രതിമയെ ഉദ്ഖനനം ചെയ്തത് ബി.സി 1400 ൽ വീണ്ടെടുത്തത് ഫറവോ ആയിരുന്ന തുത്മോസ് നാലാമനാണ്. ആ കാലഘട്ടത്തെ ഓർത്തുകൊണ്ട് അവിടെ നിൽക്കുമ്പോൾ വല്ലാത്തൊരു ആവേശം നമ്മളിൽ നിറയുന്നു. പുരാതന ക്ഷേത്രങ്ങളും അതോടനുബന്ധിച്ചു നമുക്കവിടെ കാണാൻ കഴിയും.
ഒട്ടകപ്പുറത്തേറിയുള്ള സവാരി ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രിയപ്പെട്ട ഒന്നാണ്. ധാരാളം ഒട്ടകങ്ങൾ സഞ്ചാരികളെയും കാത്തു കിടക്കുന്നു. രാത്രിയിൽ നല്ല തണുപ്പായിരുന്നെങ്കിലും പകൽ വെയിലടിക്കുമ്പോൾ സുഖകരമായ ഒരു കാലാവസ്ഥ. നിരവധി ചരിത്ര നിർമിതികൾ കണ്ടും അറിഞ്ഞും അന്നത്തെ ദിവസം അവിടെ കൂടി. വൈകുന്നേരത്തോടെ കൈറോയിൽ തിരിച്ചെത്തി. പകൽ മുഴുവൻ ഹിസ്റ്ററി പഠിച്ചു ബോറടിച്ച മകൾക്ക് ഇതെന്തൊരു യാത്രയാണെന്ന് ചോദിക്കും മുൻപേ, എന്നാപ്പിന്നെ ഒരു അടിപൊളി ഡിന്നർ ക്രൂയിസിന് പോകാമെന്നു വാക്ക് കൊടുത്തു. അങ്ങനെ നൈലിന്റെ പരപ്പിലൂടെ ബോട്ടിൽ ഭക്ഷണവും ബെല്ലിഡാൻസും ആസ്വദിച്ചുകൊണ്ട് വർണ വിളക്കുകൾ പ്രശോഭിപ്പിക്കുന്ന നഗരത്തെ മറ്റൊരു ആംഗിളിൽ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

