കുട്ടിപ്പുല്ലിൽ രാപ്പാർക്കാം, ഉല്ലസിക്കാം
text_fieldsനടുവിൽ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ല് ടൂറിസം കേന്ദ്രം
കണ്ണൂർ: പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി തദ്ദേശ സ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നടുവിൽ പഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടിപ്പുല്ല് പാർക്ക് പദ്ധതി ഒരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്തായി ഒരുക്കുന്ന പാർക്കിനും റിസോർട്ടിനുമായി ടൂറിസം വകുപ്പിന്റെ 49.80 ലക്ഷം രൂപയും പഞ്ചായത്തിന്റെ 33.20 ലക്ഷം രൂപയും ചേർത്ത് 83 ലക്ഷം രൂപക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. ഇതിൽ പഞ്ചായത്തിന്റെ വിഹിതം ചെലവഴിച്ചതിന് ശേഷമാണ് ടൂറിസം വകുപ്പിന്റെ വിഹിതം ലഭിക്കുക.
ജില്ലയിൽ ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് കുട്ടിപ്പുല്ല് പാർക്ക് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ഇതിന്റെ ആദ്യഘട്ടത്തിൽ പാർക്കും സഞ്ചാരികളുടെ താമസസൗകര്യത്തിനായി രണ്ട് കോട്ടേജുകളും വിശ്രമ മുറിയുമാണ് ഒരുക്കുന്നത്. പാർക്കിങ് ഏരിയ, സ്വിമ്മിങ് പൂൾ, മിനി ആംഫി തിയറ്റർ, റസ്റ്റാറൻറ്, റിസപ്ഷൻ ഏരിയ തുടങ്ങിയവയുടെ പണിയും ഈ ഘട്ടത്തിൽ പൂർത്തിയാക്കും.
രണ്ടാം ഘട്ടത്തിൽ മൂന്ന് കോട്ടേജുകൾ, ജിം, മിനി ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കായുള്ള കളിസ്ഥലം, വൈ-ഫൈ സോൺ തുടങ്ങിയവയാണ് നിർമിക്കുക. പാർക്ക് ഒരുക്കുന്നതിന്റെ ഭാഗമായി റോഡുകളുടെ സൗന്ദര്യവത്കരണം, വഴിയോര ലൈറ്റുകൾ, പാർക്കിനായുള്ള കെട്ടിടനിർമാണം എന്നിവ കൂടി കുട്ടിപ്പുല്ലിൽ സാധ്യമാക്കും. ഓഫിസ്, റസ്റ്റാറന്റ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, ടോയിലറ്റ് സൗകര്യം തുടങ്ങിയവയാണ് പാർക്കിനായി ഒരുക്കുന്ന കെട്ടിടത്തിലുണ്ടാവുക. പദ്ധതി പൂർത്തിയാവുന്നതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. മലയോര മേഖലയായതിനാൽ ജീപ്പ് സവാരിയിലൂടെ ജീപ്പ് ഡ്രൈവർമാർക്ക് തൊഴിൽ ലഭിക്കും. അതോടൊപ്പം പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങൾ റിസോർട്ടിലേക്ക് വിലയ്ക്ക് നൽകുന്നതോടെ അവർക്കും വരുമാന മാർഗം സൃഷ്ടിക്കാൻ കഴിയും.
കുട്ടിപ്പുല്ല് പ്രകൃതിയുടെ വരദാനം
3,000ത്തിലധികം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോലവനവും കാട്ടരുവിയും പച്ചവിരിച്ച പുൽമേടുമായി പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ടൂറിസം കേന്ദ്രമാണ്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന പ്രദേശമായതിനാൽ അവ നിലനിർത്തികൊണ്ട് തന്നെ റിസോർട്ടുകൾ പണിയും. മണ്ണിന് പ്രശ്നമുണ്ടാകാത്ത രീതിയിലാണ് കെട്ടിടങ്ങൾ നിർമിക്കുക. ഇത് മഴവെള്ളത്തിന്റെ ഒഴുക്കിനും അനുകൂലാന്തരീക്ഷം സൃഷ്ടിക്കും. ഒരു വർഷം കൊണ്ട് പദ്ധതി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ പൈതൽ മലയും പാലക്കയംതട്ടും കഴിഞ്ഞാൽ ഏറെ പ്രിയമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കുട്ടിപ്പുല്ല്. കോടമഞ്ഞ് പുതച്ചും പച്ചവിരിച്ചും കുട്ടിപ്പുല്ല് സഞ്ചാരികളെ ആകർഷിക്കുന്നു. നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്.
ഇതിന്റെ സാധ്യതകൾ മനസ്സിലാക്കിയാണ് പഞ്ചായത്ത് ഇവിടെ ടൂറിസം വികസനത്തിനുള്ള നടപടികളാരംഭിച്ചത്. പൈതൽ മലക്കും പാലക്കയംതട്ടിനും ഇടയിലായിട്ടാണ് കുട്ടിപ്പുല്ല്. പൈതൽ മലയുടെ പടിഞ്ഞാറൻ ചെരിവ് കൈയെത്തുംദൂരത്തിൽ കുട്ടിപ്പുല്ലിൽനിന്ന് വീക്ഷിക്കാം.
കുടിയാന്മല പാത്തൻപാറ മൈലംപെട്ടി എന്നീ വഴികളിലൂടെ കുട്ടിപ്പുല്ലിലേക്ക് എത്തിച്ചേരാം. കരുവൻചാൽ-പാത്തൻപാറ വഴിയും കുടിയാന്മല റോഡിൽ നൂലിട്ടാമല എന്ന സ്ഥലത്തിനടുത്തുനിന്ന് മൂന്ന് കിലോമീറ്റർ ദൂരം യാത്ര ചെയ്താലും ഇവിടെ എത്താം. തളിപ്പറമ്പിൽനിന്ന് 41 കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം. കുടിയാന്മലയിൽ നിന്ന് കവരപ്ലാവ് വഴി നേരിട്ടും ഇവിടെ എത്തിച്ചേരാം.
ഡെസ്റ്റിനേഷൻ ചലഞ്ച്
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതിക്ക് ആവശ്യമായ ധനവിനിയോഗം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

