സഞ്ചാരികൾക്ക് സ്വാഗതമേകാൻ ഹിമാചൽ; കുളു-മണാലിയിൽ ഹോട്ടലുകൾ തുറക്കുന്നു
text_fieldsകടപ്പാട്: ട്രാവൽട്രയാങ്കിൾ.കോം
ഷിംല: കോവിഡ് ലോക്ഡൗണിനെ തുടർന്ന് കുളു-മണാലിയിൽ അടച്ച ഹോട്ടലുകൾ വീണ്ടും തുറക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ ഹോട്ടലുകൾ തുറക്കാനാണ് തീരുമാനം. ലോക്ഡൗണിനെ തുടർന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് കുളു-മണാലയിൽ തൊഴിൽ നഷ്ടമായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിതമായ വിനോദസഞ്ചാരം ഉറപ്പ് വരുത്താൻ ധാബ ഉടമകൾ, ടാക്സി ഓപ്പറേറ്റർമാർ, സാഹസിക വിനോദങ്ങൾ സംഘടിപ്പിക്കുന്ന ഓപ്പറേറ്റർമാർ എന്നിവരെ ബോധവൽക്കരിക്കുമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന പ്രസിഡൻറ് അനുപ് താക്കൂർ പറഞ്ഞു.
വിനോദസഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കുളുവും മണാലിയും. ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരങ്ങളിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

