വയനാട്ടിൽ കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും
text_fieldsകൽപറ്റ: വിനോദ സഞ്ചാരികള്‍ക്കായി വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും നൈറ്റ് ജംഗിള്‍ സഫാരി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍നിന്നാണ് യാത്ര ആരംഭിക്കുക. പുല്‍പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി ദേശീയപാതയിലൂടെ 60 കിലോമീറ്റര്‍ യാത്ര ചെയ്യാം. വൈകീട്ട് ആറു മുതല്‍ രാത്രി 10 വരെയാണ് യാത്ര. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കും. ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കായി വിശ്രമ മന്ദിരം നിര്‍മിച്ചത്.
ചുരുങ്ങിയ ചിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനാണ് ബജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസ്സ് ഒരുക്കിയത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ എ.സി ഡോര്‍മെറ്ററികളാണ് സ്ലീപ്പര്‍ ബസ്സിലുള്ളത്. കുടുംബസമേതം താമസിക്കാനായി പ്രത്യേകം രണ്ട് എ.സി മുറികളും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പര്‍ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തില്‍ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ആകെ 32 പേര്‍ക്ക് താമസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

