കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സർവീസ് ടോപ് ഗിയറിൽ; 10 ദിവസം, 869 സഞ്ചാരികൾ, 2.99 ലക്ഷം വരുമാനം
text_fieldsമൂന്നാറിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്
തൊടുപുഴ: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം. യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജികരിച്ചിട്ടുള്ളത്.
ലോവർ സീറ്ററിൽ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പർ സീറ്റിൽ 38 പേർക്ക് യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാനാകും. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണ് ഉള്ളത്.
രാവിലെ ഒൻപതിന് മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിൻ്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചക്ക് 12 ന് തിരിച്ചെത്തുന്നതാണ് ആദ്യ ട്രിപ്പ്. തുടർന്ന് 12.30 ന് പുറപ്പെട്ട് 3.30 ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴിന് തിരികെയെത്തും. മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈർഘ്യം.
മുന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിൻ്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും, onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. നിലവിൽ വിദേശ വിനോദസഞ്ചാരികളാണ് ഡബിൾ ഡക്കർ യാത്ര കൂടുതലും പ്രയോജനപ്പെടുത്തുന്നത്. വേനലവധിയാകുന്നതോടെ തദ്ദേശിയരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

