50 ശതമാനം ക്യാഷ്ബാക്ക് നേടാം, കെഎസ്ആർടിസി യാത്രയിൽ ഇനി പണമടയ്ക്കൽ എളുപ്പം; പുതിയ സൗകര്യങ്ങളോടെ ചലോ ആപ്
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ബസുകളുടെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും മൊബൈൽ ടിക്കറ്റുകളും പാസുകളും എടുക്കാനും സഹായിക്കുന്ന ചലോ ആപ്പിൽ ഇനി പുതിയ സൗകര്യങ്ങൾ. യാത്രക്കാർക്ക് ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ എളുപ്പമാക്കാൻ ‘സ്കാൻ ആൻഡ് പേ’, ‘ചലോ യു.പി.ഐ’ സൗകര്യങ്ങളാണ് പുതുതായി അവതരിപ്പിച്ചത്.
ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യു.പി.ഐ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ആപ് വഴി നേരിട്ട് പണമടക്കുന്നതാണ് സ്കാൻ ആൻഡ് പേ സംവിധാനം. ചലോ ആപ്പിൽത്തന്നെ യു.പി.ഐ പിൻ നൽകി പണമടക്കാൻ കഴിയുന്നതാണ് ചലോ യു.പി.ഐ സൗകര്യം. ഇതിനായി മറ്റ് യു.പി.ഐ ആപ്പുകളിലേക്ക് മാറേണ്ടതില്ല എന്നതാണ് സവിശേഷത.
പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് നവംബർ 30 വരെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഓരോ യോഗ്യമായ ഇടപാടിനും 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
ഒരു ഇടപാടിൽ ലഭിക്കുന്ന പരമാവധി ക്യാഷ്ബാക്ക് തുക 10 രൂപയാണ്. കുറഞ്ഞ ഇടപാട് തുക അഞ്ച് രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ലഭിക്കുന്ന ക്യാഷ്ബാക്ക് 24 മണിക്കൂറിനുള്ളിൽ ഭീം (BHIM) ആപ്പിലൂടെ ലഭിക്കും.
നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ പുതിയ സൗകര്യങ്ങൾ ലഭ്യമാകുക. ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ കാണുന്നില്ലെങ്കിൽ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
നേരത്തെ, യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവും ചലോ ആപ്പിൽ അവതരിപ്പിച്ചിരുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
യാത്രക്കാർക്ക് ഓരോ യാത്രക്കു ശേഷവും തങ്ങളുടെ യാത്രാനുഭവം ചലോ ആപ്പ് വഴി രേഖപ്പെടുത്താവുന്നതാണ്. യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് റേറ്റിങ് നൽകുന്നതിനൊപ്പം യാത്രക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം. ചലോ ആപ്പിലൂടെ ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ശേഖരിച്ച് വിശകലനം ചെയ്യുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്.

