ടൂറിസത്തിന് ഗൈഡാവാന്‍ ജില്ലക്ക് സ്വന്തം 'കോട്ടയം ടൂറിസം ആപ്'
text_fieldsടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ആപ്ലിക്കേഷന്‍
കോട്ടയം: ജില്ലയിലെ വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്താനും സഞ്ചാരികളെ സഹായിക്കാനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി. കോട്ടയം ടൂറിസം എന്നപേരില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ബാക്ക്വാട്ടേഴ്സ്, പിക്നിക് സ്പോട്ട്സ്, ഹെറിട്ടേജസ്, ഹില്‍ സ്റ്റേഷന്‍സ്, പില്‍ഗ്രിം സെന്റേഴ്സ്, ആയുര്‍വേദ സെന്റേഴ്സ്, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകളും ഗെസ്റ്റ് ഹൗസുകളും റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, സര്‍വിസ്ഡ് വില്ലകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനിലുള്ളത്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും അതിന്റെ മനോഹരമായ ചിത്രവും ചെറുവിവരണക്കുറിപ്പും അവിടെ എത്താനുള്ള ഗൂഗിള്‍ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്ഥലവും ലഭിക്കും. വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം, അവിടേക്കുള്ള ദൂരം എന്നിവയും ലഭ്യമാണ്.
കോട്ടയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെക്കുറിച്ച് വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എക്സ്പ്ലോര്‍ കുമരകം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക്ചെയ്താല്‍ കുമരകത്തെ ബോട്ട് റേസുകള്‍, സ്പോട്ട് ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട് ഓപറേറ്റര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിക്കുമെന്ന് ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങള്‍, ഉൽപന്നങ്ങള്, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

