കൊച്ചി മെട്രോയിൽ ഇനി കൂടുതൽ സർവിസ്; രാവിലെയും വൈകീട്ടും 6.45 മിനിറ്റ് ഇടവേള മാത്രം
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ സർവിസുകളുടെ എണ്ണം വർധിപ്പിച്ച് കൊച്ചി മെട്രോ. ഈ സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്, നാളെ മുതൽ (ജൂലൈ 22) കൂടുതൽ സർവിസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
രാവിലെ 8.00 മുതൽ 10.00 വരെയും, വൈകീട്ട് 4.00 മുതൽ 7.00 വരെയുമുള്ള പീക്ക് അവേഴ്സിൽ ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളകളിൽ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവിസുകൾ കൂടി പുതുതായി ആരംഭിക്കും.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലെ തിരക്ക് കുറക്കാനും യാത്ര കൂടുതൽ സുഗമമാക്കാനുമാണ് ഈ ക്രമീകരണം. കഴിഞ്ഞ മൂന്ന് മാസമായി മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ സ്ഥിരമായ വർധന രേഖപ്പെടുത്തിയിരുന്നു.
ഈ പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറക്കാൻ സാധിക്കും. കൂടാതെ, തിരക്ക് നിയന്ത്രിക്കാനും കൂടുതൽ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
അതേസമയം, അധിക സർവിസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.
കൊച്ചി മെട്രോയുടെ നോൺ-ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിർമിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) കൊച്ചി കാമ്പസ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കെ.എം.ആർ.എല്ലും ഐ.ഐ.എം കോഴിക്കോടും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ബിൽഡ് -ടു -സ്യൂട്ട് മാതൃകയിലാണ് കാമ്പസ് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

