സാങ്കേതിക തികവും മികച്ച യാത്രാനുഭവവും; കൊച്ചി മെട്രോക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ
text_fieldsകൊച്ചി: മികച്ച യാത്രാനുഭവം നൽകുന്നതിൽ കൊച്ചി മെട്രോ പുലർത്തുന്ന മികവിന് വീണ്ടും ദേശീയ അംഗീകാരം. പ്രവർത്തന മികവിലും നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കിയതിലും കൈവരിച്ച നേട്ടത്തിന്, കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയങ്ങളുടെ പുരസ്കാരമാണ് കൊച്ചിയെ തേടിയെത്തിയത്.
വിവിധ ഗതാഗത സംവിധാനങ്ങളെ സംയോജിപ്പിച്ച് യാത്ര സുഗമമാക്കിയതിന് മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷൻ വിഭാഗത്തിലുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സാങ്കേതികവിദ്യ അധിഷ്ഠിതമായ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ നടപ്പിലാക്കിയതിന് പ്രത്യേക പ്രശംസാപത്രവുമാണ് കൊച്ചി മെട്രോക്ക് ലഭിക്കുക.
ഒഡീഷയിലെ ഭുവനേശ്വറിൽ ഒക്ടോബർ 23, 24 തീയതികളിലായി നടക്കുന്ന 19-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കേന്ദ്രമന്ത്രി മനോഹർ ലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
നിലവിൽ ആലുവ -തൃപ്പൂണിത്തുറ റൂട്ടിലാണ് മെട്രോ സർവിസ്. രണ്ടാംഘട്ടമായ പാലാരിവട്ടം -ഇൻഫോപാർക്ക് പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി 11.20 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പാത. ഈ റൂട്ടിൽ 11 മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും.
ആകെയുള്ള 2028 പൈലുകളിൽ 1877 എണ്ണവും 470 തൂണുകളിൽ 397 എണ്ണവും പൂർത്തിയായി. കൂടാതെ 346 യു-ഗർഡറുകളും 136 ഐ-ഗർഡറുകളും സ്ഥാപിച്ചതോടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പാലം (വയഡക്റ്റ്) സജ്ജമായി. ബാലസ്റ്റ് ലെസ് ട്രാക്കിനായി ആവശ്യമായ 2,700 മെട്രിക് ടൺ (44 കിലോ മീറ്റർ) റെയിലുകൾ ഇതിനകം കൊച്ചിയിൽ എത്തിച്ചു.
ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. സിവിൽ ലൈൻ റോഡിലും ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലും മീഡിയൻ നിർമാണവും ആരംഭിച്ചു.
അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് പ്രധാന സിവിൽ നിർമാണ ചുമതല. കൃത്യമായ ഏകോപനത്തോടെ നിർമാണം പൂർത്തിയാക്കി അടുത്ത വർഷം ആഗസ്റ്റിൽ പിങ്ക് ലൈനിൽ സർവിസ് ആരംഭിക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

